ഡെലിവറി മേഖലയിൽ പരിശോധന ശക്തം: 1200 പേർക്ക് പിഴയിട്ടു
text_fieldsഡെലിവറി റൈഡർമാരെ പരിശോധിക്കുന്ന ആർ.ടി.എ ഉദ്യോഗസ്ഥൻ
ദുബൈ: ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആ.ടി.എ). നിയമം ലംഘിച്ച 77 ബൈക്കുകൾ അധികൃതർ പിടിച്ചെടുത്തു. 1200 പേർക്ക് പിഴ ചുമത്തി. ദുബൈ നഗരത്തിൽ ഡെലിവറി ബൈക്കുകൾ കൂടുതൽ സജീവമായ ഹെസ്സ സ്ട്രീറ്റ്, സഅബീൽ സ്ട്രീറ്റ്, ജുമൈറ, ഡൗൺടൗൺ, മിർദിഫ്, മോട്ടോർ സിറ്റി എന്നിവിടങ്ങളിലാണ് ആർ.ടി.എ പരിശോധന ഊർജിതമാക്കിയത്.
പരിശോധനയിൽ രജിസ്ട്രേഷനില്ലാത്തതും ഇൻഷുറൻസില്ലാത്തതും റോഡിലിറക്കാൻ യോഗ്യതയില്ലാത്തതുമായ 44 ബൈക്കുകൾ ആർ.ടി.എ പിടിച്ചെടുത്തു. പെർമിറ്റില്ലാത്തതും റോഡിലിറക്കാൻ പാടില്ലാത്തതുമായ 33 ഇലക്ട്രിക് ബൈക്കുകളും ഡെലിവറി ജീവനക്കാരിൽനിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ഡെലിവറി മേഖലയിൽ പാലിക്കേണ്ട സുരക്ഷാ ചട്ടങ്ങളിൽ വീഴ്ച വരുത്തിയതിനാണ് 1200 പേർക്ക് ആർ.ടി.എ പിഴയിട്ടത്. ഹെൽമറ്റ്, കൈയുറ, നീഗാർഡ്, എൽബോ ഗാർഡ് എന്നിവ ധരിക്കാത്തവർക്കെല്ലാം പിഴ ലഭിച്ചിട്ടുണ്ട്. പ്രഫഷനൽ ട്രെയിനിങ് സർട്ടിഫിക്കറ്റില്ലാതെ ഡെലിവറി നടത്തിയവരും അപകടകരമായി ബൈക്കോടിച്ചവരും പിഴ ലഭിച്ചവരിൽ ഉൾപ്പെടുന്നു.
11,000ലേറെ പരിശോധനകളാണ് ആർ.ടി.എ നടത്തിയത്. 3600ലേറെ ഡെലിവറി ഡ്രൈവർമാരെ ലക്ഷ്യമിട്ട് സുരക്ഷാ ബോധവത്കരണ കാമ്പയിനും ആർ.ടി.എ ആരംഭിക്കും. അധികൃതർ നടത്തുന്ന പരിശോധനയുമായി ഡെലിവറി ഡ്രൈവർമാർ സഹകരിക്കണമെന്ന് ആർ.ടി.എ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

