നിക്ഷേപതട്ടിപ്പ് കേസിൽ 1.6 ലക്ഷം ദിര്‍ഹം നല്കാന് വിധി
text_fieldsഅബൂദബി: നിക്ഷേപതട്ടിപ്പ് കേസിലെ ഇരക്ക് 1.6 ലക്ഷം ദിര്‍ഹം നല്കാന് നിര്‍ദേശം നല്കി കോടതി. സ്വകാര്യ കമ്പനികളുണ്ടെന്നും ഇതില്‍ നിക്ഷേപം ഇറക്കാമെന്നും പറഞ്ഞ് എതിർകക്ഷി പണം വാങ്ങി കബളിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതിക്കാരന് കോടതിയിലെത്തിയത്. പ്രതിയുടെ ആവശ്യപ്രകാരം രണ്ടുതവണയായി 1.5 ലക്ഷം ദിര്‍ഹം നല്‍കിയിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയ പരാതിക്കാരൻ, കൈപ്പറ്റിയെന്ന് സ്ഥിരീകരിച്ച് പ്രതി ഒപ്പിട്ടുനല്‍കിയ രസീതും കോടതിയില്‍ ഹാജരാക്കുകയുണ്ടായി. പരാതിക്കാരന് പിന്നീട് ഫോണ്‍ വിളിച്ചെങ്കിലും ഇയാള്‍ എടുക്കാന്‍ കൂട്ടാക്കിയില്ലെന്നും പരാതിയിൽ ആരോപിച്ചു.
കേസ് പരിഗണിച്ച കോടതി അക്കൗണ്ടന്റിനെ നിയോഗിച്ചു നടത്തിയ പരിശോധനയില്‍ പ്രതി പങ്കാളിത്ത ബിസിനസ് വാഗ്ദാനം ചെയ്ത് പരാതിക്കാരനില്‍നിന്ന് പണം കൈപ്പറ്റിയിരുന്നുവെന്നും ഇതിനായി അനൗദ്യോഗികമായി നിക്ഷേപ കരാറില്‍ ഒപ്പിട്ടുനല്കിയിരുന്നുവെന്നും കണ്ടെത്തി. കരാര്‍ പൂര്‍ത്തിയാക്കുന്നതില്‍ പ്രതി പരാജയപ്പെടുകയും ഇതിനുശേഷം മൂലധനമടക്കം നഷ്ടമായെന്ന് അവകാശപ്പെടുകയുമായിരുന്നു. പരാതിക്കാരന്റെ ഭാഗം ശരിയാണെന്ന് ബോധ്യപ്പെട്ട കോടതി നിക്ഷേപത്തിനായി നല്കിയ പണവും നഷ്ടപരിഹാരവും അടക്കം യുവാവിന് നല്കാന് ഉത്തരവിടുകയായിരുന്നു. പണം നല്കുന്നതില് കാലതാമസം വരുത്തിയാല്‍ തുകയുടെ 12 ശതമാനം പലിശയും നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. പരാതിക്കാരന്റെ നിയമപരമായ ചെലവുകളും പ്രതിഭാഗം വഹിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

