ഇന്ത്യയിലെ മുൻനിര വിദ്യാഭ്യാസ സ്ഥാപനങ്ങൾ ദുബൈയിലേക്ക്
text_fieldsദുബൈ: ഡൽഹി ഐ.ഐ.ടിക്ക് പിന്നാലെ ഇന്ത്യയിലെ രണ്ടു മുൻനിര വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൂടി ഓഫ് കാമ്പസുമായി യു.എ.ഇയിലേക്ക്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (ഐ.ഐ.എം), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ട്രേഡ് (ഐ.ഐ.എഫ്.ടി) എന്നീ സ്ഥാപനങ്ങളാണ് വൈകാതെ ദുബൈയിൽ കാമ്പസ് ആരംഭിക്കുക. ചൊവ്വാഴ്ച കേന്ദ്ര വ്യവസായ, വിതരണ മന്ത്രി പിയൂഷ് ഗോയലാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
ഇന്ത്യയും യു.എ.ഇയും തമ്മിൽ ആഴത്തിലുള്ള ബന്ധമാണ് പുതിയ തീരുമാനത്തിലൂടെ പ്രതിഫലിക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഐ.ഐ.എം ആയിരിക്കും ദുബൈയിൽ ആദ്യം കാമ്പസ് തുടങ്ങുക. ഇന്ത്യയിലുടനീളമുള്ള 21 നഗരങ്ങളിൽ നിരവധി ബ്രാഞ്ചുകളുള്ള ഐ.ഐ.എം ലോകത്തെ ഏറ്റവും മികച്ച 100 ബിസിനസ് സ്കൂളുകളുടെ പട്ടികയിലും ഇടംപിടിച്ചിരുന്നു. പെപ്സികോ മുൻ സി.ഇ.ഒ ഇന്ദ്ര നൂയി, റിസർവ് ബാങ്ക് മുൻ ഗവർണർ രഘുറാം രാജൻ തുടങ്ങിയവർ ഉൾപ്പെടെ പ്രമുഖർ ഐ.ഐ.എമ്മിലെ പൂർവ വിദ്യാർഥികളാണ്.
1963ൽ ന്യൂഡൽഹി ആസ്ഥാനമായി ആരംഭിച്ച മുൻനിര ബിസിനസ് സ്കൂളാണ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ട്രേഡ് (ഐ.ഐ.എഫ്.ടി). ദുബൈ ഓഫ് കാമ്പസ് ആരംഭിക്കുന്ന തീയതിയും മറ്റ് വിശദാംശങ്ങളും ഐ.ഐ.എഫ്.ടി പിന്നീട് അറിയിക്കും. ഡൽഹി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ.ടി) കഴിഞ്ഞ വർഷം അബൂദബിയിൽ കാമ്പസ് ആരംഭിച്ചിരുന്നു. 2024-25 അക്കാദമിക വർഷത്തിൽ കമ്പ്യൂട്ടർ സയൻസ്, എനർജി എൻജിനീയറിങ് എന്നീ രണ്ട് ബിരുദ കോഴ്സുകളും ആരംഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

