അന്താരാഷ്ട്ര എജ്യുവിക്കി സമ്മേളനം: മലയാളത്തിൽനിന്ന് രണ്ടുപേർ
text_fieldsഅക്ബറലി ചാരങ്കാവ്, നത ഹുസൈൻ
ദുബൈ: സെർബിയൻ തലസ്ഥാനമായ ബെൽഗ്രേഡിൽ 25ന് ആരംഭിച്ച അന്താരാഷ്ട്ര എജ്യുവിക്കി സമ്മേളനത്തിൽ പങ്കെടുക്കാൻ അവസരം ലഭിച്ചത് മലയാളികളായ രണ്ടു പേർക്ക്. അക്ബറലി ചാരങ്കാവ് (യു.എ.ഇ), ഡോ. നത ഹുസൈൻ (സ്വീഡൻ) എന്നിവരാണ് ഇത്തവണ അവസരം ലഭിച്ച മലയാളികൾ. ഇന്ത്യയിൽനിന്ന് ആകെ നാല് പേർക്കാണ് അവസരം ലഭിച്ചത്. ഇന്റർനെറ്റിലെ സൗജന്യ വിജ്ഞാനകോശമായ വിക്കിപീഡിയയുടെ അനുബന്ധ സംരംഭങ്ങളിലൊന്നാണ് എജ്യുവിക്കി.
വിക്കിപീഡിയക്ക് പുറമെ വിക്കിഡേറ്റ, കോമൺസ്, വിക്കിഗ്രന്ഥശാല തുടങ്ങിയ സംരംഭങ്ങളിൽ സേവനം ചെയ്യുന്നവരും വിദ്യാഭ്യാസ രംഗത്തുള്ളവരും പങ്കെടുക്കുന്ന പരിപാടിയാണ് എജ്യുവിക്കി സമ്മേളനം. ഈ മാസം 28 വരെയാണ് പരിപാടി നടക്കുന്നത്.
സെക്കൻഡറി സ്കൂളിലെ വിക്കിഡേറ്റ പ്രവർത്തനങ്ങളെ കുറിച്ച് അക്ബറലിയും നിർമിത ബുദ്ധിയും വിദ്യാഭ്യാസവും എന്ന വിഷയത്തിൽ നത ഹുസൈനും അവതരണം നടത്തും. അമേരിക്ക ആസ്ഥാനമായി ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന വിക്കിമീഡിയ ഫൗണ്ടേഷന്റെ സഹകരണത്തോടെ സെർബിയൻ യൂസർ ഗ്രൂപ്പാണ് പരിപാടി സംഘടിപ്പിക്കുന്നത്. ദുബൈയിലെ അമിറ്റി സ്കൂളിലെ സാമൂഹിക ശാസ്ത്ര വിഭാഗം മേധാവിയാണ്. വണ്ടൂർ ചാത്തങ്ങോട്ടുപുറം കറുത്തേടത്ത് സൈനബയുടെയും പരേതനായ മുണ്ടയിൽ അഹമ്മദ് കുട്ടിയുടെയും മകനാണ്. ഭാര്യ: ആയിശ മർജാന. മകൾ: ഫാത്തിമ മറിയം.
സ്വീഡനിൽ മെഡിക്കൽ ഡോക്ടറും ക്ലിനിക്കൽ ന്യൂറോ സയന്റിസ്റ്റുമായ നത 2010ൽ കോഴിക്കോട് മെഡിക്കൽ കോളജിൽ ഒന്നാം വർഷ വൈദ്യശാസ്ത്ര വിദ്യാർഥിയായിരിക്കെയാണ് വിക്കിപീഡിയ കരിയർ ആരംഭിച്ചത്. മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിയിലെ ഫെഡറൽ ബാങ്ക് മാനേജറായ ഹുസൈന്റെയും കോഴിക്കോട് കോടതിയിലെ അഭിഭാഷകയായ ജുവൈരിയയുടെയും മൂത്തമകളാണ് നത ഹുസൈൻ. ഭർത്താവ്: അൻവർ ഹുസൈൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

