പൊലീസ് ചമഞ്ഞ് 1.26 ദശലക്ഷം തട്ടിയ കേസിൽ വിചാരണ തുടങ്ങി
text_fieldsദുബൈ: പൊലീസ് ചമഞ്ഞ് വ്യാപാരിയിൽ നിന്ന് 1.26 ദശലക്ഷം ദിർഹം തട്ടിയെടുത്ത കേസിൽ പിടിയിലായ സംഘത്തിനെതിരെ കോടതിയിൽ വിചാരണ തുടങ്ങി. 2025 ഡിസംബർ 14ന് ദുബൈ-അൽഐൻ റോഡിലാണ് പൊലീസ് വേഷത്തിലെത്തിയ സംഘം വൻ കവർച്ച നടത്തിയത്.
അൽഐനിലെ വിവിധ ഭാഗങ്ങളിൽ നിന്ന് ശേഖരിച്ച പണവുമായി ഭാര്യയോടൊപ്പം ദുബൈയിലേക്ക് പോകുകയായിരുന്ന അഫ്ഗാനിയായ ബിസിനസുകാരനാണ് റോഡരികിൽ വെച്ച് കവർച്ചക്കിരയായത്. രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. മർഗാം പാലത്തിന് തൊട്ടടുത്തെത്തിയപ്പോൾ വെള്ള നിറത്തിലുള്ള എസ്.യു.വി കാർ പിന്തുടരുന്നതായി ഇയാളുടെ ശ്രദ്ധയിൽപ്പെട്ടു. പൊലീസ് പട്രോളിങ് സമയങ്ങളിൽ മറ്റ് വാഹനങ്ങൾ റോഡരികിലേക്ക് മാറ്റുന്നതിനായി ഉപയോഗിക്കാറുള്ള ചുവപ്പും പച്ചയും നിറത്തിലുള്ള ലൈറ്റ് തെളിച്ചായിരുന്നു വാഹനം ഇവരെ പിന്തുടർന്നിരുന്നത്.
ഇത് കണ്ട വ്യാപാരി വാഹനം റോഡരികിലേക്ക് മാറ്റി നിർത്തി. ഈ സമയം എസ്.യു.വിൽനിന്ന് ഇമാറാത്തി വേഷം ധരിച്ച ഒരാൾ അടുത്തേക്ക് വരുകയും പൊലീസ് ഡിപ്പാർട്ട്മെന്റിൽ നിന്നാണെന്ന് അവകാശപ്പെടുകയും ചെയ്തു. വാഹനത്തിൽ നിന്ന് പുറത്തിറങ്ങാനും ഇവർ സഞ്ചരിച്ച കാറിലേക്ക് കയറി ഇരിക്കാൻ പ്രതികൾ വ്യാപാരിയോട് ആവശ്യപ്പെട്ടു. പൊലീസാണെന്ന് ധരിച്ച വ്യാപാരി നിർദേശങ്ങൾ കൃത്യമായി പാലിച്ചിരുന്നു. വ്യാപാരി പ്രതികളുടെ കാറിൽ കയറിയതോടെ മറ്റൊരു പ്രതി ഇദ്ദേഹത്തിന്റെ വാഹനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും മുന്നിൽ ഓടിച്ചുപോകുകയും ചെയ്തു.
ഈ സമയം മറ്റുള്ളവർ പിറകിലായി സഞ്ചരിച്ചിരുന്നു. എന്നാൽ, ഒരു പള്ളിയുടെ സമീപം എത്തിയതോടെ വ്യാപാരിയുടെ കാർ നിർത്തി പ്രതികൾ പരിശോധിക്കുകയും പണം കൈക്കലാക്കുകയും ചെയ്യുകയായിരുന്നു. തുടർന്ന് ഇരയോട് പോകാൻ ആവശ്യപ്പെട്ട പ്രതികൾ കാറുമായി സ്ഥലംവിടുകയുമായിരുന്നുവെന്ന് പ്രോസിക്യൂഷൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

