സ്വദേശിവൽകരണ പദ്ധതി ‘നാഫിസ്’ 2040 വരെ നീട്ടി
text_fieldsഅബൂദബി: യു.എ.ഇയുടെ സ്വദേശിവൽകരണ പദ്ധതിയായ ‘നാഫിസ്’ 2040 വരെ നീട്ടാൻ തീരുമാനിച്ചു. രാജ്യത്തിന്റെ വികസനത്തിൽ പൗരന്മാരെ കേന്ദ്രസ്ഥാനത്ത് നിർത്തുകയും ദേശീയ പ്രതിഭകളെ സാമ്പത്തിക വളർച്ചയുടെ പ്രധാന ശക്തിയായി ഉയർത്തുകയും ചെയ്യുന്നതിനാണ് ഈ നീക്കം ലക്ഷ്യമിടുന്നത്. യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന്‍റെ നിർദേശങ്ങൾ നടപ്പിലാക്കുന്നതിന്‍റെ ഭാഗമായി യു.എ.ഇ വൈസ്പ്രസിഡൻറും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാനാണ് പദ്ധതി ദീർഘിപ്പിച്ചത് പ്രഖ്യാപിച്ചത്. ഇമാറാത്തി ടാലന്‍റ് കോംപിറ്റേറ്റീവ്നസ് കൗൺസിൽ ഡയറക്ടർ ബോർഡ് യോഗത്തിലാണ് പദ്ധതി നീട്ടുന്നതിന് അംഗീകാരമായത്.
യു.എ.ഇയുടെ ‘കുടുംബ വർഷാചരണ’ പദ്ധതിയുമായി ബന്ധപ്പെടുത്തി കുടുംബങ്ങളുടെ സ്ഥിരത വർധിപ്പിക്കുകയും സ്വകാര്യ മേഖലയിലെ ഇമാറാത്തി പൗരന്മാരുടെ പങ്കാളിത്തം ശക്തിപ്പെടുത്തുകയും ചെയ്യുന്ന പുതിയ നടപടികൾ പദ്ധതിയിൽ നടപ്പിലാക്കും. സംരംഭത്തിലെ പുതിയ മാറ്റങ്ങളിലൊന്ന് കുട്ടികളുടെ അലവൻസ് പദ്ധതിയുടെ വ്യാപനമാണ്. ഇനി മുതൽ കുട്ടികളുടെ എണ്ണത്തിന് പരിധിയില്ലാതെ ആനുകൂല്യം ലഭ്യമാകും. അതോടൊപ്പം, സ്വകാര്യ മേഖലയിലെ ജോലിയിൽ ഇമാറാത്തി അമ്മമാരുടെ കുട്ടികൾക്കും ഇമാറാത്തി പൗരന്മാരുടെ ഭാര്യമാർക്കും പ്രത്യേക സഹായ പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുണ്ട്.
‘നാഫിസ്’ പദ്ധതി ആരംഭിച്ചതിനുശേഷം വലിയ മുന്നേറ്റമാണ് സ്വദേശിവൽകരണ രംഗത്ത് കൈവരിച്ചത്. ഇതുവരെ 1.76 ലക്ഷം ഇമാറാത്തികൾക്ക് തൊഴിൽ ലഭിച്ചിട്ടുണ്ടെന്നും, 1.52 ലക്ഷം പേർ ഇപ്പോൾ സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്നതായും കണക്കുകൾ വ്യക്തമാക്കുന്നു. ഇതിൽ 74 ശതമാനം പേർ സ്ത്രീകളാണ് എന്നതും ശ്രദ്ധേയമാണ്. ഇതിനൊപ്പം, 32,000 കമ്പനികൾ ‘നാഫിസ്’ വഴി സ്വദേശികളെ നിയമിച്ചിട്ടുണ്ടെന്നും, 38,000 പേർക്ക് കുട്ടികളുടെ അലവൻസ് പദ്ധതിയുടെ ഗുണം ലഭിച്ചിട്ടുണ്ടെന്നും അധികൃതർ വെളിപ്പെടുത്തി.
2021 സെപ്റ്റംബറിലാണ് നാഫിസ് പദ്ധതി ആരംഭിച്ചത്. അഞ്ച് വർഷത്തെ 24 ശതകോടി ദിർഹം ബജറ്റോടെ നടപ്പിലാക്കിയ പദ്ധതി വഴി സ്വകാര്യ മേഖലയിലെ തൊഴിൽ രംഗത്ത് 1.70 ലക്ഷം ഇമാറാത്തി പൗരന്മാരെ നിയമിക്കുകയാണ് ലക്ഷ്യമിട്ടത്. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ ശക്തിപ്പെടുത്തുകയും യു.എ.ഇയുടെ വികസന യാത്രയിൽ വിപ്ലവകരമായ മുന്നേറ്റം കൈവരിക്കാനും ലക്ഷ്യമിട്ട് നടപ്പിലാക്കിയ യു.എ.ഇ സർക്കാരിന്റെ ‘പ്രെജക്ട്സ് ഓഫ് ദ 50’ എന്ന ദേശീയ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായാണ് പദ്ധതി അവതരിപ്പിക്കപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

