ലേബർ ക്യാമ്പുകളിൽ പരിശോധന ശക്തം
text_fieldsദുബൈ: രാജ്യത്തെ ലേബർ ക്യാമ്പുകളിൽ സുരക്ഷാ പരിശോധന ശക്തമാക്കി മാനവ വിഭവ ശേഷി എമിററ്റൈസേഷൻ മന്ത്രാലയം. കഴിഞ്ഞ മൂന്നാഴ്ചക്കിടെ നടത്തിയ പരിശോധനകളിൽ വിവിധ ലേബർ ക്യാമ്പുകളിലായി 352 നിയമലംഘനങ്ങൾ കണ്ടെത്തി.
എയർ കണ്ടീഷന്‍റെയും വെന്‍റിലേഷന്‍റെയും അപര്യാപ്തത, തീപിടിക്കുന്ന വസ്തുക്കൾ സുരക്ഷിതമായി സൂക്ഷിക്കുന്നതിലെ വീഴ്ച, ശുചിത്വമില്ലായ്മ, താമസസ്ഥലത്തെ വൃത്തിയുമായി ബന്ധപ്പെട്ട മറ്റു വിഷയങ്ങൾ എന്നിവയാണ് പരിശോധനയിൽ കണ്ടെത്തിയത്. മേയ് 20 മുതൽ ജൂൺ ഏഴുവരെയായിരുന്നു പരിശോധന.
ഇതിൽ മാനദണ്ഡങ്ങൾ പാലിക്കാത്ത ചില കമ്പനികൾക്ക് മുന്നറിയിപ്പു നൽകുകയും മറ്റുചിലർക്ക് പിഴ ചുമത്തുകയും ചെയ്തു. തൊഴിലാളികൾക്ക് താമസ സ്ഥലം ഒരുക്കാൻ ചില കമ്പനികൾക്ക് ഒരു മാസം വരെ സമയം അനുവദിക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു.
മുഴുവൻ തൊഴിലാളികൾക്കും സുരക്ഷ, സൗകര്യം എന്നിവയുടെ ഉയർന്ന നിലവാരം പുലർത്തുന്ന തൊഴിൽ സാഹചര്യങ്ങൾ നൽകാൻ മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്ന് പരിശോധനകാര്യ അസിസ്റ്റന്‍റ് അണ്ടർ സെക്രട്ടറി മുഹ്സിൻ അലി അൽ നാസി പറഞ്ഞു.
തൊഴിലാളികൾക്ക് സൗകര്യപ്രദമായ താമസസ്ഥലം അനുവദിക്കാനുള്ള ഉത്തരവാദിത്തം കമ്പനികൾ നിർവഹിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി ലേബർ ക്യാമ്പുകളിൽ സ്ഥിരമായി പരിശോധന നടത്താറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലേബർ ക്യാമ്പുകളിൽ തടസ്സപ്പെടാത്ത രീതിയിലുള്ള ശുചീകരണം, തണുത്ത വെള്ളം, ബെഡ്റൂമുകൾ, വാഷ്റൂം ഉപകരണങ്ങൾ എന്നിവ കമ്പനികൾ നിർബന്ധമായും അനുവദിക്കണമെന്നാണ് നിയമം. കൂടാതെ ഒരു തൊഴിലാളിക്ക് ചുരുങ്ങിയത് മൂന്ന് ചതുരശ്ര മീറ്റർ സ്ഥലം അനുവദിക്കുകയും ചെയ്യണം.
യു.എ.ഇയിൽ ലേബർ ക്യാമ്പുകളിലായി ഏതാണ്ട് 15 ലക്ഷം തൊഴിലാളികൾ താമസിക്കുന്നുണ്ടെന്നാണ് മന്ത്രാലയത്തിന്‍റെ കണക്ക്. 18,00 കമ്പനികൾ ഇലക്ട്രോണിക് ലേബർ അക്കൊമഡേഷൻ സംവിധാനത്തിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

