അന്താരാഷ്ട്ര ആസ്ട്രോനോട്ടിക്കൽ കോൺഗ്രസ് ദുബൈയിൽ
text_fieldsദുബൈ: 71 ാമത് അന്താരാഷ്ട്ര ആസ്ട്രോനോട്ടിക്കൽ കോൺഗ്രസ് 2020ൽ ദുബൈയിൽ നടക്കും. ആദ്യമായാണ് ഒരു അറബ് രാഷ്ട്രം ഇൗ സമ്മേളനത്തിന് ആതിഥ്യം വഹിക്കുന്നത്. സമ്മേളന വേദി നിശ്ചയിക്കാൻ അന്താരാഷ്ട്ര ആസ്ട്രോനോട്ടിക്കൽ ഫെഡറേഷൻ നടത്തിയ തെരഞ്ഞെടുപ്പിൽ വിജയിച്ചാണ് ദുബൈ അർഹത നേടിയത്. സമ്മേളന വേദിയായി ദുബൈ തെരഞ്ഞെടുക്കപ്പെട്ടത് ബഹിരാകാശ ഗവേഷണ രംഗത്ത് യു.എ.ഇ നേടിയ വളർച്ചക്കുള്ള അംഗീകാരമാണെന്ന് ദുബൈ കിരീടാവകാശിയും ദുബൈ എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ട്വിറ്ററിൽ അറിയിച്ചു. ദുബൈയെ സമ്മേന വേദിയാക്കാൻ ശ്രമം നടത്തുന്നുണ്ടെന്ന് മുഹമ്മദ് ബിൻ റാഷിദ് ബഹിരാകാശ കേന്ദ്രം അധികൃതർ സൂചിപ്പിച്ചിരുന്നു.
യു.എ.ഇയുടെ ബഹിരാകാശ പദ്ധതികളെപ്പറ്റിയും അറബ്, ഇസ്ലാമിക രാജ്യങ്ങളിൽ ഇൗ സമ്മേളനം നടത്തേണ്ടതിെൻറ പ്രാധാന്യത്തെക്കുറിച്ചും ബോധ്യപ്പെടുത്താൻ കഴിഞ്ഞതാണ് തീരുമാനം ദുബൈക്ക് അനുകൂലമാക്കിയത്. സമ്മേളം യു.എ.ഇയുടെയും മേഖലയുടെയും ബഹിരാകാശ രംഗത്ത് ഗുണകരമായ മാറ്റമുണ്ടാക്കുമെന്നാണ് കണക്കുകൂട്ടൽ.
ഉപഗ്രഹങ്ങൾ, ബഹിരാകാശ വാഹനം, റോക്കറ്റ് പ്രൊപ്പൽഷൻ സിസ്റ്റം തുടങ്ങി ബഹിരാകാശവുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ നൂതന കണ്ടത്തലുകളും ആശയങ്ങളും സമ്മേളനത്തിൽ അവതരിപ്പിക്കപ്പെടും. 70 രാജ്യങ്ങളിൽ നിന്നായി 5000 ശാസ്ത്രജ്ഞർ സമ്മേളനത്തിൽ പെങ്കടുക്കും.