പ്രവാസികളോട് അനീതി അവസാനിപ്പിക്കണം -മാധ്യമ സെമിനാര്‍
text_fieldsഡയസ്പോറ ഇന്‍ ഡല്‍ഹിയുടെ ഭാഗമായി അബൂദബിയില്‍ സംഘടിപ്പിച്ച മാധ്യമ സെമിനാര്‍
സഫാരി ഗ്രൂപ് മാനേജിങ് ഡയറക്ടര്‍ സൈനുല്‍ ആബിദീന്‍ ഉദ്ഘാടനം ചെയ്യുന്നു
അബൂദബി: സര്‍വമേഖലകളിലും വികസനം സാധ്യമാക്കിയ പ്രവാസികളോടുള്ള അനീതി അവസാനിപ്പിക്കണമെന്ന് ‘ഡയസ്പോറ ഇന്‍ ഡല്‍ഹിയുടെ’ ഭാഗമായി അബൂദബിയില്‍ സംഘടിപ്പിച്ച മാധ്യമ സെമിനാര്‍. സഫാരി ഗ്രൂപ് മാനേജിങ് ഡയറക്ടര്‍ സൈനുല്‍ ആബിദീന്‍ പരിപാടി ഉദ്ഘാടനം ചെയ്തു.
ലോകം അതിവേഗം മാറുമ്പോഴും അരനൂറ്റാണ്ടുകാലമായി പ്രവാസികള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ക്ക് മാത്രം മാറ്റം വരാത്തത് തികഞ്ഞ അനീതിയാണ്. പ്രവാസികളില്‍നിന്നും ഈടാക്കുന്ന അമിത വിമാനനിരക്കിന്റെ കാര്യത്തിലും വോട്ടവകാശത്തിലും കോടതിയുടെ ശക്തമായ ഇടപെടലും നിര്‍ദേശങ്ങളുമുണ്ടായിട്ടും ഒന്നും കണ്ടില്ലെന്ന് നടിക്കുന്ന അധികാരികളുടെ മനോഭാവം പ്രതിഷേധാര്‍ഹമാണ്.
നാടിന്റെ സാമ്പത്തിക മേഖലകളില്‍ മാത്രമല്ല, വികസനം, വിദ്യാഭ്യാസം, ആരോഗ്യം, സംസ്കാരം തുടങ്ങിയ സര്‍വമേഖലകളിലും പ്രവാസികളുടെ കൈയൊപ്പുണ്ടെന്നും ഇത് ചെറുതായി കാണാനാവില്ലെന്നും സൈനുല്‍ ആബിദീന്‍ അഭിപ്രായപ്പെട്ടു.
അബൂദബി കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് ഷുക്കൂര്‍ അലി കല്ലുങ്ങല്‍ അധ്യക്ഷനായിരുന്നു. അഷറഫ് പൊന്നാനി ആമുഖഭാഷണം നടത്തി. മീഡിയവണ്‍ മിഡില്‍ ഈസ്റ്റ് ഹെഡ് എം.സി.എ. നാസര്‍, ജയ്ഹിന്ദ് ടി.വി മിഡില്‍ ഈസ്റ്റ് ചീഫ് എല്‍വിസ് ചുമ്മാര്‍, ഏഷ്യാനെറ്റ് മിഡില്‍ ഈസ്റ്റ് ബ്യൂറോ ചീഫ് സഹല്‍ സി. മുഹമ്മദ് എന്നിവർ സംസാരിച്ചു.
പ്രവാസി വോട്ടവകാശം, സീസണ് സമയത്തെ അനിയന്ത്രിത വിമാന നിരക്ക് എന്നീ വിഷയങ്ങളില്‍ ശാശ്വത പരിഹാരം തേടി വിവിധ പ്രവാസി സംഘടനകളുടെ നേതൃത്വത്തില്‍ നടത്തുന്ന സമ്മിറ്റ് ഡിസംബര്‍ അഞ്ചിന് ഡല്‍ഹി കോണ്‍സ്റ്റിറ്റ്യൂഷന്‍ ക്ലബ് ഹാളില്‍ നടക്കും.
കെ.എം.സി.സി, ഇന്‍കാസ്, കേരള സോഷ്യല്‍ സെന്റര്‍, ഇന്ത്യ സോഷ്യല്‍ സെന്റര്‍, അബൂദബി മലയാളി സമാജം, ശക്തി തിയറ്റേഴ്സ്, ഡബ്ല്യു.എം.സി തുടങ്ങി വിവിധ സംഘടനാ നേതാക്കള്‍ പങ്കെടുത്തു. ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ ജനറല്‍ സെക്രട്ടറി ടി. ഹിദായത്തുല്ല പറപ്പൂര്, യേശുശീലന്‍, ജോണ്‍ പി. വര്‍ഗീസ്, എ.എം. അന്‍സാര്‍, ജനറല്‍ സെക്രട്ടറി സി.എച്ച് യൂസുഫ്, ട്രഷറര്‍ അഹമ്മദ് ബല്ലാ കടപ്പുറം സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

