ഹഫീത് റെയിൽ ശൃംഖലയിൽ നൂതന ലോജിസ്റ്റിക്സ് സംവിധാനം
text_fieldsദുബൈ: യു.എ.ഇയെയും ഒമനെയും ബന്ധിപ്പിച്ച് വരുന്ന റെയിൽവെ പദ്ധതിയുടെ ഡെവലപ്പറായ ഹഫീത് റെയിൽ ബ്രസീലിലെ മുൻനിര ഇരുമ്പയിര് ഉത്പാദകരിൽ ഒന്നായ ഇറ്റാമിനാസ് മിനറൽ ട്രേഡിങുമായി ഒരു സഹകരണ കരാറിൽ ഒപ്പുവച്ചു. ഹഫീത് റെയിൽ ശൃംഖല ഉപയോഗപ്പെടുത്തി സംയോജിതവും സുസ്ഥിരവുമായ ചരക്ക് കടത്ത് സംവിധാനം സ്ഥാപിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള തന്ത്രപരമായ സഹകരണമാണ് കരാർ. ഈ സംരംഭം ലോജിസ്റ്റിക് പ്രവർത്തനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുകയും ഇരു രാജ്യങ്ങളിലെയും ഇരുമ്പ്, ഉരുക്ക് വ്യവസായത്തെ പിന്തുണക്കുകയും ചെയ്യുമെന്നാണ് കരുതുന്നത്.
ഹഫീത് റെയിലിന്റെ ആധുനിക അടിസ്ഥാന സൗകര്യങ്ങളെ അടിസ്ഥാനമാക്കി വിശ്വസനീയവും കാര്യക്ഷമവുമായ ഗതാഗത ശൃംഖല വികസിപ്പിക്കുക എന്നതും ഈ സഹകരണത്തിന്റെ ലക്ഷ്യമാണ്.
ഹഫീത് റെയിൽ ശൃംഖലയുമായുള്ള സംയോജനത്തിന് പുറമേ, സുഹാർ തുറമുഖത്തിന്റെ സ്ഥാനം, ഇരുമ്പയിര് ഇറക്കുമതി ചെയ്യുന്നതിലും സംസ്കരിക്കുന്നതിലും നിർണായക പങ്ക് എന്നിവ ഇത് പ്രയോജനപ്പെടുത്തും. ഉയർന്ന നിലവാരമുള്ള ഇരുമ്പയിര് ഉൽപാദനത്തിൽ ഇറ്റാമിനാസ് വൈദഗ്ദ്ധ്യം നേടിയിട്ടുണ്ട്. നിലവിലെ വാർഷിക ഉൽപാദന ശേഷി 6.5 ദശലക്ഷം ടൺ ആണ്, പരിസ്ഥിതി അനുമതികളോടെ ഇത് പ്രതിവർഷം 15.5 ദശലക്ഷം ടണ്ണായി വികസിപ്പിക്കാൻ കഴിയും.ഉരുക്ക് മേഖലയിൽ സാന്നിധ്യം ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി, ബ്രസീലിലെ സുഡെറ്റ് തുറമുഖം വഴി ഉൽപാദനത്തിന്റെ ഒരു പ്രധാന ഭാഗം മിഡിൽ ഈസ്റ്റിലേക്ക് കയറ്റുമതി ചെയ്യാൻ കമ്പനി ഉദ്ദേശിക്കുന്നു.
അതേസമയം, ഒമാനിലെ സുഹാറിനെയും യു.എ.ഇയിലെ അബൂദബിയെയും ബന്ധിപ്പിക്കുന്ന ഹഫീത്ത് റെയിലിന്റെ ഒമാന്റെ ഭാഗത്തെ നിർമാണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണ്. റെയിൽവേ ട്രാക്കുകൾ സ്ഥാപിക്കുന്നതിന് മണ്ണുമാന്തി യന്ത്രങ്ങളും മറ്റ് ഉപകരണങ്ങളും ഉപയോഗിക്കിച്ചാണ് നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നത്. ഒമാന്റെ ഭാഗത്തെ നിര്‍മാണ പ്രവൃത്തികള്‍ക്ക് ഫെബ്രുവരിയിലാണ് തുടക്കമായത്.
റെയില്‍ ശൃംഖലയുടെ നിര്‍മാണം ആരംഭിക്കാന്‍ ഇരു രാഷ്ട്രങ്ങളുടെയും കമ്പനികള്‍ തമ്മില്‍ ഷെയര്‍ഹോള്‍ഡര്‍ ഉടമ്പടി ഒപ്പുവെച്ചിരുന്നു. ഗതാഗത-ലോജിസ്റ്റിക് മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴിതുറക്കുന്നതാണ് പദ്ധതി. പാതയിൽ 2.5 കിലോമീറ്റർ വീതമുള്ള രണ്ട് തുരങ്കങ്ങളും 36 പാലങ്ങളും ഉണ്ടാകും. പാലത്തിന് ചിലത് 34 മീറ്റർ ഉയരമുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

