മികച്ച തൊഴിൽ സാഹചര്യം ഒരുക്കാൻ ‘ഇന്നൊവേഷൻ ലാബ്’
text_fieldsജി.ഡി.ആർ.എഫ്.എ ദുബൈയിൽ നടന്ന ‘ഇന്നൊവേഷൻ ലാബിൽ’ പങ്കെടുത്ത ഉദ്യോഗസ്ഥർ
ദുബൈ: ടാലന്റ് മാനേജ്മെന്റ് രംഗത്ത് മികവ് പുലർത്തുന്നതിനും സർക്കാർ തൊഴിൽ മേഖലയിൽ വൈവിധ്യം, തുല്യത, ഉൾക്കൊള്ളൽ എന്നീ ആശയങ്ങൾ കാര്യക്ഷമമായി നടപ്പിലാക്കുന്നതിനുമായി ജി.ഡി.ആർ.എഫ്.എ ദുബൈ പ്രത്യേക ‘ഇന്നൊവേഷൻ ലാബ്’ സംഘടിപ്പിച്ചു. സ്ഥാപനത്തിന്റെ പ്രവർത്തന മികവ് വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ജി.ഡി.ആർ.എഫ്.എ ആസ്ഥാനത്താണ് പരിപാടി നടന്നത്.
‘എല്ലാവരേയും ഉൾക്കൊള്ളുന്ന തൊഴിൽ സാഹചര്യത്തിലേക്ക്... വൈവിധ്യത്തിലൂടെ മികവിലേക്ക്’ എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ ജി.ഡി.ആർ.എഫ്.എ ഉദ്യോഗസ്ഥരും ദുബൈ സർക്കാരിലെ വിവിധ വകുപ്പുകളിൽ നിന്നുള്ള പ്രതിനിധികളും പങ്കെടുത്തു. തൊഴിൽ മേഖലയിൽ എല്ലാവർക്കും തുല്യ അവസരങ്ങൾ ഉറപ്പാക്കുക, ടാലന്റ് മാനേജ്മെന്റ് സംവിധാനത്തിൽ സുതാര്യത കൊണ്ടുവരിക, ഭാവിയിലെ വെല്ലുവിളികൾ നേരിടാൻ ജീവനക്കാരെ സജ്ജരാക്കുക എന്നിവയായിരുന്നു ലാബിന്റെ പ്രധാന ലക്ഷ്യങ്ങൾ. ദുബൈ ഭരണാധികാരികളുടെ കാഴ്ചപ്പാടിനനുസരിച്ച്, തുല്യതയിലും മെറിറ്റിലും അധിഷ്ഠിതമായ ഒരു സർക്കാർ തൊഴിൽ സാഹചര്യം കെട്ടിപ്പടുക്കാനാണ് ജി.ഡി.ആർ.എഫ്.എ ശ്രമിക്കുന്നതെന്ന് ഹ്യൂമൻ റിസോഴ്സ് ആൻഡ് ഫിനാൻഷ്യൽ സെക്ടർ അസി. ഡയറക്ടർ ജനറൽ മേജർ ജനറൽ അവദ് മുഹമ്മദ് അൽ ഹുമൈരി പറഞ്ഞു. മികച്ച ഉദ്യോഗസ്ഥരെ കണ്ടെത്തുന്നതിനും അവരെ നിലനിർത്തുന്നതിനും പുതിയ രീതികൾ സഹായകമാകും. സ്ഥാപനപരമായ അവബോധം, ഭരണം, സ്വാധീനത്തിന്റെ അളവ് പരിശോധിക്കൽ, തുല്യമായ ശാക്തീകരണം, ഡിജിറ്റൽ മാറ്റങ്ങൾക്കനുസരിച്ചുള്ള ഭാവി സജ്ജീകരണം തുടങ്ങിയ വിഷയങ്ങളിൽ ഊന്നിയായിരുന്നു ഇന്നൊവേഷൻ ലാബിലെ ചർച്ചകൾ. സെഷനുകൾ വിലയിരുത്തിയ ബ്രിഗേഡിയർ സമദ് ഹുസൈൻ സുലൈമാൻ അൽ ബലൂഷി, ലാബിൽ ഉയർന്നുവന്ന നിർദ്ദേശങ്ങൾ പ്രായോഗികമായി നടപ്പിലാക്കാൻ ആവശ്യമായ പഠനങ്ങൾ നടത്താൻ നിർദ്ദേശം നൽകി. യുഎഇയുടെ ‘നാഷണൽ സ്ട്രാറ്റജി ഫോർ ടാലന്റ് അട്രാക്ഷൻ ആൻഡ് റീറ്റെൻഷൻ 2031’ എന്ന ലക്ഷ്യത്തിന് ഈ നീക്കം വലിയ സംഭാവന നൽകുമെന്നാണ് പ്രതീക്ഷ. ചർച്ചകളിൽ ഉരുത്തിരിഞ്ഞ ആശയങ്ങൾ വൈകാതെ തന്നെ പുതിയ പദ്ധതികളായി നടപ്പിലാക്കുമെന്ന് ജി.ഡി.ആർ.എഫ്.എ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

