സാമൂഹിക പ്രവർത്തകരുടെ ഇടപെടൽ: മലയാളി വീട്ടമ്മ ഒടുവിൽ നാടണഞ്ഞു
text_fieldsമരിയത്ത് ബീവി അസീസ്‌കുട്ടി
ദുബൈ: യാത്രാപരമായ എല്ലാ രേഖകളും നഷ്ടപ്പെട്ടതിനെ തുടർന്ന് നാട്ടിലേക്ക് പോകാനാകാതെ പ്രയാസപ്പെട്ടിരുന്ന യു.എ.ഇയിലെ മലയാളി പ്രവാസിയായ വീട്ടമ്മ സാമൂഹിക പ്രവർത്തകരുടെ ഇടപെടലിൽ നാടണഞ്ഞു. ആലപ്പുഴ മാന്നാർ സ്വദേശിനി മരിയത്ത് ബീവി അസീസ്‌കുട്ടി (65) ആണ് കഴിഞ്ഞ ദിവസം സ്വദേശത്തേക്ക് മടങ്ങിയത്. ഒമാനിൽ നിന്ന് കോവിഡ് കാലത്ത് യു.എ.ഇയിൽ എത്തിയ ശേഷം, പാസ്‌പോർട്ട് ഉൾപ്പെടെ എല്ലാ രേഖകളും നഷ്ടപ്പെട്ട സാഹചര്യത്തിലായിരുന്നു അവർ.
ശാരീരികമായ അസ്വസ്ഥതകൾ മൂലം ഒരു മാസത്തിലേറെ ദുബൈ റാശിദ് ആശുപത്രിയിൽ ചികിത്സ തേടേണ്ടി വന്നതോടെ ഏറെ ദയനീയമായ അവസ്ഥയിലായിരുന്നു ഇവരുടെ അവസ്ഥ. ആശുപത്രിയിൽ സർജറി നടത്തേണ്ടി വന്നതോടെ ചികിത്സക്ക് വൻ തുകയും ആവശ്യമായി വന്നു. ഈ സാഹചര്യത്തിൽ പ്രവാസി സംഘടനകൾ വിഷയത്തിൽ ഇടപെടുന്നത്.
കേരള മുഖ്യമന്ത്രി പിണറായി വിജയൻ, സാംസ്കാരിക മന്ത്രി സജി ചെറിയാൻ, ഇന്ത്യൻ കോൺസുലേറ്റ് ഉദ്യോഗസ്ഥർ, ഷാർജ ഇന്ത്യൻ അസോസിയേഷൻ ജനറൽ സെക്രട്ടറി ശ്രീപ്രകാശ്, പി.ആർ.ഒ ശ്രീഹരി, പ്രവാസി ക്ഷേമ ബോർഡ് ഡയറക്ടർ എൻ.കെ. കുഞ്ഞഹമ്മദ്, ലോക കേരള സഭ ക്ഷണിതാവ് സി.എൻ.എൻ ദിലീപ്, ഓർമ പ്രവർത്തകരായ ഷഫീക്ക്, ലത തുടങ്ങിയവരുടെ ഇടപെടലുകൾ വീട്ടമ്മയുടെ ദുരിതപൂർണമായ ജീവിതത്തിന് അറുതിവരുത്തുന്നതിൽ നിർണായകമായി. വിവിധ മേഖലകളിലുള്ളവരുടെ ഏകോപിത ശ്രമഫലമായി മരിയത്ത് ബീവിക്ക് വൈറ്റ് പാസ്‌പോർട്ടും ഔട്ട്‌പാസും ലഭിച്ചു. തുടർന്ന് എല്ലാ നിയമ നടപടികളും പൂർത്തിയാക്കി അവർ സുരക്ഷിതമായി കേരളത്തിലേക്കു മടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

