ഇനി ക്രിക്കറ്റ് കാർണിവൽ; ഇന്റർനാഷനൽ ലീഗ് ടി20 ചാമ്പ്യൻഷിപ്പിന് ഇന്ന് തുടക്കം
text_fieldsദുബൈ: ലോക ക്രിക്കറ്റ് ലീഗുകളിലേക്ക് യു.എ.ഇയുടെ പേരെഴുതിച്ചേർക്കുന്ന ഇന്റർനാഷനൽ ലീഗ് ടി20 ചാമ്പ്യൻഷിപ്പിന് വെള്ളിയാഴ്ച ടോസ് വീഴും. ദുബൈ ഇന്റർനാഷനൽ സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യ മത്സരത്തിൽ അബൂദബി നൈറ്റ് റൈഡേഴ്സും ദുബൈ കാപിറ്റൽസും ഏറ്റുമുട്ടും. സൂപ്പർതാരം ഷാരൂഖ് ഖാൻ ഉൾപ്പെടെയുള്ളവർ ഉദ്ഘാടനച്ചടങ്ങ് സമ്പന്നമാക്കാനെത്തും. വൈകീട്ട് 6.45നാണ് ആദ്യ മത്സരം. ഇന്ത്യൻ പ്രീമിയർ ലീഗ് മാതൃകയിൽ യു.എ.ഇ ക്രിക്കറ്റ് ബോർഡിന്റെ നേതൃത്വത്തിൽ നടക്കുന്ന ടൂർണമെന്റിന്റെ ആദ്യ സീസണാണ് ഇന്ന് തുടങ്ങുന്നത്. മൂന്ന് ഐ.പി.എൽ ടീമുകളുടെ സഹ ടീമുകളും യു.എ.ഇയിൽ കളിക്കാനിറങ്ങുന്നുണ്ട്. ദുബൈ, ഷാർജ, അബൂദബി സ്റ്റേഡിയങ്ങളിലാണ് മത്സരം.
മുംബൈ ഇന്ത്യൻസിന്റെ ഉടമസ്ഥതയിലുള്ള എം.ഐ എമിറേറ്റ്സ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ അബൂദബി നൈറ്റ് റൈഡേഴ്സ്, ഡൽഹി കാപിറ്റൽസിന്റെ ദുബൈ കാപിറ്റൽസ് എന്നിവയാണ് ഐ.പി.എൽ ഫ്രാഞ്ചൈസികളുടെ ടീമുകൾ. ഇതിനു പുറമെ ഇന്ത്യൻ വ്യവസായി ഗൗതം അദാനിയുടെ ഗൾഫ് ജയന്റ്സ്, ഇന്ത്യ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കാപ്രി ഗ്ലോബലിന്റെ ഗൾഫ് ജയന്റ്സ് എന്നിവയുമുണ്ട്. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റർ യുനൈറ്റഡിന്റെ ഉടമസ്ഥതയിലുള്ള ഡസർട്ട് വൈപ്പേഴ്സാണ് ഇന്ത്യൻ സാന്നിധ്യമില്ലാത്ത ഏക ടീം. കീറോൺ പൊള്ളാഡ്, ഡ്വൈൻ ബ്രാവോ, സുനിൽ നരൈൻ, ആന്ദ്രേ റസൽ, നിക്കോളാസ് പുരാൻ, ഷിംറോൺ ഹെറ്റ്മെയർ, ക്രിസ് ലിൻ, ജോണി ബെയർസ്റ്റോ, മുഈൻ അലി, അലക്സ് ഹെയിൽസ്, ടോം കറൻ, സാം ബില്ലിങ്സ്, ജെയിംസ് വിൻസ്, ഡേവിഡ് മലൻ, ദാസുൻ ഷനക, ലാഹിരു കുമാര, അസലങ്ക, വാനിന്ദു ഹസരംഗ, ട്രെൻഡ് ബോൾട്ട്, കോളിൻ മൺറോ, കോളിൻ ഇൻഗ്രാം, മുജീബുർ റഹ്മാൻ, മുഹമ്മദ് നബി തുടങ്ങിയവരാണ് പ്രധാന താരങ്ങൾ.
യു.എ.ഇ ദേശീയ ടീമിലെ മലയാളി താരങ്ങളായ സി.പി. റിസ്വാൻ, ബാസിൽ ഹമീദ്, അലിഷാൻ ഷറഫു എന്നിവരും ടീമിന്റെ ഭാഗമാണ്. ഓരോ ടീമിലെയും േപ്ലയിങ് ഇലവനിൽ രണ്ട് യു.എ.ഇ താരങ്ങൾ വേണമെന്ന് നിർബന്ധമാണ്. ഒമ്പത് വിദേശ താരങ്ങളെയും ഉൾപ്പെടുത്താം. അസോസിയേറ്റ് രാജ്യങ്ങളിലെ രണ്ട് താരങ്ങൾ ടീമിൽ വേണമെന്ന് നിബന്ധനയുണ്ടെങ്കിലും ഇവർ േപ്ലയിങ് ഇലവനിൽ ഉണ്ടാകണമെന്ന് നിർബന്ധമില്ല. ഇന്ത്യ, പാകിസ്താൻ താരങ്ങൾ ടൂർണമെന്റിൽ കളിക്കുന്നില്ല. ദുബൈ, അബൂദബി എന്നിവിടങ്ങളിലാണ് ടീമുകൾ താമസിക്കുന്നത്. ദുബൈയിലെയും അബൂദബിയിലെയും വിവിധ മൈതാനങ്ങളിൽ താരങ്ങൾ പരിശീലനത്തിനിറങ്ങി. പ്രാഥമിക റൗണ്ടിൽ ഓരോ ടീമും രണ്ട് തവണ ഏറ്റുമുട്ടുന്ന രീതിയിലാണ് ഷെഡ്യൂൾ. നാല് േപ്ല ഓഫ് മത്സരങ്ങളുണ്ടാകും. പ്ലാറ്റിനം ലിസ്റ്റിന്റെ വെബ്സൈറ്റിലൂടെ (https://dubai.platinumlist.net/ilt20) ടിക്കറ്റുകൾ ലഭിക്കും. 10 ദിർഹം മുതലാണ് നിരക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

