നൗഫലിന്റെ ക്ലിക്കിന് വീണ്ടും രാജ്യാന്തര സമ്മാനം
text_fieldsഎക്സ്പോഷറിലെ ഗവൺമെന്റ് ഓപൺ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ നൗഫൽ പെരിന്തൽമണ്ണ ഷാർജ ഉപഭരണാധികാരി ശൈഖ് സുൽത്താൻ ബിൻ അഹ്മദ് അൽ ഖാസിമിയിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങുന്നു
ഷാർജ: ഷാർജയിൽ നടക്കുന്ന രാജ്യാന്തര ഫോട്ടോഗ്രഫി പ്രദർശനമായ എക്സ്പോഷറിൽ വീണ്ടും മലയാളിക്ക് സമ്മാനം. ഗവൺമെന്റ് ഓപൺ വിഭാഗത്തിലാണ് മലപ്പുറം വേങ്ങൂർ സ്വദേശി നൗഫൽ പെരിന്തൽമണ്ണയുടെ ചിത്രം തിരഞ്ഞെടുക്കപ്പെട്ടത്. 1500 ഡോളറും മെമന്റോയും നികോൺ കാമറയുമാണ് സമ്മാനം. മരുഭൂമിയിലൂടെ ഒട്ടകവുമായി നടന്നുപോകുന്നയാളുടെ ചിത്രമാണ് പുരസ്കാരത്തിന് അർഹമായത്. കഴിഞ്ഞ വർഷവും നൗഫലിന്റെ ചിത്രം പുരസ്കാരം നേടിയിരുന്നു. 126 രാജ്യങ്ങളിൽനിന്ന് 14988 പേരാണ് 10 കാറ്റഗറിയിലായി മത്സരിച്ചത്. 50,000ത്തോളം ചിത്രങ്ങൾ മത്സരവിഭാഗത്തിലുണ്ടായിരുന്നു.
ഷാർജയിൽ നടന്ന ചടങ്ങിൽ ഷാർജ ഉപഭരണാധികാരിയും ഷാർജ മീഡിയ കൗൺസിൽ ചെയർമാനുമായ ശൈഖ് സുൽത്താൻ ബിൻ അഹ്മദ് അൽ ഖാസിമിയിൽനിന്നും പുരസ്കാരം ഏറ്റുവാങ്ങി. കഴിഞ്ഞ മാസം ദുബൈ എക്സ്പോ 2020യോടനുബന്ധിച്ച് നടത്തിയ ശൈഖ് ഹംദാൻ ഇന്റർനാഷനൽ ഫോട്ടോഗ്രഫി മത്സരത്തിലും നൗഫലിന്റെ ചിത്രത്തിന് സമ്മാനം ലഭിച്ചിരുന്നു. ഭാര്യ: തസ്നി താജ്. മകൻ: മുഹമ്മദ് ഷാസിൽ.

