ഇന്‍ഡോ-യു.എ.ഇ സാംസ്കാരിക സമന്വയ വര്‍ഷാചരണത്തിന് ഇന്നു തുടക്കം
text_fieldsഅബൂദബി: കേരള സോഷ്യല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ‘ഇന്‍ഡോ യു.എ.ഇ സാംസ്കാരിക സമന്വയ വര്‍ഷാചരണ’ത്തിന്റെ ഉദ്ഘാടനം യു.എ.ഇ പ്രസിഡന്‍ഷ്യല്‍ അഫയേഴ്സ് മന്ത്രാലയത്തിലെ മത, ജുഡീഷ്യല്‍ അഫയേഴ്സ് ഉപദേഷ്ടാവ് അല്‍ സയ്യിദ് അലി അല്‍ ഹാഷിമി ജൂൺ 25ന് രാത്രി 8.30ന് നിര്‍വഹിക്കും. രബീന്ദ്ര സംഗീതം പെയ്തിറങ്ങിയ ബംഗാളിന്റെ മണ്ണില്‍നിന്നും രൂപംകൊണ്ട സംഗീത ശാഖയായ ‘ബാവുല്‍’ സംഗീതം ലോകപ്രശസ്ത ഗായിക പാര്‍വതി ബാവുല്‍ കേരള സോഷ്യല്‍ സെന്ററിന്റെ വേദിയില്‍ അവതരിപ്പിച്ചാണ് ആഘോഷ പരിപാടികള്‍ ആരംഭിക്കുക.
ബാവുല്‍ സംഗീതത്തിലൂടെ ‘ഏകതാര’ എന്ന ഒറ്റക്കമ്പി നാദവുമായി ആസ്വാദക മനസ്സുകളിലേക്ക് ഇറങ്ങിച്ചെന്ന പാര്‍വതി ബാവുലിനെയും ബാവുല്‍ സംഗീതത്തെയും ആദ്യമായി അബൂദബിയിലെ സംഗീതാസ്വാദകര്‍ക്ക് പരിചയപ്പെടുത്തിക്കൊടുക്കുകയാണ് കേരള സോഷ്യല്‍ സെന്റര്‍.
അനുബന്ധിച്ച് നടക്കുന്ന സാംസ്കാരിക സമ്മേളനത്തില്‍ ഇന്ത്യന്‍ എംബസി പ്രതിനിധി, വാണിജ്യ പ്രമുഖര്‍, വിവിധ സാമൂഹിക സാംസ്കാരിക സംഘടന പ്രതിനിധികള്‍ പങ്കെടുക്കും. തുടര്‍ന്നുള്ള ദിവസങ്ങളിലേക്ക് വൈവിധ്യമാര്‍ന്ന പരിപാടികള്‍ ആസൂത്രണം ചെയ്തുവരുകയാണെന്ന് കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് എ.കെ. ബീരാന്‍കുട്ടി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

