അന്താരാഷ്ട്ര വിദ്യാഭ്യാസ പരിശീലന പ്രദർശനത്തിന് തുടക്കം
text_fieldsഅജ്മാൻ അന്താരാഷ്ട്ര വിദ്യാഭ്യാസ പരിശീലന പ്രദർശനം ഉദ്ഘാടനം ചെയ്ത അജ്മാൻ
കിരീടാവകാശി ശൈഖ് അമ്മാർ ബിൻ ഹുമൈദ് അൽ നുഐമി പ്രദര്‍ശന നഗരി സന്ദര്‍ശിക്കുന്നു
അജ്മാന്: അജ്മാൻ അന്താരാഷ്ട്ര വിദ്യാഭ്യാസ പരിശീലന പ്രദർശനത്തിന്റെ 12-ാമത് പതിപ്പിന് തുടക്കമായി. അജ്മാനിലെ എമിറേറ്റ്സ് ഹോസ്പിറ്റാലിറ്റി സെന്ററില്‍ ആരംഭിച്ച പ്രദര്‍ശനം അജ്മാൻ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് അമ്മാർ ബിൻ ഹുമൈദ് അൽ നുഐമി ഉദ്ഘാടനം ചെയ്തു. പ്രദര്‍ശനം ഒരു ആഗോള അക്കാദമിക് പ്ലാറ്റ്ഫോമായി മാറിയിരിക്കുന്നുവെന്നും രാജ്യത്തിനകത്തും പുറത്തുമുള്ള ഉന്നത സർവകലാശാലകളെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ഇതിന്റെ കുടക്കീഴിൽ ഒരുമിച്ച് കൊണ്ടുവരുന്നുവെന്നും കിരീടാവകാശി പറഞ്ഞു.
ഇത് വിദ്യാർഥികൾക്ക് ആധുനിക അക്കാദമിക് പ്രോഗ്രാമുകളെക്കുറിച്ച് പഠിക്കാനും അവരുടെ അഭിലാഷങ്ങൾക്കും തൊഴിൽ വിപണിയുടെ ആവശ്യങ്ങൾക്കും അനുയോജ്യമായ മേഖലകൾ തിരഞ്ഞെടുക്കാനും അവസരം നൽകുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു. അജ്മാൻ ഭരണാധികാരിയുടെ ഭരണ-സാമ്പത്തിക കാര്യ പ്രതിനിധി ശൈഖ് അഹമ്മദ് ബിൻ ഹുമൈദ് അൽ നുഐമി, അജ്മാൻ ടൂറിസം വികസന വകുപ്പ് ചെയർമാൻ ശൈഖ് അബ്ദുൽ അസീസ് ബിൻ ഹുമൈദ് അൽ നുഐമി, അജ്മാൻ മുനിസിപ്പാലിറ്റി, പ്ലാനിങ് വകുപ്പ് ചെയർമാൻ ശൈഖ് റാശിദ് ബിൻ ഹുമൈദ് അൽ നുഐമി, അജ്മാൻ ചേംബർ ഡയറക്ടർ ബോർഡ് ചെയർമാൻ എൻജി. അബ്ദുല്ല ബിൻ മുഹമ്മദ് അൽ മുവൈജി തുടങ്ങി നിരവധി പ്രമുഖര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
ലോകമെമ്പാടുമുള്ള 62 ലധികം സർവകലാശാലകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പങ്കാളിത്തത്തോടെ അജ്മാൻ ചേംബർ ഓഫ് കോമേഴ്സാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. വ്യാഴാഴ്ച പ്രദർശനം അവസാനിക്കും. 62ലധികം സർവകലാശാലകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും പങ്കെടുക്കുന്നുണ്ട്. പ്രദര്‍ശനത്തിലേക്ക് പ്രവേശനം സൗജന്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

