ആറു ബാൻഡുകൾ ഒരേ വേദിയിൽ; ഇൻഡീ ഗാഗ മ്യൂസിക് ഫെസ്റ്റ് ഡിസംബർ 10ന്
text_fieldsഡിസംബർ 10ന് നടക്കുന്ന ഇൻഡീ ഗാഗ മ്യൂസിക് ഫെസ്റ്റിനെക്കുറിച്ച് സംഘാടകരായ പാലറ്റ് പാര്‍ട്ടീസ് ആൻഡ് എന്റര്‍ടെയ്ൻമെന്റ്സ് സാരഥികള്‍ വാര്‍ത്തസമ്മേളനത്തിൽ വിശദീകരിക്കുന്നു
ദുബൈ: ആറു ബാൻഡുകളെയും രണ്ട് ഹിപ് -ഹോപ് ആർട്ടിസ്റ്റുകളെയും അണിനിരത്തി അന്താരാഷ്ട്ര സംഗീതോത്സവമായ 'ഇൻഡീ ഗാഗ' ഡിസംബർ 10ന് നടക്കും. ദുബൈ ഇത്തിസാലാത്ത് അക്കാദമിയിൽ വൈകീട്ട് നാലിന് തുടങ്ങുന്ന പരിപാടി പുലർച്ച ഒരു മണിവരെ നീളുമെന്ന് സംഘാടകരായ പാലറ്റ് പാര്‍ട്ടീസ് ആൻഡ് എന്റര്‍ടെയ്ൻമെന്റ്സ് സാരഥികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.
മള്‍ട്ടി സിറ്റി ഇന്റർനാഷനല്‍ മ്യൂസിക് ആൻഡ് ആര്‍ട്സ് ഫെസ്റ്റിവലായ ഇന്‍ഡീ ഗാഗ ഇന്ത്യയില്‍ ഏറെ ജനകീയമാണ്. 'വണ്ടര്‍ വാള്' ആണ് ഇന്‍ഡീ ഗാഗയുടെ ഉടമകള്‍. ജി.സി.സിയില്‍ ആദ്യമായാണ് ഇന്‍ഡീ ഗാഗ സംഘടിപ്പിക്കുന്നത്. ലോകമുടനീളമുള്ള സ്വതന്ത്ര ബാന്‍ഡുകളും ആര്‍ട്ടിസ്റ്റുകളും കലാ വിദഗ്ധരും ഇവിടെ സംഗമിക്കും.
അവിയല്‍, തൈക്കുടം ബ്രിഡ്ജ്, അഗം, ജോബ് കുര്യന് ലൈവ്, സിത്താരയുടെ പ്രോജക്ട് മലബാറികസ്, ശങ്ക ട്രൈബ് എന്നിവയാണ് ബാന്‍ഡുകള്‍. സ്ട്രീറ്റ് അക്കാഡമിക്സ്, തിരുമാലി എന്നിവയാണ് ഹിപ്-ഹോപിലുള്ളത്. വളര്‍ന്നുവരുന്ന പുതിയ കലാകാരന്മാർക്ക് അവസരം നൽകാൻ മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്.
റാപ്പേഴ്സ് നല്കുന്ന രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോകളില്‍നിന്നും മികച്ച മൂന്നെണ്ണം തിരഞ്ഞെടുത്ത് വേദിയില്‍ പാടാന്‍ അവസരം നല്‍കും. അവര്‍ക്കുള്ള പ്രോത്സാഹനമായി സംഘാടകര്‍ മൊമന്റോ സമ്മാനിക്കും. പ്രവേശനം ടിക്കറ്റ് മൂലമായിരിക്കും. 150 ദിര്‍ഹമാണ് ഒരാള്‍ക്കുള്ള ടിക്കറ്റ് നിരക്ക്. ഏര്‍ളി ബേര്‍ഡ് ഓഫറില്‍ 125 ദിര്‍ഹമിന് ടിക്കറ്റ് ലഭിക്കും. ഫാമിലി പാക്കേജിന് 300 ദിര്‍ഹമാണ്. ഏര്‍ളി ബേര്‍ഡ് ഓഫറില്‍ ഇത് 225 ദിര്‍ഹമിന് ലഭ്യമാണ്. വി.ഐ.പി ടിക്കറ്റ് നിരക്ക് 500 ദിര്‍ഹം.
കുടുംബവുമായെത്തുന്നവർക്ക് ആസ്വദിക്കാൻ കുട്ടികൾക്ക് കളിസ്ഥലവും ഭക്ഷണ സ്റ്റാളുകളുമുണ്ടാവും. പാലറ്റ് പാര്‍ട്ടീസ് ആൻഡ് എന്റര്‍ടെയ്ൻമെന്റ്സ് സി.ഇ.ഒ വിഷ്ണു മണികണ്ഠന്, ഓപറേഷന്‍സ് ഡയറക്ടര്‍ സ്മിത കൃഷ്ണന്, ഫെസ്റ്റിവല്‍ പ്രോഗ്രാം ഹെഡ് ഷോണ്‍ ഫെര്‍ണാണ്ടസ്, മിഥുന് സി. വിലാസ് എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

