ദുബൈ പൊതുഗതാഗത രംഗത്ത് പരിശോധന ശക്തം
text_fieldsദുബൈ: പൊതുഗതാഗത മേഖലയിലെ ചെറുതും വലുതുമായ നിയമലംഘനങ്ങൾ കണ്ടെത്താൻ പരിശോധന ശക്തമാക്കി ദുബൈ അധികൃതർ. ജൂൺ, ജൂലൈ മാസങ്ങളിലെ പരിശോധനയുടെ വിവരങ്ങൾ പുറത്തുവിട്ടാണ് റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) ഇക്കാര്യം അറിയിച്ചത്. ദുബൈ പൊലീസിന്റെയും റെസിഡൻസി, ഫോറിനേഴ്സ് അഫേഴ്സ് വിഭാഗത്തിന്റെയും സഹകരണത്തോടെയാണ് പരിശോധനകൾ നടത്തിയിട്ടുള്ളത്. ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന ടാക്സികൾ, പണമടക്കാതെ യാത്ര ചെയ്യുന്നവർ എന്നിങ്ങനെയാണ് കുറ്റകൃത്യങ്ങൾ കണ്ടെത്തിയിരിക്കുന്നത്. ബസ് സർവിസുകൾ, ടാക്സികൾ, മെട്രോ സർവിസ് എന്നിവ കേന്ദ്രീകരിച്ചാണ് പ്രധാനമായും പരിശോധന നടന്നത്.
അൽ റഫ പൊലീസ് സ്റ്റേഷനുമായി സഹകരിച്ച് ജൂണിലും ജൂലൈയിലും രണ്ടു പരിശോധനകൾ നടന്നു. അൽ ഗുബൈബയിൽ നടന്ന പരിശോധനയിൽ 39 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. യാത്രക്കാരെ കൊണ്ടുപോകാൻ ലൈസൻസില്ലാത്ത ആറു വാഹനങ്ങൾ പരിശോധനകളിൽ പിടിച്ചെടുത്തു. ജൂലൈയിൽ വിവിധ ഭാഗങ്ങളിലായി നടന്ന പരിശോധനയിൽ 591 പേർ പണമടക്കാതെ പൊതുഗതാഗത വാഹനങ്ങളിൽ സഞ്ചരിച്ചതിന് പിടിയിലായി. 33 പേർ നോൽ കാർഡ് കൈവശമില്ലാതെയാണ് പിടിയിലായത്. കാലാവധി കഴിഞ്ഞ നോൽ കാർഡുമായി സഞ്ചരിച്ച അഞ്ചുപേരെയും പിടികൂടി. ആർ.ടി.എ നിയമങ്ങൾ പാലിക്കാതെ സഞ്ചരിക്കുകയും വാഹനങ്ങൾ ഉപയോഗിക്കുകയും ചെയ്തവർക്കുമെതിരെയും നടപടി സ്വീകരിച്ചിട്ടുണ്ട്.
ഉപയോക്താക്കൾ ആർ.ടി.എ നിയമങ്ങളും നിയന്ത്രണങ്ങളും പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുന്നതിനാണ് പരിശോധന ശക്തമാക്കിയതെന്ന് അധികൃതർ വാർത്തക്കുറിപ്പിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

