യു.എ.ഇയിൽ തൊഴിൽ നഷ്ടപ്പെടുന്നവർക്ക് ഇൻഷൂറൻസ്; ജൂൺ 30നകം എല്ലാവരും ചേരണം
text_fieldsദുബൈ: തൊഴിൽ നഷ്ടപ്പെടുന്നവർക്ക് ഇൻഷൂറൻസ് ഏർപെടുത്തിയ പദ്ധതിയിൽ ജൂൺ 30നുള്ളിൽ എല്ലാ ജീവനക്കാരും ചേരണമെന്ന് നിർദേശം. ജനുവരി ഒന്ന് മുതൽ സബ്സ്ക്രിപ്ഷൻ തുടങ്ങിയിരുന്നു. അടുത്ത വർഷം മുതൽ ഇതിന്‍റെ ആനുകൂല്യം ലഭ്യമായി തുടങ്ങും. അതേസമയം, ഈ വർഷം ജനുവരി ഒന്നിന് ശേഷം ജോലിക്ക് കയറുന്നവർ ജോലിയിൽ പ്രവേശിച്ച് നാല് മാസത്തിനുള്ളിലാണ് ഇൻഷൂറൻസ് ചേരേണ്ടത്. നിശ്ചിത സമയത്ത് ചേർന്നില്ലെങ്കിൽ 400 ദിർഹം വീതം പിഴ അടക്കേണ്ടി വരും.
18 വയസിന് മുകളിലുള്ള എല്ലാവർക്കും നിർബന്ധമാണ്. പ്രീമിയം അടവിൽ വീഴ്ചവരുത്തിയാൽ 200 ദിർഹവും പിഴ നൽകണം. തൊഴിലാളികളാണ് പ്രീമിയം അടക്കേണ്ടത്. ഐ.എൽ.ഒ.ഇയുടെ വെബ്സൈറ്റ് വഴിയോ (iloe.ae) സ്മാർട്ട് ആപ്പ് വഴിയോ ഇൻഷൂറൻസ് ചേരാം. ഇത്തിസാലാത്ത്, ഡു, അൽ അൻസാരി എക്സ്ചേഞ്ച്, ബാങ്ക് എ.ടി.എമ്മുകൾ തുടങ്ങിയവ വഴിയും ഇൻഷൂറൻസിന്റെ ഭാഗമാകാനും പ്രീമിയം അടക്കാനും കഴിയും.
ജോലി പോയാൽ മൂന്ന് മാസം വരെ ശമ്പളത്തിന്‍റെ 60 ശതമാനം ലഭിക്കുന്ന രീതിയിലാണ് പദ്ധതി. ജീവനക്കാർക്ക് മാസം അഞ്ച് ദിർഹം മുതൽ പ്രീമിയം അടച്ച് ഇൻഷൂറൻസിന്റെ ഭാഗമാകാം.
രണ്ട് തരം ഇൻഷൂറൻസാണ് അവതരിപ്പിക്കുന്നത്. 16,000 ദിർഹം വരെ അടിസ്ഥാന ശമ്പളമുള്ളവർക്ക് മാസത്തിൽ അഞ്ച് ദിർഹം വീതം അടച്ച് ഇൻഷൂറൻസിൽ ചേരാം. അല്ലെങ്കിൽ വർഷത്തിൽ 60 ദിർഹം അടക്കണം. 16,000 ദിർഹമിന് മുകളിൽ അടിസ്ഥാന ശമ്പളമുള്ളവർ മാസം 10 ദിർഹം വീതമോ വർഷത്തിൽ 120 ദിർഹമോ പ്രീമിയം അടക്കണം. മാസത്തിലോ 3, 6, 9,12 മാസത്തേക്കോ ഒരുമിച്ച് പ്രീമിയം അടക്കാൻ സൗകര്യമുണ്ട്. ശമ്പളം 16,000 ദിർഹമിൽ താഴെയുള്ളവർക്ക് പരമാവധി പ്രതിമാസം 10,000 ദിർഹമാണ് ഇൻഷൂറൻസായി ലഭിക്കുക. 16,000 ദിർഹമിന് മുകളിലുള്ളവർക്ക് പരമാവധി 20,000 ദിർഹം ലഭിക്കും. അടിസ്ഥാന ശമ്പളത്തിന്‍റെ 60 ശതമാനമാണ് ഇൻഷൂറൻസ് തുകയായി കണക്കാക്കുന്നത്. ജോലി നഷ്ടപ്പെട്ട് മൂന്ന് മാസം വരെയാണ് ഇൻഷൂറൻസ് തുക ലഭിക്കുന്നത്. എന്നാൽ, ഇക്കാലയളവിനിടെ പുതിയ ജോലി ലഭിക്കുകയോ രാജ്യം വിടുകയോ ചെയ്താൽ പിന്നീട് തുക ലഭിക്കില്ല. ജോലി നഷ്ടപ്പെട്ട് 30 ദിവസത്തിനുള്ളിൽ െക്ലയിമിനായി അപേക്ഷ സമർപ്പിക്കണം. രണ്ടാഴ്ചക്കുള്ളിൽ തുക ലഭിച്ച് തുടങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

