നിക്ഷേപത്തട്ടിപ്പ്: 50,000 ദിര്‍ഹം നഷ്ടപരിഹാരത്തിന് വിധി; തട്ടിയെടുത്ത 10 ലക്ഷം ദിർഹവും തിരികെ നൽകണം
text_fieldsഅബൂദബി: നിക്ഷേപത്തട്ടിപ്പിനിരയായ യുവതിക്ക് 50,000 ദിർഹം നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് അബൂദബി ഫാമിലി, സിവില്‍ ആന്‍ഡ് അഡ്മിനിസ്ട്രേറ്റീവ് ക്ലെയിംസ് കോടതി. യുവതിയിൽനിന്ന് തട്ടിയെടുത്ത 10,53,657 ദിര്‍ഹവും കോടതി ചെലവും പ്രതി നൽകണമെന്നും കോടതി നിർദേശിച്ചു. ലാഭം വാഗ്ദാനം ചെയ്താണ് യുവാവ് നിക്ഷേപത്തിന് നിർബന്ധിച്ചതെന്നും കയ്യിൽ പണമില്ലാത്തതിനാല്‍ ബാങ്ക് വായ്പ എടുപ്പിക്കുകയായിരുന്നുവെന്നും യുവതി ചൂണ്ടിക്കാട്ടി.
6,18,809 ദിര്‍ഹമാണ് ബാങ്കിൽനിന്ന് വായ്പയെടുത്തത്. ഈ പണം ഇയാളുടെ അക്കൗണ്ടിലേക്ക് പല തവണകളായി അയച്ചുനല്‍കി. ഇതിനുപുറമേ കൈയിലുണ്ടായിരുന്ന പണവും ഇയാള്‍ക്ക് കൈമാറി. ബാങ്ക് വായ്പ പലിശയും മുതലും അടക്കം അടച്ചുതീര്‍ത്തുകൊള്ളാമെന്നായിരുന്നു യുവാവിന്‍റെ വാഗ്ദാനം. എന്നാല്‍ പണം കൈപ്പറ്റിയ ശേഷം പ്രതി മുങ്ങുകയായിരുന്നു. കൂടാതെ മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്യുകയും യുവതിയെ സാമൂഹമാധ്യമങ്ങളില്‍ ബ്ലോക്ക് ചെയ്യുകയും ചെയ്തു. ഇതോടെയാണ് യുവതി തട്ടിപ്പ് തിരിച്ചറിഞ്ഞതും നിയമനടപടി സ്വീകരിച്ചതും. ബാങ്ക് വായ്പയുടെ പലിശയും നഷ്ടപരിഹാരമായി ഒരു ലക്ഷം ദിര്‍ഹവുമാണ് യുവതി കോടതിയില്‍ ആവശ്യപ്പെട്ടത്.
ഇരുവരുടെയും വാദം കേട്ട കോടതി പ്രതി യുവതിക്ക് 50,000 ദിര്‍ഹം നഷ്ടപരിഹാരമടക്കം 10,83,657 ദിര്‍ഹം നല്‍കാന്‍ നിര്‍ദേശിക്കുകയായിരുന്നു. എന്നാല്‍, യുവാവ് ഈ വിധിക്കെതിരെ അപ്പീല്‍ പോകുകയും തന്‍റെ ബിസിനസ് നഷ്ടം നേരിട്ടുവെന്നും ഇതുമൂലം പണം യുവതിക്കു തിരിച്ചുനല്‍കാന്‍ സാവകാശം വേണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ ഇയാളുടെ ബിസിനസ് നിലവിലുണ്ടെന്ന് കണ്ടെത്താനാകാത്ത സാഹചര്യത്തിൽ കോടതി അപ്പീല്‍ തള്ളുകയും മുന്‍ വിധി ശരിവയ്ക്കുകയുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

