ദുബൈയിൽ രാജ്യാന്തര ക്രിമിനൽ സംഘം പിടിയിൽ
text_fieldsദുബൈ: അനധികൃത സാമ്പത്തിക ഇടപാടുകളിലൂടെ നേടിയ കള്ളപ്പണം വ്യാജ കമ്പനികൾ നിർമിച്ച് കൈമാറ്റം ചെയ്യുന്ന രാജ്യാന്തര ക്രിമിനൽ സംഘം ദുബൈ പൊലീസ് പിടിയിൽ. രണ്ടംഗ സംഘമാണ് ജനറൽ ഡിപാർട്ട്മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷനിലെ വഞ്ചനവിരുദ്ധ സേനയുടെ പിടിയിലായത്. കള്ളപ്പണം കൈമാറാൻ ഇവർ നിർമിച്ച വ്യാജ കമ്പനികൾ വഴി ശരിയായ ബിസിനസ് പ്രവർത്തനങ്ങളൊന്നും നടത്തിയിരുന്നില്ലെന്ന് അന്വേഷണത്തിൽ പൊലീസ് കണ്ടെത്തി.
രാജ്യത്തെ ബാങ്കുകളേയും നിയന്ത്രണ അതോറിറ്റികളേയും കബളിപ്പിക്കാൻ ലക്ഷ്യമിട്ടാണ് ഇത്തരം ഷെൽ കമ്പനികൾ നിർമിച്ചിരുന്നത്. ഇതു വഴി കള്ളപ്പണത്തിന്‍റെ ഉറവിടം മറച്ചുപിടിക്കുകയായിരുന്നു പ്രതികളുടെ പ്രധാന ലക്ഷ്യം. അതോടൊപ്പം ബാങ്ക് ഇടപാടുകൾ വഴിയുള്ള ലാഭം നേടുകയും ചെയ്തിരുന്നു. വിവിധ അതോറിറ്റികളുമായി ചേർന്ന് നടത്തിയ സുക്ഷ്മമായ നിരീക്ഷണത്തിലൊടുവിലാണ് പ്രതികൾ വലയിലായതെന്ന് ദുബൈ പൊലീസ് അറിയിച്ചു. പ്രതികളുടെ പേരും വിവരങ്ങളും പൊലീസ് പുറത്തുവിട്ടിട്ടില്ല.
വിദഗ്ധർ അടങ്ങുന്ന പ്രത്യേക ടീമിനെ രൂപവത്കരിച്ചാണ് സംഘത്തിന്‍റെ തട്ടിപ്പ് രീതികൾ കണ്ടെത്തിയതും മുഴുവൻ പ്രതികളേയും പിടികൂടാനായതും. പ്രോസിക്യൂഷൻ നടപടികൾക്കായി പ്രതികളെ ബന്ധപ്പെട്ട അതോറിറ്റികൾക്ക് കൈമാറും. സംഘടിത കുറ്റകൃത്യങ്ങളെ തടയുന്നതിലും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരായുള്ള എമിറേറ്റിന്‍റെ സാമ്പത്തിക ചട്ടക്കൂടിനെ സംരക്ഷിക്കുന്നതിലും ദുബൈ പൊലീസിന്‍റെ പ്രതിബദ്ധതയാണ് കേസ് അടിവരയിടുന്നത്. എമിറേറ്റിലെ ബിസിനസ് സ്ഥാപനങ്ങളും വ്യവസായികളും ഇത്തരം തട്ടിപ്പുകൾക്കെതിരെ ജാഗ്രത പുലർത്തണം. സംശയകരമായ സാമ്പത്തിക ഇടപാടുകൾ ശ്രദ്ധയിൽപ്പെട്ടാൽ ‘പൊലീസ് ഐ’യിലോ 901 എന്ന ടോൾ ഫ്രീ നമ്പറിലോ റിപോർട്ട് ചെയ്യണമെന്നും പൊലീസ് അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

