അഗ്നി സുരക്ഷ ഉറപ്പാക്കാൻ ഷാർജയിൽ പരിശോധന
text_fieldsഷാർജ: തീപിടിത്ത സംഭവങ്ങൾ വർധിക്കുന്ന പശ്ചാത്തലത്തിൽ കർശന പരിശോധന നടപടികളുമായി ഷാർജ അധികൃതർ. വേനൽ കനക്കുന്ന പശ്ചാത്തലത്തിലാണ് കെട്ടിടങ്ങൾ അഗ്നി സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്നത്. സാനെഡ് ഫെസിലിറ്റി മാനേജ്മെന്റ് ഷാർജ സിവിൽ ഡിഫൻസ് അതോറിറ്റിയുമായും ഷാർജ പ്രിവൻഷൻ ആൻഡ് സേഫ്റ്റി അതോറിറ്റിയുമായും ചേർന്നാണ് ഫീൽഡ് ഇൻസ്പെക്ഷൻ കാമ്പയിൻ ആരംഭിച്ചത്.
ഷാർജയിലെ കെട്ടിടങ്ങളിലെ ഫയർ അലാറം, നേരത്തേയുള്ള മുന്നറിയിപ്പ് സംവിധാനങ്ങൾ എന്നിവയുടെ പ്രവർത്തനം വിലയിരുത്തുന്നതിനും മെച്ചപ്പെടുത്തുന്നതിനുമാണ് കാമ്പയിൻ പ്രധാനമായും ലക്ഷ്യമിടുന്നത്. അലാറം സംവിധാനങ്ങളിലെ സാങ്കേതിക പ്രശ്നങ്ങൾ കണ്ടെത്തുകയും പരിഹരിക്കുകയും ചെയ്യുന്നതിന് തീപിടിത്തം നേരത്തേ കണ്ടെത്താനും കൂടുതൽ അപകടങ്ങളുണ്ടാവുന്നതിനു മുമ്പ് രക്ഷാപ്രവർത്തനം തുടങ്ങാനും സാധിക്കും.
സിവിൽ ഡിഫൻസിന്റെയും സനെഡിന്റെയും പ്രവർത്തന കേന്ദ്രങ്ങളുമായി നേരിട്ട് ഫയർ അലാറങ്ങളെ ബന്ധിപ്പിക്കുന്ന ഡിജിറ്റൽ പ്ലാറ്റ്ഫോമായ ‘അമാൻ’ സിസ്റ്റമാണ് പ്രധാനമായും വിലയിരുത്തുക. ഈ സംവിധാനം തത്സമയ നിരീക്ഷണത്തിനും പൊതു സുരക്ഷയെ അപകടപ്പെടുത്തുന്ന തകരാറുകൾ വേഗത്തിൽ കണ്ടെത്തുന്നതിനും സഹായിക്കുന്ന സുപ്രധാന സംവിധാനമാണ്. തകരാറുകൾ ഉണ്ടെന്ന് ‘അമാൻ’ റിപ്പോർട്ട് ചെയ്ത കെട്ടിടങ്ങളെയാണ് കാമ്പയിനിന്റെ ആദ്യ ഘട്ടത്തിൽ ഉൾപ്പെടുത്തുന്നത്. സിവിൽ ഡിഫൻസ് ഔദ്യോഗികമായി അംഗീകരിച്ച കരാറുകാർ വഴി കെട്ടിട ഉടമകളെയും പ്രോപ്പർട്ടി മാനേജർമാരെയും തകരാറുകൾ അറിയിക്കുകയും സമയബന്ധിതമായ അറ്റകുറ്റപ്പണികൾ നടത്താൻ നിർദേശിക്കുകയും ചെയ്യും.
വേനൽ കനത്തതോടെ വിവിധ സ്ഥലങ്ങളിൽ തീപിടിത്ത സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. രണ്ട് ദിവസം മുമ്പ് അൽ സജാ പ്രദേശത്ത് പെട്രോ കെമിക്കൽ, ഫൈബർ ഗ്ലാസ് വസ്തുക്കൾ സൂക്ഷിച്ച സ്ഥലത്ത് തീപിടിത്തമുണ്ടായിരുന്നു. സംഭവം റിപ്പോർട്ട് ചെയ്ത ഉടൻ സ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് അംഗങ്ങൾ തീയണച്ച് മറ്റിടങ്ങളിലേക്ക് അഗ്നിബാധ പടരുന്നത് തടഞ്ഞു. സമാനമായ അപകടങ്ങൾ ശ്രദ്ധയിൽ പെടുന്നവർ 997 എന്ന നമ്പറിലേക്ക് അറിയിക്കമെന്നും അതോറിറ്റി ആവശ്യപ്പെട്ടു. കഴിഞ്ഞ മാസം ഷാർജയിലെ അൽനഹ്ദയിലുണ്ടായ വലിയ തീപിടിത്തത്തിൽ അഞ്ച് താമസക്കാർ മരിക്കുകയും ആറുപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

