അന്താരാഷ്ട്ര സന്തോഷദിനം ആചരിച്ചു
text_fieldsഷാർജ എക്സ്പോ സെന്ററിൽ അന്താരാഷ്ട്ര സന്തോഷദിനത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ
പങ്കെടുത്ത ജീവനക്കാർ
ദുബൈ: യു.എ.ഇയിലെ വിവിധ വകുപ്പുകളും സ്ഥാപനങ്ങളും തിങ്കളാഴ്ച അന്താരാഷ്ട്ര സന്തോഷദിനം ആചരിച്ചു. ദുബൈ, ഷാർജ, അബൂദബി തുടങ്ങിയ എമിറേറ്റുകളിൽ പ്രധാനപ്പെട്ട സർക്കാർ വകുപ്പുകൾക്ക് കീഴിൽ ചെറുതും വലുതുമായ പരിപാടികളാണ് ഇതിനോടനുബന്ധിച്ച് ഒരുക്കിയത്. ദുബൈ റോഡ്, ഗതാഗത അതോറിറ്റി (ആർ.ടി.എ) നാല് പദ്ധതികളാണ് ദിനാചരണത്തോടനുബന്ധിച്ച് നടപ്പിലാക്കിയത്. സർപ്രൈസ് സമ്മാനങ്ങളടങ്ങിയ മെസേജുകൾ അയച്ചതാണ് ഒരു പദ്ധതി. മെസേജുകൾ ലഭിച്ചവർക്ക് വിവിധ ആനുകൂല്യങ്ങൾ ലഭ്യമാകുകയും ചെയ്തു. ദുബൈയിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ദിവസം മുഴുവൻ നീണ്ടുനിൽക്കുന്ന വിനോദ പരിപാടികളൊരുക്കിയതാണ് മറ്റൊരു പദ്ധതി.
വിവിധ റേഡിയോ സ്റ്റേഷനുകളുമായി സഹകരിച്ചാണ് ഈ പരിപാടി ഒരുക്കിയത്. മൂന്നാമത്തെ പദ്ധതിയിൽ 300 റീൽ സിനിമ പ്രവേശന ടിക്കറ്റുകളും മാജിദ് അൽ ഫുത്തൈം ഗിഫ്റ്റ് വൗചറുകളും വിതരണം ചെയ്തു. 10 വർഷമായി ഒരു ട്രാഫിക് പിഴ പോലും വരുത്താത്ത ഡ്രൈവർമാരെ ആദരിച്ചതാണ് നാലാമത്തെ പദ്ധതി. സമൂഹത്തിൽ സന്തോഷം നിറക്കുകയും ഉപഭോക്താക്കളുടെ നല്ല ശീലങ്ങൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യലാണ് ദിനാചരണത്തിലൂടെ ലക്ഷ്യമിട്ടതെന്ന് അധികൃതർ പറഞ്ഞു.
ഷാർജ എക്സ്പോ സെന്റർ സന്തോഷദിനത്തിൽ ജീവനക്കാരെ ആദരിക്കുന്ന ചടങ്ങ് സംഘടിപ്പിച്ചു. എക്സ്പോ സെന്റർ സി.ഇ.ഒ സൈഫ് മുഹമ്മദ് അൽ മിദ്ഫ, വിവിധ വകുപ്പുകളുടെ ഡയറക്ടർമാർ, ജീവനക്കാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. മികവ് തെളിയിച്ച ജീവനക്കാരെ ചടങ്ങിൽ ആദരിക്കുകയും ചെയ്തു. കൽബ സിറ്റി മുനിസിപ്പാലിറ്റിയും ജീവനക്കാർക്കായി ഹാപ്പിനസ് ഡേ പരിപാടി സംഘടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

