അന്താരാഷ്ട്ര പ്രിന്റിങ് ദിനാഘോഷം;
text_fieldsഅന്താരാഷ്ട്ര പ്രിന്റിങ് ദിനാഘോഷത്തോടനുബന്ധിച്ച് നടത്തിയ പോസ്റ്റർ മത്സരത്തിൽ
പങ്കെടുത്ത കുട്ടികൾ
ദുബൈ: അന്താരാഷ്ട്ര പ്രിന്റിങ് ദിനത്തോടനുബന്ധിച്ച് അൽ ബുഷ്റ പ്രിന്റിങ് പ്രസ് മലയാളം മിഷൻ ദുബൈ ചാപ്റ്ററുമായി ചേർന്ന് കുട്ടികൾക്കായി പോസ്റ്റർ മത്സരം സംഘടിപ്പിച്ചു. എന്റെ ഭാഷ, എന്റെ നാട് എന്ന രണ്ടു വിഷയങ്ങളിലായി നടന്ന മത്സരത്തിൽ നിരവധി കുട്ടികൾ പങ്കെടുത്തു. ‘എന്റെ നാട്’ വിഭാഗത്തിൽ ആരാധ്യ പ്രമോദ്, നിയ സാറ ബേസിൽ, ദിയ സഞ്ജീവ് എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. ‘എന്റെ നാട്, എന്റെ ഭാഷ’ വിഭാഗത്തിൽ ശിഖ, കേസിയ, ആവണി പ്രസന്നൻ എന്നിവർ യഥാക്രമം ഒന്നാം, രണ്ടാം, മൂന്നാം സ്ഥാനങ്ങൾ കരസ്ഥമാക്കി.
മത്സരത്തിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും അൽ ബുഷ്റ പ്രിന്റിങ് പ്രസ് സന്ദർശിക്കാനുള്ള അവസരം ഒരുക്കിയിരുന്നു. ഒക്ടോബർ 18, ശനിയാഴ്ച നടന്ന ഈ സന്ദർശനത്തിൽ 15ഓളം കുട്ടികളും രക്ഷിതാക്കളും, മലയാളം മിഷൻ ദുബൈ ചാപ്റ്റർ ഭാരവാഹികളും പങ്കെടുത്തു.
അച്ചടിയുടെ പ്രാധാന്യം, പ്രിന്റിങ് പ്രക്രിയയിലെ വിവിധ ഘട്ടങ്ങൾ തുടങ്ങിയവയെക്കുറിച്ച് പ്രമോദ് വി. ഗോവിന്ദ് (അൽ ബുഷ്റ മാനേജിങ് ഡയറക്ടർ), സ്മിത നടരാജൻ (ഡയറക്ടർ), ശ്രീകുമാർ പിള്ള (ജനറൽ മാനേജർ) എന്നിവർ വിശദീകരിച്ചു. പ്രിന്റിങ് യൂനിറ്റിലെ പ്രവർത്തനങ്ങൾ നേരിൽ കാണാനുള്ള അവസരം കുട്ടികൾക്ക് ഏറെ കൗതുകകരമായ അനുഭവമായി. മലയാളം മിഷൻ ദുബൈ ചാപ്റ്റർ പ്രസിഡന്റ് അംബു സതീഷ്, കൺവീനർ ഫിറോസിയ, ഖിസൈസ് മേഖല ജോയന്റ് കോഓഡിനേറ്റർ പ്രിയ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു.
പേപ്പർ ബാഗുകൾ, നോട്ട് ബുക്കുകൾ, ലെതർ ബാഗുകൾ, ബോക്സുകൾ, ഡിസൈനിങ്, ലാമിനേഷൻ, പേപ്പർ കപ്പുകൾ തുടങ്ങിയ ഉൽപന്നങ്ങളുടെ നിർമാണം കുട്ടികളും മുതിർന്നവരും നേരിൽ അനുഭവിച്ചു.
വിജയികളായ കുട്ടികൾക്ക് സമ്മാനങ്ങളും പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റുകൾ നൽകി. അച്ചടിയുടെ ലോകത്തെ കുട്ടികൾക്ക് പരിചയപ്പെടുത്തുകയും സൃഷ്ടിപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുകയുമായിരുന്നു പരിപാടിയുടെ ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

