ഇന്റർനാഷനൽ സിറ്റി തീപിടിത്തം; അതിവേഗ രക്ഷാപ്രവർത്തനം തുണയായത് നിരവധിപേർക്ക്
text_fieldsതീപിടിത്തത്തിൽ അപ്പാർട്മെന്റിൽ അകപ്പെട്ടയാളെ സിവിൽ ഡിഫൻസ് രക്ഷിക്കുന്നു. ദുബൈ മീഡിയ ഓഫിസ് പങ്കുവെച്ച വീഡിയോ ദൃശ്യം
ദുബൈ: നഗരത്തിലെ തിരക്കേറിയ താമസകേന്ദ്രങ്ങളിലൊന്നായ ഇന്റർനാഷനൽ സിറ്റിയിൽ ശനിയാഴ്ച രാത്രിയുണ്ടായ തീപിടിത്തത്തിൽ വൻദുരന്തം ഒഴിവായത് അധികൃതരുടെ ചടുലമായ ഇടപെടലിൽ. തീപിടിത്തം റിപ്പോർട്ട് ചെയ്യപ്പെട്ട ഉടൻ എല്ലാ സംവിധാനങ്ങളുമായി പ്രദേശത്തെത്തിയ ദുബൈ പൊലീസ്, ദുബൈ സിവിൽ ഡിഫൻസ് സേനാംഗങ്ങൾ സാഹസികമായ ഇടപെടലാണ് നടത്തിയത്. ഹെലികോപ്റ്ററുകൾ, ഡ്രോൺ സംവിധാനം, ക്രെയിൻ എന്നിവയടക്കം വിപുല സജ്ജീകരണങ്ങളുമായി എത്തിയ സേനാംഗങ്ങൾ കെട്ടിടത്തിൽ കുടുങ്ങിയവരെ വളരെ പെട്ടെന്ന് പുറത്തിറക്കുകയായിരുന്നു.
അപകടത്തിൽ അപ്പാർട്മെന്റുകളിലൊന്നിൽ കുടുങ്ങിയ താമസക്കാരനെ പുറത്തിറക്കുന്ന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം ദുബൈ മീഡിയ ഓഫിസ് പങ്കുവെച്ചിരുന്നു. പുക നിറഞ്ഞ മുറിയിലേക്ക് വാതിൽ തകർത്ത് അകത്തുകയറിയാണ് സേനാംഗങ്ങൾ ഇയാളെ രക്ഷിച്ചത്. പേടിച്ചരണ്ട ഇയാളെ ഓക്സിജൻ ഉപകരണങ്ങൾ ഘടിപ്പിച്ച് ആശ്വസിപ്പിച്ചുകൊണ്ടാണ് അധികൃതർ പുറത്തിറക്കിയത്. ദുബൈ പൊലീസും സിവിൽ ഡിഫൻസും താമസക്കാരുടെ ജീവനും സ്വത്തും സംരക്ഷിക്കാൻ എല്ലാ പരിശ്രമങ്ങൾക്കും സന്നദ്ധമാണെന്ന് വിഡിയോ പങ്കുവെച്ച് അധികൃതർ വ്യക്തമാക്കി. തീപിടിത്തമുണ്ടായപ്പോൾ തന്നെ സുരക്ഷാ ജീവനക്കാരും താമസക്കാരും എല്ലാവരെയും പുറത്തിറക്കാൻ ശ്രമം ആരംഭിച്ചിരുന്നു. മുറികളിലുള്ളവരെ വിളിച്ച് പുറത്തിറങ്ങാൻ ആവശ്യപ്പെടാനും മറ്റും സുരക്ഷ ജീവനക്കാർക്കൊപ്പം താമസക്കാരിൽ പലരും പങ്കുചേർന്നു.
അതേസമയം, കെട്ടിടത്തിൽ നിന്ന് ഒഴിപ്പിച്ച താമസക്കാരെ സുരക്ഷ കാരണങ്ങളാൽ തിരികെ പ്രവേശിപ്പിച്ചിട്ടില്ല. സുരക്ഷ ഉറപ്പുവരുത്തിയശേഷം അപകടം സംഭവിക്കാത്ത അപ്പാർട്മെന്റുകളിലേക്ക് താമസക്കാരെ മടങ്ങാൻ അനുവദിച്ചേക്കും. ആഫ്രിക്ക, ചൈന, ഇന്ത്യ, പാകിസ്താൻ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് കെട്ടിടത്തിൽ കഴിയുന്നവരിൽ ഏറെയും. സംഭവത്തിൽ മരിച്ചത് ആഫ്രിക്കൻ സ്വദേശിയാണ്. കെട്ടിടത്തിലെ ഓരോ നിലയിലും 12അപ്പാർട്മെന്റുകൾ വീതമുണ്ട്. മുകളിലെ അപ്പാർട്മെൻറുകളിലൊന്നാണ് തീപിടിത്തമുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

