കാഴ്ചയുടെ ഉത്സവം നാളെ തുടങ്ങും
text_fieldsഷാര്‍ജ: എക്സ്പോസര്‍ 2017 ഫോട്ടോഗ്രഫി പ്രദര്‍ശനം ബുധനാഴ്ച ഷാര്‍ജ അല്‍ താവൂനിലെ എക്സ്പോ സെൻററില്‍ തുടങ്ങും. നാല് ദിവസം നീണ്ട് നില്‍ക്കുന്ന പ്രദര്‍ശനത്തില്‍ ലോകപ്രശസ്ത ക്യാമറ പ്രൊഫഷണലുകള്‍, ഫോട്ടോ ജേണലിസ്റ്റുകള്‍, ഡിജിറ്റല്‍ ആര്‍ട്ടിസ്റ്റുകള്‍ എന്നിവര്‍ പങ്കെടുക്കും. 23 പ്രദര്‍ശകര്‍, 35 വര്‍ക്ക്ഷോപ്പുകള്‍, പാരിസ്ഥിതിക വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്ന 25 സെമിനാറുകള്‍, മാനവിക വിഷയങ്ങള്‍, സാമൂഹിക പ്രശ്നങ്ങള്‍ എന്നിവയുടെ ചർച്ചകൾ തുടങ്ങിയ പരിപാടികളുമുണ്ടാവും.
ഭാഷാ തടസങ്ങളും ഭൂമിശാസ്ത്ര അതിര്‍വരമ്പുകളെയും മറികടന്ന് ചിത്രങ്ങളുടെ അവിശ്വസനീയമായ ശക്തിയും സ്വാധീനവും വെളിപ്പെടുത്തുന്നതാണ് എക്സ്പോസര്‍ എന്ന് അധികൃതര്‍ പറഞ്ഞു. ഫോട്ടോഗ്രഫി ഇഷ്ടപ്പെടുന്ന, പുതിയ സാധ്യതകള്‍ തേടുന്ന വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവരെ പങ്കെടുപ്പിക്കും. ലോകമാകെ ചിതറി കിടക്കുന്ന അഭയാര്‍ഥികള്‍ അനുഭവിക്കുന്ന ദുരിതങ്ങളുടെ നേര്‍കാഴ്ച്ചകള്‍, യുദ്ധമുഖത്തെ ഭീകരമായ കാഴ്ച്ചകള്‍, പ്രകൃതി നേരിടുന്ന പ്രശ്നങ്ങള്‍ എന്നിവ ഒപ്പിയെടുത്ത ചിത്രങ്ങള്‍ക്കാണ് എക്സ്പോസര്‍ വേദിയാകുന്നത്. അന്തര്‍ദേശീയ പുരസ്കാരങ്ങള്‍ നേടിയ ചിത്രങ്ങളുടെ നീണ്ട നിരയായിരിക്കും പ്രദര്‍ശിപ്പിക്കുക.
ലോകമെമ്പാടുമുള്ള ഫോട്ടോഗ്രാഫിയിലെ ഏറ്റവും മികച്ച പേരുകള്‍ ഷാര്‍ജയില്‍ എത്തിക്കുവാന്‍ സാധിച്ചതില്‍ അഭിമാനിക്കുന്നതായി ഷാര്‍ജ മീഡിയ കൗണ്‍സില്‍ ചെയര്‍മാന്‍ ശൈഖ് സുല്‍ത്താന്‍ ബിന്‍ അഹ്മദ് ആല്‍ ഖാസിമി പറഞ്ഞു. യു.എ.ഇയില്‍ 20 വര്‍ഷത്തിനിടയില്‍ ആദ്യമായാണ് ഇത്തരമൊരു പ്രദര്‍ശനം എത്തുന്നത്.
ബ്രിട്ടന്‍െറ ഏറ്റവും പ്രശസ്തനായ യുദ്ധ ഫോട്ടോ ജേര്‍ണലിസ്റ്റ് സര്‍ ഡൊണ്‍ മക്കുള്ളന്‍, കനേഡിയന്‍ പ്രകൃതി ഫോട്ടോഗ്രാഫര്‍ പോള്‍ നിക്കിന്‍, പലസ്തീന്‍ ഫോട്ടോ ജേര്‍ണലിസ്റ്റ് മുഹമ്മദ് മുഹീസേന്‍ തുടങ്ങിയ പ്രമുഖരാണ് എത്തുന്നത്. ചെറിയ സാറ്റലൈറ്റ് ഫോട്ടോഗ്രാഫിയുടെ പ്രദര്‍ശനങ്ങളും നടക്കും: ഷാര്‍ജ അന്താരാഷ്ട്ര വിമാനത്താവളം, അല്‍ മജാസ് വാട്ടര്‍ഫ്രണ്ട്, ദുബൈയിലെ സിറ്റിവാക്ക് ആന്‍ഡ് മാള്‍ ഓഫ് ദി എമിറേറ്റ്സ് എന്നിവിടങ്ങളില്‍ അമച്വര്‍ ഫോട്ടോഗ്രാഫര്‍മാരുടെ 50ല്‍ കൂടുതല്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
