ഇന്നസെന്റ്; പ്രവാസലോകത്തെ കുടുകുടാ ചിരിപ്പിച്ച നടൻ
text_fields‘ഗൾഫ് മാധ്യമം’ ദുബൈയിൽ സംഘടിപ്പിച്ച ‘മധുരമെൻ മലയാളം’ പരിപാടിയിൽ
ഇന്നസെന്റിന്റെ നേതൃത്വത്തിൽ അവതരിപ്പിച്ച പരിപാടി
ദുബൈ: പ്രവാസലോകത്തെയും കുടുകുടെ ചിരിപ്പിച്ചാണ് ഇന്നസെന്റ് അരങ്ങൊഴിയുന്നത്. യു.എ.ഇ അടക്കം ഗൾഫ് രാജ്യങ്ങളിലെ നിത്യസന്ദർശകനായ ഇന്നസെന്റിന്റെ മരണം പ്രവാസലോകത്തും കണ്ണീർപടർത്തി. ആദ്യ കാലഘട്ടങ്ങളിൽ സ്റ്റേജ് ഷോകളിലും പിന്നീട് സിനിമ ഷൂട്ടിങ്ങിനുമായി നിരവധി തവണയാണ് അദ്ദേഹം ഗൾഫിൽ എത്തിയിരുന്നത്. 2017ലെ ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ അതിഥിയായി പങ്കെടുത്ത അദ്ദേഹം സദസ്സിനെയൊന്നടങ്കം കൈയിലെടുത്താണ് മടങ്ങിയത്. 2015ൽ ‘ഗൾഫ് മാധ്യമം’ സംഘടിപ്പിച്ച ‘മധുരമെൻ മലയാളം’ പരിപാടിയിലും ഇന്നസെന്റ് സദസ്സിനെ കുടുകുടെ ചിരിപ്പിച്ചിരുന്നു.
1990കളിൽ കേരളത്തെയൊന്നടങ്കം പൊട്ടിച്ചിരിപ്പിച്ച പരമൻ പത്തനാപുരം എന്ന കഥാപാത്രം അരങ്ങുതകർത്തത് ഗൾഫ് വേദികളിലായിരുന്നു. പുസ്തകം മറന്നുവെച്ച കാഥികനായ പരമൻ ‘ഓലയാൽ മേഞ്ഞൊരു കൊമ്പുഗ്രഹത്തിന്റെ കോലായിൽ നിന്നൊരു കോമളാംഗി’ പാടി ഗൾഫ് സദസ്സിനെ കൈയിലെടുത്തിരുന്നു. ഒരുകാലത്ത് മലയാളി യുവാക്കൾ ഒരുപാട് ഏറ്റുപാടിയ ഗാനമായിരുന്നു ഇത്. ഇതിന് മുമ്പും ശേഷവും നിരവധി സ്റ്റേജ് ഷോകളിൽ അദ്ദേഹം പങ്കെടുത്തു
ദുബൈ സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിന്റെ ഗോൾഡൻ ജൂബിലി ആഘോഷത്തിൽ സുരേഷ് ഗോപിയെ വേദിയിലിരുത്തി അദ്ദേഹം നടത്തിയ പ്രസംഗം ഇപ്പോഴും വൈറലാണ്. പള്ളിക്കായി സ്ഥലം അനുവദിച്ച ദുബൈ ഭരണാധികാരികൾക്ക് നന്ദി അറിയിച്ചാണ് അദ്ദേഹം പ്രസംഗം തുടങ്ങിയത്.
‘അറബീം ഒട്ടകോം പി. മാധവൻ നായരും’ ഉൾപ്പെടെയുള്ള സിനിമകളും ഗൾഫിലാണ് ചിത്രീകരിച്ചത്. എം.പിയായ ശേഷവും പലതവണ അദ്ദേഹം ഇവിടെയെത്തിയിരുന്നു.
ഷാർജ പുസ്തകോത്സവത്തിൽ ‘ചിരിക്കുപിന്നിൽ’ എന്നു പേരിട്ട പരിപാടിയിലാണ് അദ്ദേഹം പങ്കെടുത്തത്. മതം, കുടുംബം, സിനിമ, രാഷ്ട്രീയം, ബിസിനസ് തുടങ്ങിയ മേഖലകളെയെല്ലാം സ്പർശിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ സംവാദം. ‘ഗൾഫ് മാധ്യമം’ സംഘടിപ്പിച്ച ‘മധുരമെൻ മലയാളം’ പരിപാടിയിൽ ശ്രീനിവാസൻ, സുരാജ് വെഞ്ഞാറമൂട് ഉൾപ്പെടെയുള്ള താരനിരക്കൊപ്പമായിരുന്നു അദ്ദേഹത്തിന്റെ പരിപാടി.
അബൂദബിയിൽ നടന്ന ‘മഴവിൽ അഴകിൽ അമ്മ’ പരിപാടിയിൽ പങ്കെടുക്കാനെത്തിയ ഇന്നസെന്റ് മോഹൻലാലിനുംമമ്മൂട്ടിക്കുമൊപ്പം - ജയപ്രകാശ് പയ്യന്നുർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

