നിക്ഷേപകരേ, ഇതിലേ...
text_fieldsഷാർജ: 80 വർഷക്കാലം നിക്ഷേപകനായി തുടർന്ന ലോകത്തിലെ വലിയ കോടീശ്വരൻ വാറൻ ബഫറ്റ് ആദ്യ ഓഹരി വാങ്ങുമ്പോൾ പ്രായം വെറും 11 വയസ്സ്. 1942ൽ 38 ഡോളർ നൽകിയാണ് സിറ്റി സർവിസ് പ്രഫേഡിന്റെ ആറ് ഓഹരി അദ്ദേഹം സ്വന്തമാക്കിയത്. പേരക്കുട്ടികളുടെ ഐ ഫോൺ ഭ്രമം കണ്ടാണ് ആപ്പിൾ കമ്പനിയിൽ നിക്ഷേപിക്കാൻ ഒരുങ്ങിപ്പുറപ്പെട്ടത്. പിന്നീട് ലോകംകണ്ട വലിയ നിക്ഷേപകനായി മാറിയ വാറൻ ബഫറ്റ് നിക്ഷേപകർക്ക് നൽകിയ ഉപദേശം ഇതാണ് ‘ഏക വരുമാനത്തെ മാത്രം ഒരിക്കലും ആശ്രയിക്കരുത്. രണ്ടാമത്തെ വരുമാനമുണ്ടാക്കാനുള്ള മാർഗം സൃഷ്ടിക്കുന്നതാകണം നിങ്ങളുടെ ഓരോ നിക്ഷേപവും’.
പ്രമുഖ സംരംഭകയും എഴുത്തുകാരിയുമായ രശ്മി ബൻസാൽ പറഞ്ഞതിങ്ങനെ ‘സംരംഭകരെ പിന്തുണക്കാൻ ആരുമുണ്ടാകില്ല. ക്ഷമയാണ് പ്രധാനം. നിങ്ങളെന്തു മണ്ടത്തമാണ് കാട്ടിയതെന്ന് ലോകം ചോദിക്കും. ആ മണ്ടത്തത്തിൽ ഉറച്ചുനിൽക്കാൻ സാധിക്കണം. നിങ്ങൾ വിജയം നേടുമ്പോൾ നിങ്ങളുടെ മാതാപിതാക്കൾ ലോകത്തോട് പറയും ഇതെന്റെ മകനാണ്, മകളാണെന്ന്’.
ചെറിയ നിക്ഷേപങ്ങളിൽ തുടങ്ങി ആഗോളനിക്ഷേപകരായി മാറിയവരെ തേടി അകലെയൊന്നും പോകേണ്ടതില്ല, മലയാളികളുടെ സ്വന്തം എം.എ. യൂസുഫലിയും ഡോ. ആസാദ് മൂപ്പനുമെല്ലാം പതിറ്റാണ്ടുകൾക്കു മുമ്പ് ദീർഘവീക്ഷണത്തോടെ നടത്തിയ ചെറു നിക്ഷേപങ്ങളാണ് വളർന്നുപന്തലിച്ച് ബിസിനസ് സാമ്രാജ്യങ്ങളായി മാറിയത്.
ഒന്നുമില്ലായ്മയിൽനിന്ന് ചെറിയ നിക്ഷേപങ്ങളിലൂടെ വലിയ ബിസിനസ് ലോകത്തിലേക്ക് കാലെടുത്തുവെച്ച മഹാരഥന്മാരുടെ മാതൃക പിൻപറ്റാൻ കൊതിക്കുന്നവർക്കും നിലവിലെ നിക്ഷേപം മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നവർക്കും സുരക്ഷിതമായ നേർവഴി കാണിക്കുന്നതിന് ‘ഗൾഫ് മാധ്യമം’വേദിയൊരുക്കുന്നു.
ഷാർജ എക്സ്പോ സെന്ററിൽ നടക്കുന്ന മിഡിൽ ഈസ്റ്റിലെ വലിയ ഇന്ത്യൻ വാണിജ്യ, സാംസ്കാരിക, വിനോദമേള ‘കമോൺ കേരള’യുടെ മുന്നോടിയായി മേയ് 18ന് ഷാർജ ചേംബർ ഓഫ് കോമേഴ്സിൽ ഇൻവെസ്റ്റ്മെന്റ് സമ്മിറ്റ് സംഘടിപ്പിക്കും.
ഷാർജ ചേംബർ ഓഫ് കോമേഴ്സിന്റെയും ഷാർജ ടൂറിസം ആൻഡ് കോമേഴ്സ് ഡെവലപ്മെന്റ് അതോറിറ്റിയുടെയും പിന്തുണയോടെ ‘സുരക്ഷിതമായി നിക്ഷേപിക്കൂ, സ്മാർട്ടായി വളരൂ’എന്ന പ്രമേയത്തിൽ നടക്കുന്ന നിക്ഷേപക സംഗമത്തിൽ ഇന്ത്യയിലെയും യു.എ.ഇയിലെയും പ്രമുഖർ പങ്കെടുക്കും. റിയൽ എസ്റ്റേറ്റ്, സ്വർണം, ആരോഗ്യം, വിനോദസഞ്ചാരം, യാത്ര, ഐ.ടി തുടങ്ങി വിവിധ മേഖലകളിലെ നിക്ഷേപ സാധ്യതകളിലേക്ക് വാതിൽ തുറക്കുന്നതായും ഇൻവെസ്റ്റ്മെന്റ് സമ്മിറ്റ്. ക്രിപ്റ്റോ കറൻസിയുടെ സാധ്യതകളും കോർപറേറ്റ് നികുതിയുണ്ടാക്കുന്ന മാറ്റങ്ങളുമെല്ലാം ചർച്ചയാകും. യു.എ.ഇയിലും കേരളത്തിലും നിക്ഷേപിക്കുന്നവരും നിക്ഷേപിക്കാനാഗ്രഹിക്കുന്നവരും തീർച്ചയായും കേട്ടിരിക്കേണ്ട സെഷനുകളും പാനൽ ഡിസ്കഷനുമാണ് അണിയറയിൽ ഒരുങ്ങുന്നത്.
നിക്ഷേപകർക്ക് മുന്നിൽ അവസരങ്ങളുടെ വാതായനങ്ങൾ തുറന്നിട്ടിരിക്കുന്ന നാടാണ് യു.എ.ഇ. ഇവിടെ നിക്ഷേപിച്ച് വിജയിക്കുക എന്നാൽ ലോകവിപണിയിലേക്ക് വാതിൽ തുറക്കുക എന്നാണ് അർഥം. മനസ്സിൽ സംരംഭകത്വത്തിന്റെ തീപ്പൊരി സൂക്ഷിക്കുന്ന ഓരോരുത്തരെയും ആഗോള നിക്ഷേപകരാകാൻ സ്വാഗതം ചെയ്യുകയാണ് ഇൻവെസ്റ്റ്മെന്റ് സമ്മിറ്റ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

