ഇന്ത്യയുമായി നിക്ഷേപ, സാമ്പത്തിക ബന്ധം ശക്തമാക്കും
text_fieldsഅബൂദബി-ഇന്ത്യ ബിസിനസ് ഫോറത്തിൽ അബൂദബി സാമ്പത്തിക വികസന വകുപ്പ്
ചെയര്മാന് അഹമ്മദ് ജാസിം അല്‍ സാബി സംസാരിക്കുന്നു
അബൂദബി: വ്യാപാര, നിക്ഷേപകരംഗത്ത് പങ്കാളിത്തം ശക്തമാക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്ത് അബൂദബി-ഇന്ത്യ ബിസിനസ് ഫോറം. അബൂദബി സാമ്പത്തിക വികസന വകുപ്പും അബൂദബി ചേംബര്‍ ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയും ഫെഡറേഷന് ഓഫ് ഇന്ത്യന്‍ ചേംബേഴ്സ് ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയും സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.
ഇന്ത്യന്‍ വാണിജ്യ വ്യവസായ മന്ത്രി പീയുഷ് ഗോയല്‍, അബൂദബി സാമ്പത്തിക വികസന വകുപ്പ് ചെയര്മാന് അഹമദ് ജാസിം അല്‍ സാബി, ഇരു രാജ്യങ്ങളിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥർ, സ്വകാര്യ മേഖലയിലെ ബിസിനസ് പ്രമുഖർ എന്നിവർ ചടങ്ങില്‍ സംബന്ധിച്ചു. 2022ല്‍ സമഗ്ര സാമ്പത്തിക സഹകരണ കരാറിൽ (സെപ) ഇരുരാജ്യങ്ങളും ഒപ്പിട്ടതുമുതല്‍ ഇന്ത്യ തങ്ങളുടെ ബ്രഹത്തായ വ്യാപാര പങ്കാളികളിലൊന്നായി മാറിയെന്ന് അഹമദ് ജാസിം അല്‍ സാബി ചൂണ്ടിക്കാട്ടി. ചടങ്ങില്‍ അബൂദബി നിക്ഷേപ ഓഫിസും ഇന്‍വെസ്റ്റ് ഇന്ത്യയും ഇരുരാഷ്ട്രങ്ങളിലെയും കമ്പനികളും ചടങ്ങില്‍ പദ്ധതികളുടെ അവതരണം നടത്തി. ചെറുകിട, ഇടത്തരം സംരംഭങ്ങളെ വിതരണ ശൃംഖലയിലേക്ക് കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെ അവസരങ്ങളെ പദ്ധതികളാക്കി മാറ്റുന്നതില്‍ കേന്ദ്രീകരിച്ചായിരുന്നു ചര്‍ച്ചകള്‍ നടന്നത്. വാണിജ്യ താൽപര്യം ഇടപാടുകളിലേക്കും തൊഴിലവസര സൃഷ്ടിയിലേക്കും മാറ്റുന്നതിനായി ഫോറത്തിനു ശേഷം തുടര്‍നടപടികൾ നിലനിര്‍ത്താന്‍ പരിപാടിയില്‍ സംബന്ധിച്ചവര്‍ തീരുമാനിച്ചു.
സെപ കരാറിനു ശേഷം ഇരുരാഷ്ട്രങ്ങൾ തമ്മിലെ ഉഭയകക്ഷി വ്യാപാരം 2030ഓടെ 100 ശതകോടി ഡോളറാക്കുകയെന്ന ലക്ഷ്യത്തിലേക്ക് അതിവേഗം അടുക്കുകയാണ്. കഴിഞ്ഞ വർഷത്തെ ഇന്ത്യയുമായുള്ള യു.എ.ഇയുടെ എണ്ണയിതര വ്യാപാരം 20.5 ശതമാനം വർധിച്ച് 240 ശതകോടി ദിർഹമാണ്. 2023ൽ 199 ശതകോടി ദിർഹമായിരുന്നതാണ് വലിയ വർധന കൈവരിച്ചത്. ഈ വർഷം ആദ്യ പകുതിയിൽ, എണ്ണയിതര വ്യാപാരം 33.9 ശതമാനം ഉയർന്ന് 138 ശതകോടി ദിർഹമായി മാറിയതോടെ ശക്തമായ വളർച്ച തുടരുകയാണ്.
2024ൽ യു.എ.ഇയുടെ ഇന്ത്യയിലെ നിക്ഷേപം 84.4ശതകോടി ദിർഹമായിരുന്നു. യു.എ.ഇ ഇന്ത്യയുടെ ഏഴാമത്തെ വലിയ ആഗോള നിക്ഷേപക രാജ്യമാണിപ്പോൾ. ഇത് കൂടുതൽ ശക്തമാക്കുന്നത് സംബന്ധിച്ച ചർച്ചകളാണ് ഫോറത്തിൽ നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

