മെട്രോ, ട്രാം സ്റ്റേഷനുകളിൽ പരിശോധനക്ക് സംയോജിത സംവിധാനം
text_fieldsദുബൈ: മെട്രോ, ട്രാം സ്റ്റേഷനുകളിൽ യാത്രക്കാരുടെ നിയമലംഘനങ്ങൾ പരിശോധിക്കുന്നതിനും നിരീക്ഷണം ശക്തമാക്കുന്നതിനും സംയോജിത ഡിജിറ്റൽ സംവിധാനം വികസിപ്പിച്ച് ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). കിയോലിസ് എം.എച്ച്.ഐ എന്ന കമ്പനിയുമായി കൈകോർത്ത് വികസിപ്പിച്ച സംവിധാനത്തിലൂടെ പരിശോധന കൂടുതൽ കാര്യക്ഷമമായി നടത്താൻ സാധിക്കുമെന്ന് ആർ.ടി.എ അറിയിച്ചു.
സിൽവർ നോൾ കാർഡ് ഉടമകൾ അനധികൃതമായി ഗോൾഡ് ക്ലാസ് ക്യാബിൻ ഉപയോഗിക്കുന്നതും സ്ത്രീകൾക്കായി ഒരുക്കിയ സ്ഥലങ്ങളുടെ ദുരുപയോഗം കണ്ടെത്താനും നിയമലംഘനങ്ങൾ നിരീക്ഷിക്കുന്നതിനും പുതിയ സംവിധാനം സഹായകമാവും. കൂടാതെ നിയമലംഘനങ്ങൾ ഫലപ്രദമായി കണ്ടെത്തുന്നതിനും നിയന്ത്രിക്കുന്നതിനും ഒപ്പം കൂടുതൽ നിരീക്ഷണം ആവശ്യമുള്ള ഉയർന്ന മുൻഗണനാ മേഖലകൾ തിരിച്ചറിഞ്ഞ് ഫെയർ ഇൻസ്പെക്ടർമാരുടെ വിന്യാസം വർധിപ്പിക്കാനും സാധിക്കും.
ഇൻസ്പെക്ടർമാരുടെ പ്രകടനം തൽസമയം നിരീക്ഷിക്കുന്നതിനും തൽസമയ അപ്ഡേറ്റുകൾ നടത്താനും പുതിയ സംവിധാനത്തിലൂടെ കഴിയുമെന്ന് ആർ.ടി.എ പ്രസ്താവനയിൽ വ്യക്തമാക്കി. അതോടൊപ്പം യാത്രക്കാരുടെ വിവരങ്ങൾ റെക്കോഡ് ചെയ്യുന്നതിലൂടെ ആവർത്തിച്ചുള്ള നിയമലംഘകരെ കണ്ടെത്താനാവും. പുതിയ സംവിധാനം ഒരുക്കുന്നതിലൂടെ പ്രതിമാസ പരിശോധന നിരക്ക് 14 ശതമാനം വർധിപ്പിക്കാനാവും. വിഭവ ഉപഭോഗം കുറക്കുന്നതിലൂടെയും പരിസ്ഥിതി സൗഹൃദരീതികൾ പ്രോത്സാഹിപ്പിക്കുന്നതിലൂടെയും കൂടുതൽ സുസ്ഥിരമായ ഗതാഗത സംവിധാനങ്ങളെ പരിപോഷിപ്പിക്കുന്നതിലൂടെയും നഗര സുസ്ഥിരത ശ്രമങ്ങളെ പിന്തുണക്കുന്നതിനും നൂതന സാങ്കേതികവിദ്യ സഹായിക്കും. യാത്രക്കാർക്ക് തടസരഹിതമായ യാത്ര ഇതുവഴി സമ്മാനിക്കാനാവുമെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
