Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഇന്ത്യയിലെ ആദ്യ...

ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ സെൻസസിൽ ‘അദൃശ്യരാകുമോ’?​

text_fields
bookmark_border
ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ സെൻസസിൽ ‘അദൃശ്യരാകുമോ’?​
cancel

ദുബൈ: ഇന്ത്യയിൽ ആദ്യമായി നടപ്പിലാക്കുന്ന ഡിജിറ്റൽ സെൻസസിൽനിന്ന് പുറത്താകുമോയെന്ന ആശങ്കയിലാണ് ഗൾഫ് രാജ്യങ്ങളടക്കമുള്ള വിദേശത്തെ ഇന്ത്യൻ പ്രവാസികൾ. കർശനമായ പുതിയ മാനദണ്ഡങ്ങളും സാങ്കേതിക കുരുക്കുകളും കാരണം ലക്ഷക്കണക്കിന് വിദേശ പ്രവാസികൾക്ക് സ്വന്തം മാതൃരാജ്യത്തെ ജനസംഖ്യാ കണക്കെടുപ്പിൽ ഇടം നഷ്ടപ്പെട്ടേക്കുമെന്നാണ് വിലയിരുത്തൽ.

രാജ്യത്തിന്‍റെ ആദ്യ സമ്പൂർണ ഡിജിറ്റൽ സെൻസസ് എന്ന നിലയിൽ ശ്രദ്ധേയമായ ‘സെൻസസ് 2027’ പ്രക്രിയകളിൽ വിദേശത്തിരുന്ന് നേരിട്ട് പങ്കാളികളാകാൻ കഴിയില്ലെന്നതാണ് ഇവരെ പ്രധാനമായും അസ്വസ്ഥരാക്കുന്നത്. ഭരണകൂടത്തിന്‍റെ ഡിജിറ്റൽ മുന്നേറ്റത്തെ സ്വാഗതം ചെയ്യുമ്പോഴും, രാജ്യത്തിന്‍റെ സമ്പദ്ഘടനയെ താങ്ങിനിർത്തുന്ന കോടിക്കണക്കിന് പ്രവാസികളെ ഈ പ്രക്രിയയിൽ കൃത്യമായി എങ്ങനെ ഉൾപ്പെടുത്തുമെന്നതിൽ വ്യക്തത കുറവുണ്ടെന്നാണ് പൊതുവേയുള്ള പ്രതികരണം.

തുറക്കാതെ പോർട്ടൽ ലിങ്ക്

​വിവരങ്ങൾ ഓൺലൈനായി രേഖപ്പെടുത്താൻ ‘സെൽഫ് എന്യുമറേഷൻ’ സൗകര്യം കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരുന്നെങ്കിലും, പ്രവാസികൾക്കിത് പ്രയോജനപ്പെടുത്താൻ സാങ്കേതിക തടസ്സങ്ങളേറെയാണ്. കേന്ദ്ര സർക്കാർ സജ്ജമാക്കിയ ഔദ്യോഗിക സെൻസസ് പോർട്ടൽ വഴി വിവരങ്ങൾ സ്വയം രേഖപ്പെടുത്തണമെങ്കിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ മൊബൈൽ നമ്പറും അതിലേക്ക് വരുന്ന ഒ.ടി.പി യും നിർബന്ധമാണ്. വിദേശത്തെ അന്താരാഷ്ട്ര നമ്പറുകൾ ഉപയോഗിച്ച് ഇതിൽ ലോഗിൻ ചെയ്യാൻ സാധിക്കില്ല. കൂടാതെ, വിദേശ ഐപി അഡ്രസുകളിൽ നിന്ന് ഈ പോർട്ടൽ ആക്സസ് ചെയ്യുന്നതിനും സാങ്കേതിക തടസ്സങ്ങളുണ്ടെന്ന് പ്രവാസികൾ പരാതിപ്പെടുന്നുണ്ട്. ഇന്ത്യക്ക് പുറത്ത് നിന്ന് പോർട്ടൽ ലിങ്ക് തുറക്കാൻ കഴിയാത്തതും പ്രതിസന്ധിയാണ്. നിലവിൽ നാട്ടിലുള്ളവർക്ക് മാത്രമാണ് ഇതിന്‍റെ പ്രയോജനം പൂർണമായി ലഭിക്കുക. കേരളത്തിൽ സെൻസസിന്‍റെ ആദ്യഘട്ട പ്രവർത്തനം ജൂൺ 16ന് തുടങ്ങിയെങ്കിലും ഗൾഫിലുള്ളവർക്ക് ഇതിൽ നേരിട്ട് ഭാഗമാകാൻ കഴിയില്ലെന്നത് ഗൗരവമേറിയ വിഷയമായി മാറുകയാണ്.

സെൻസസ് വ്യവസ്ഥ പ്രകാരം ഇന്ത്യയിൽ ആറ് മാസത്തിൽ കൂടുതൽ സ്ഥിരമായി താമസിക്കുന്നവരെയാണ് 'സാധാരണ താമസക്കാരായി' കണക്കാക്കുന്നത്. വിദേശത്ത് വർഷങ്ങളായി ജോലി ചെയ്യുന്ന പ്രവാസികൾ ഈ നിർവചനത്തിൽ കൃത്യമായി വരാത്തതിനാൽ തങ്ങൾ രാജ്യത്തെ ഔദ്യോഗിക ജനസംഖ്യാ കണക്കിൽ നിന്ന് വിട്ടുപോകുമോ എന്ന ഭീതി പലർക്കുമുണ്ട്. ആറുമാസത്തിലധികം ഇന്ത്യയിൽ താമസിക്കുന്നവരെയോ അടുത്ത കാലയളവിൽ ഇന്ത്യയിൽ തുടരാൻ സാധ്യതയുള്ളവരെയോ ആണ് ഇതിൽ പരിഗണിക്കുന്നത്.

ഇതോടെ ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെ വിദേശത്ത് ദീർഘകാലം ജോലി ചെയ്യുന്ന വലിയൊരു വിഭാഗം പ്രവാസികൾ ഈ പരിധിക്ക് പുറത്താകുന്നു. സെൻസസ് സമയത്ത് ഇന്ത്യയിൽ സാന്നിധ്യമുണ്ടെങ്കിൽ മാത്രമേ എൻ.ആർ.ഐമാരെ കണക്കെടുപ്പിൽ ഉൾപ്പെടുത്തൂ എന്നതും ആശങ്ക ശക്തമാക്കുന്നു.

പൂട്ടിക്കിടക്കുന്ന വീടുകൾ?

കുടുംബസമേതം വിദേശത്ത് കഴിയുന്ന ലക്ഷക്കണക്കിന് പ്രവാസികളുടെ പൂട്ടിക്കിടക്കുന്ന വീടുകൾ സെൻസസിൽ ഒഴിവാക്കുമെന്നാണ് വിവരം. സെൻസസ് ഉദ്യോഗസ്ഥർ വിവരശേഖരണത്തിനായി നേരിട്ടെത്തുമ്പോൾ ആളില്ലാതെ അടഞ്ഞുകിടക്കുന്ന ഇത്തരം വീടുകളെ ‘ഒഴിഞ്ഞുകിടക്കുന്നവ’ എന്ന കാറ്റഗറിയിലാണത്രെ ഉൾപ്പെടുത്തുക. ഇത്തരം വീടുകളിലെ പ്രവാസികളുടെ പേരുവിവരങ്ങൾ ഔദ്യോഗിക കണക്കുകളിൽ നിന്ന് വിട്ടുപോകാൻ ഇത് കാരണമായേക്കും.

ലക്ഷക്കണക്കിന് പ്രവാസികളുള്ള കേരളം പോലുള്ള സംസ്ഥാനങ്ങളെ ഈ മാനദണ്ഡം വലിയ രീതിയിൽ ബാധിക്കുമെന്നാണ് വിലയിരുത്തൽ. പ്രവാസികളെ ജനസംഖ്യാ കണക്കിൽ നിന്ന് ഒഴിവാക്കുന്നത് വഴി സംസ്ഥാനത്തെ ഔദ്യോഗിക ജനസംഖ്യാ നിരക്ക് കുത്തനെ താഴോട്ട് പോകാൻ കാരണമായേക്കാം. ഇന്ത്യൻ ജനസംഖ്യയുടെയും വിഭവ വിതരണത്തിന്‍റെയും കൃത്യമായ ചിത്രം ലഭിക്കാൻ പ്രവാസികളുടെ കൃത്യമായ എണ്ണവും വിവരങ്ങളും ശേഖരിക്കേണ്ടത് അനിവാര്യമാണ്. എന്നാൽ, ഇതിനായി പ്രത്യേക പ്രവാസി സെൻസസ് കോളം ഇല്ലാത്തത് വരുംകാലങ്ങളിൽ പ്രവാസി ക്ഷേമ പദ്ധതികളെയും പുനരധിവാസ പാക്കേജുകളെയും വോട്ടവകാശത്തെയും ബാധിച്ചേക്കുമെന്നാണ് പ്രവാസി സംഘടനകളുടെ വിലയിരുത്തൽ.

ആശങ്ക വേണ്ടെന്ന്​ അധികൃതർ

എന്നാൽ, പ്രവാസികൾ പൂർണമായി ഒഴിവാക്കപ്പെടില്ലെന്നും ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്നുമാണ് ഔദ്യോഗിക കേന്ദ്രങ്ങൾ നൽകുന്ന സൂചന. വിദേശത്തുള്ള പ്രവാസികൾക്ക് നേരിട്ട് പോർട്ടൽ വഴി അപേക്ഷിക്കാൻ കഴിഞ്ഞില്ലെങ്കിലും, നാട്ടിലുള്ള കുടുംബാംഗങ്ങൾ വഴി വിവരങ്ങൾ നൽകാൻ സാധിക്കും. സെൻസസ് ഉദ്യോഗസ്ഥർ വീടുകൾ സന്ദർശിക്കുമ്പോഴോ കുടുംബാംഗങ്ങൾ ഓൺലൈൻ പോർട്ടൽ വഴി വിവരങ്ങൾ രേഖപ്പെടുത്തുമ്പോഴോ, കുടുംബത്തിലെ ഒരംഗം വിദേശത്താണ് ജോലി ചെയ്യുന്നതെന്ന വിവരം കൃത്യമായി ഉൾപ്പെടുത്താൻ സാധിക്കുമെന്നും അധികൃതർ വ്യക്തമാക്കുന്നു.

​എന്നാൽ, കുടുംബസമേതം ഗൾഫിൽ താമസിക്കുന്ന പ്രവാസികളുടെ കാര്യത്തിൽ ഇതിന് പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്. നാട്ടിലെ വീടുകൾ പൂട്ടിക്കിടക്കുന്ന അവസ്ഥയിലുള്ളവർക്ക് ഈ ആനുകൂല്യം ലഭിക്കില്ല. അതിനാൽ, വിദേശത്തുള്ള ഇന്ത്യൻ എംബസികളും കോൺസുലേറ്റുകളും വഴി പ്രവാസികൾക്ക് പ്രത്യേക രജിസ്ട്രേഷൻ സൗകര്യം ഒരുക്കുകയോ, ഡിജിറ്റൽ പോർട്ടലിൽ അന്താരാഷ്ട്ര നമ്പറുകൾക്ക് അനുമതി നൽകുകയോ വേണമെന്നാണ് പ്രവാസികൾ ആവശ്യപ്പെടുന്നത്. ഈ വിഷയത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയവും വിദേശകാര്യ മന്ത്രാലയവും സംയുക്തമായി ഇടപെട്ട് അടിയന്തര പരിഹാരം കാണണമെന്നാണ് പ്രവാസി കൂട്ടായ്മകളുടെ ആവശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsUAEgulfnewsmalayalam
News Summary - India's first digital census
Next Story