റാസല്‍ഖൈമയില്‍ നൂതന വിനോദപദ്ധതികൾ
text_fieldsറാസല്‍ഖൈമയുടെ പ്രകൃതിദൃശ്യം ചിത്രം: ആഷിക്ക് ലീ
റാസല്‍ഖൈമ: വിനോദ മേഖലയില്‍ പുതിയ പദ്ധതികള്‍ നടപ്പാക്കുമെന്ന് റാക് ടൂറിസം ഡെവലപ്മെന്റ് അതോറിറ്റി ചെയര്മാന് റാക്കി ഫിലിപ്സ്. വികസന പദ്ധതികള്‍ ത്വരിതപ്പെടുത്തി സുസ്ഥിര സാമ്പത്തിക വളര്‍ച്ചക്ക് ഊന്നല്‍ നല്കുന്ന യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധിപനുമായ ശൈഖ് സഊദ് ബിന്‍ സഖര്‍ ആല് ഖാസിമിയുടെ കാഴ്ച്ചപ്പാടിനനുസൃതമായാണ് വിനോദ മേഖലയില്‍ പുതിയ പദ്ധതികള്‍ നടപ്പാക്കുക. പർവതം-കടല്‍-കര എന്നിവ കേന്ദ്രീകരിച്ച് വ്യത്യസ്തമായ പദ്ധതികള്‍ ഈ വര്‍ഷാവസാനത്തോടെയും 2023ലുമായി പൂര്‍ത്തീകരിക്കും. 2030ഓടെ 30 ലക്ഷം സന്ദര്‍ശകരെ സ്വീകരിക്കുന്നതിനാണ് റാസല്‍ഖൈമ ലക്ഷ്യമിടുന്നത്. രാജ്യത്തിന്റെ സമഗ്ര വളര്‍ച്ചക്ക് വിനോദ മേഖല വഹിക്കുന്ന പങ്ക് വലുതാണ്. സന്ദര്‍ശകര്‍ക്ക് ആതിഥ്യമരുളുന്നതിന് കുറ്റമറ്റതും ചെലവ് കുറഞ്ഞതുമായ സൗകര്യങ്ങള്‍ റാസല്‍ഖൈമയിലുണ്ട്. രണ്ട് വര്‍ഷമായി ജി.സി.സിയുടെ വിനോദ തലസ്ഥാനമെന്ന പദവിയും റാസല്‍ഖൈമ നിലനിര്‍ത്തി വരുകയാണ്. മലനിരകള്‍ കേന്ദ്രീകരിച്ച് 'ക്ലൗഡ് സെവന് ക്യാമ്പ് ജബല്‍ ജെയ്സ്' സ്ഥാപിക്കുന്നത് സന്ദര്‍ശകര്‍ക്ക് പുത്തനനുഭവമാകുമെന്ന് വിനോദ വികസന വകുപ്പ് വൃത്തങ്ങള്‍ പറഞ്ഞു. ആഡംബര പൂര്‍ണമായ ക്യാമ്പിങ് അനുഭവം സമ്മാനിക്കുന്ന പദ്ധതി ഈ വര്‍ഷാവസാനത്തോടെ പൂര്‍ത്തീകരിക്കും. പുതിയ ബേസ് ക്യാമ്പിന് പുറമെ യോഗ, പാചകം തുടങ്ങിയവക്കും സൗകര്യമൊരുക്കും. ഔട്ട്ഡോര്‍ സാഹസിക വിനോദങ്ങൾ, പ്രകൃതിയുടെ അതുല്യ അനുഭവങ്ങൾ എന്നിവ ആസ്വദിക്കുന്നതിന് ആകര്‍ഷകമായ നിരക്കില്‍ താമസ സൗകര്യം ലഭ്യമാക്കും. ജബല്‍ ജെയ്സിലേക്ക് കൂടുതല്‍ സന്ദര്‍ശകരെ ആകര്‍ഷിക്കുന്നതാകും ഈ വര്‍ഷാവസാനം സ്ഥാപിക്കുന്ന ജെയ്സ് യാര്‍ഡ്. ഭക്ഷ്യ വിഭവങ്ങളുടെ കലവറയായിരിക്കും ഇത്. ട്രെയ്ലറുകള്, കിയോസ്കുകള്‍, വ്യത്യസ്ത രൂപകൽപനകളിലുള്ള ഫുഡ് ട്രക്കുകള്‍, ഔട്ട്ഡോര്‍ സിനിമ, കുട്ടികള്‍ക്ക് കളിസ്ഥലം തുടങ്ങിയവ ഉള്‍ക്കൊള്ളും. താമസ സൗകര്യവും നീന്തല്‍ക്കുളവും ആക്ടിവിറ്റി സെന്ററും ഉള്‍പ്പെടുന്ന 'എര്‍ത്ത് ആറ്റിറ്റ്യൂഡ്' ഈ വര്‍ഷാവസാനം തുറക്കും.
പർവതാസ്വാദനം സാധ്യമാകുന്ന രീതിയില്‍ 70 ആഡംബര ബംഗ്ലാവുകള്‍ ഉള്‍പ്പെടുന്ന പദ്ധതിയും നടപ്പാക്കും. പരിസ്ഥിതി സൗഹൃദ രീതിയില്‍ ജെയ്സ് ഇക്കോ ഗോള്‍ഫ് പ്രവര്‍ത്തനം തുടങ്ങുന്നതിനും പദ്ധതിയുണ്ടെന്ന് റാക്ടി.ഡി.എ സി.ഇ.ഒ റാക്കി ഫിലിപ്സ് പറഞ്ഞു. മനാര്‍ മാളിലെ ഫ്ലയിങ് ആര്‍ച് തുറക്കുന്നതിലൂടെ സന്ദര്‍ശകര്‍ക്ക് കണ്ടല്‍ക്കാടുകളുടെ അതിശയകരമായ കാഴ്ചകള്‍ ആസ്വദിക്കാന്‍ കഴിയും.
ഈ വര്‍ഷം തന്നെ ഇതിന്റെ പ്രവര്‍ത്തനം തുടങ്ങും. ബലൂണ്‍ ഉപയോഗിച്ച് പറക്കുന്ന അനുഭവമാണ് ഫ്ലയിങ് ആര്‍ച്ചിലൂടെ സാധ്യമാകുക. അല്‍ മര്‍ജാന്‍ ഐലൻഡ് കേന്ദ്രീകരിച്ച് ഈ വര്‍ഷം തുറക്കുന്ന മൂവിന്പിക്ക് റിസോര്‍ട്ട്, 2023ല്‍ അല്‍ ഹംറ ബീച്ച് കേന്ദ്രീകരിച്ച് തുറക്കുന്ന സോഫിറ്റെല്‍ റിസോര്‍ട്ട് കൂടാതെ മോര്ജന്, റാക് ഹോസ്പിറ്റാലിറ്റി ഹോള്‍ഡിങ്, വിന് റിസോർട്സ് തുടങ്ങിയ കമ്പനികളും സംയോജിത റിസോര്‍ട്ട് പദ്ധതികള്‍ റാസല്‍ഖൈമയില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. നൂതനപദ്ധതികള്‍ ലോക ടൂറിസം ഭൂപടത്തില്‍ റാസല്‍ഖൈമയുടെ സ്ഥാനം ഉയര്‍ത്തുന്നതിനൊപ്പം രാജ്യത്തിന്റെ സര്വതോന്മുഖമായ വികസനത്തിനും വഴിവെക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

