ഫുജൈറയില്‍നിന്ന് ഇന്‍ഡിഗോ സര്‍വിസിന് തുടക്കം
text_fieldsമുംബൈയില്‍ നിന്ന് ഫുജൈറയില്‍ എത്തിയ വിമാനം വാട്ടര്‍ സല്യൂട്ട് നല്കി സ്വീകരിക്കുന്നു
ഫുജൈറ: ഇന്ത്യന്‍ വിമാന കമ്പനിയായ ഇന്‍ഡിഗോ ഫുജൈറ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള ആദ്യ സര്‍വിസുകള്‍ ആരംഭിച്ചു. ആദ്യഘട്ടത്തില്‍ കണ്ണൂര്‍, മുംബൈ എന്നിവിടങ്ങളിലേക്കാണ് സര്‍വിസ് ആരംഭിക്കുന്നത്. ഇതോടെ ഇൻഡിഗോയുടെ 41ാം അന്താരാഷ്ട്ര ഗതാഗത കേന്ദ്രമായി ഫുജൈറ വിമാനത്താവളം മാറി. ഉദ്ഘാടന ദിവസമായ വ്യാഴാഴ്ച രാവിലെ 9.30ന് മുംബൈയില്‍ നിന്ന് ഫുജൈറയില്‍ എത്തിയ വിമാനം വാട്ടര്‍ സല്യൂട്ട് നല്കി സ്വീകരിച്ചു.
വിമാനത്താവളത്തില്‍ എത്തിയ ആദ്യ യാത്രക്കാരെ ഫുജൈറ സിവിൽ ഏവിയേഷൻ വകുപ്പ് ചെയർമാൻ മുഹമ്മദ് അബ്ദുള്ള അല്‍ സലാമി, എയർപോർട്ട് ഡയറക്ടർ ക്യാപ്റ്റൻ ഇസ്മായിൽ അൽ ബലൂഷി തുടങ്ങിയവര്‍ ഊഷ്മള വരവേൽപ് നല്‍കിയാണ് സ്വീകരിച്ചത്. 10.30ന് യാത്രക്കാരുമായി മുംബൈയിലേക്ക് വിമാനം തിരിച്ചുപറന്നു.
ഉദ്ഘാടന പരിപാടിയില്‍ ഇന്ത്യൻ കോൺസുൽ ജനറൽ സതീഷ് കുമാര്‍ ശിവന്, ഫുജൈറ സിവിൽ ഏവിയേഷൻ വകുപ്പ് ചെയർമാൻ മുഹമ്മദ് അല്‍ സലാമി, എയർപോർട്ട് ഡയറക്ടർ ജനറൽ ക്യാപ്റ്റൻ ഇസ്മായിൽ അൽ ബലൂഷി, ഇന്‍ഡിഗോ ഗ്ലോബല്‍ സെയില്‍ മേധാവി വിനയ് മല്‍ഹോത്ര, ഡെപ്യൂട്ടി എയർപോർട്ട് മാനേജർ ഇബ്രാഹീം അല ഖല്ലാഫ് തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുത്തു. ഇന്ത്യയും യു.എ.ഇയും തമ്മിലെ വാണിജ്യ, ടൂറിസം മേഖലകളിൽ കൂടുതല്‍ ഉണര്‍വുണ്ടാകാന്‍ ഇന്‍ഡിഗോയുടെ മുംബൈയിലേക്കും കണ്ണൂരിലേക്കുമുള്ള സര്‍വിസ് കാരണമാകുമെന്ന് കോൺസുൽ ജനറൽ പറഞ്ഞു.
സുഹൃദ് രാജ്യങ്ങളായ യു.എ.ഇയുടെയും ഇന്ത്യയുടെയും സൗഹൃദം കൂടുതല്‍ ഊട്ടിയുറപ്പിക്കുന്ന വേദി കൂടിയാണ് ഉദ്ഘാടന ചടങ്ങെന്ന് ഫുജൈറ സിവിൽ ഏവിയേഷൻ വകുപ്പ് ചെയർമാൻ മുഹമ്മദ് അബ്ദുല്ല അല്‍ സലാമി പറഞ്ഞു. വാണിജ്യ, ടൂറിസം രംഗത്തെ ഗൾഫ് മേഖലയുടെ പ്രാധാന്യം വർധിപ്പിക്കുകയാണ് സർവിസിലൂടെ ലക്ഷ്യമാക്കുന്നതെന്ന് ഇൻഡിഗോയുടെ ഗ്ലോബൽ സെയിൽസ് തലവൻ വിനയ് മൽഹോത്ര പറഞ്ഞു. ഇന്ത്യയും ഗൾഫും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് ഇത് സഹായകമാകും. ഇൻഡിഗോ ഇതിനകം അബൂദബി, ദുബൈ, റാസൽഖൈമ, ഷാർജ എന്നീ യു.എ.ഇ നഗരങ്ങളിലേക്ക് സർവിസുകൾ നടത്തുന്നുണ്ട്.
എല്ലാ ദിവസങ്ങളിലും കണ്ണൂരിലേക്കും മുംബൈയിലേക്കും ഫുജൈറയില്‍ നിന്ന് സര്‍വിസുണ്ടാകും. യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിനായി, എല്ലാ ഏമിറേറ്റുകളിലേക്കും സൗജന്യ ബസ് സർവിസും ആരംഭിച്ചിട്ടുണ്ട്. ഇത് ഫുജൈറ വിമാനത്താവളത്തിലേക്കുള്ള പ്രവേശനം കൂടുതൽ സുതാര്യമാക്കും.
ഫുജൈറയിലും സമീപ പ്രദേശങ്ങളിലും ഉള്ളവര്‍ റാസ്അല്‍ഖൈമ, ഷാര്‍ജ, ദുബൈ വിമാനത്താവളങ്ങളെയാണ് നാട്ടിലേക്ക് പോകാൻ ഇതുവരെ ഉപയോഗപ്പെടുത്തിയിരുന്നത്. ഇൻഡിഗോ സർവിസ് തുടങ്ങിയതോടെ ഫുജൈറ, ദിബ്ബ, ഖോര്ഫക്കാന് തുടങ്ങിയ പ്രദേശങ്ങളിലുള്ളവര്‍ക്ക് വലിയ ആശ്വാസമാകും. രണ്ട് പതിറ്റാണ്ടിനു ശേഷം ഇത് ആദ്യമായാണ് ഫുജൈറ വിമാനത്താവളത്തില്‍ നിന്ന് കേരളത്തിലേക്ക് നേരിട്ടുള്ള സര്‍വിസ് ആരംഭിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

