ഇൻറർനെറ്റിലൂടെയുള്ള വ്യാജ തൊഴിൽ വാഗ്ദാനങ്ങളിൽ കുടുങ്ങരുതെന്ന് പൊലീസ്
text_fieldsഅബൂദബി: ഇൻറർനെറ്റ് വഴിയുള്ള വ്യാജ തൊഴിൽ വാഗ്ദാനങ്ങളിലും തട്ടിപ്പുകാരുടെ കെണിയിലും വീഴരുതെന്ന മുന്നറിയിപ്പുമായി അബൂദബി പൊലീസ്. കോവിഡ്-19 രോഗവ്യാപന പ്രത്യാഘാതങ്ങളുടെ പശ്ചാത്തലത്തിൽ പ്രമുഖ കമ്പനികളുടെ പ്രതിനിധിയായി ആൾമാറാട്ടം നടത്തിയാണ് വ്യാജ തൊഴിൽ അവസരങ്ങളുടെ പേരിൽ തട്ടിപ്പ് നടത്തുന്നത്. ജോലി തേടുന്ന സമയത്ത് വ്യാജ തൊഴിൽ വെബ്സൈറ്റുകളുമായി ഇടപഴകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും പൊലീസ് തൊഴിലന്വേഷകരെ ഓർമിപ്പിച്ചു. വിശ്വസനീയമല്ലാത്ത റിക്രൂട്ട്മെൻറ് കമ്പനികൾക്ക് പണമോ വ്യക്തിഗത വിവരങ്ങളോ നൽകേണ്ടതില്ലെന്നും പൊലീസ് ചൂണ്ടിക്കാട്ടി. ഇൻറർനെററ്റിലൂടെ ഉയർന്ന ശമ്പളം വാഗ്ദാനം നൽകി പ്രലോഭിക്കുന്ന തട്ടിപ്പുകാരെ കെണിയിലകപ്പെടുത്തുമെന്നും അവരുടെ വലയിൽ പെടരുതെന്നും പൊലീസ് മുന്നറിയിപ്പു നൽകുന്നു.
രാജ്യത്തിനു പുറത്തുനിന്നുള്ള ഉദ്യോഗാർഥികളെ സോഷ്യൽ മീഡിയ വഴിയോ വ്യാജ സൈറ്റുകൾ ഉപയോഗിച്ചോ ഫോണിലൂടെയോ ഇ-മെയിലിലൂടെയോ ആശയവിനിമയം നടത്തിയാണ് തട്ടിപ്പ്. വ്യക്തിഗത വിവരങ്ങളും അക്കൗണ്ട് നമ്പറും മറ്റും തന്ത്രപൂർവം കൈക്കലാക്കുന്നു. വിസ ഫീ, ട്രാൻസാക്ഷൻ ഫീ എന്നിങ്ങനെയൊക്കെ പറഞ്ഞാണ് പണം തട്ടിപ്പ് നടത്തിവരുന്നത്. കമ്പനി വെബ്സൈറ്റും മറ്റു വിവരങ്ങളും ശരിയാണോ എന്ന് ഉറപ്പുവരുത്തി മാത്രം അതതു ജോലിക്കുള്ള ശമ്പളപരിധി മനസ്സിലാക്കി യുക്തിപരമായ ഇടപെടലാണ് ഇത്തരം തട്ടിപ്പുകാരെ നേരിടാൻ വേണ്ടതെന്നും പൊലീസ് ചൂണ്ടിക്കാട്ടുന്നു.