യു.എ.ഇയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി റെക്കോഡിലേക്ക്
text_fieldsദുബൈ: യു.എ.ഇയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 3200 കോടി ഡോളറിലേക്ക്. ഈ സാമ്പത്തിക വർഷം അവസാനിക്കുമ്പോൾ ചരിത്രത്തിലെ ഏറ്റവും ഉയർന്ന കയറ്റുമതിയായിരിക്കും ഇന്ത്യയും യു.എ.ഇയും തമ്മിൽ നടക്കുക. കേന്ദ്ര സർക്കാറിന്റെ പുതിയ കണക്കിലാണ് ഇത് വ്യക്തമാക്കുന്നത്. ഇന്ത്യയും യു.എ.ഇയും തമ്മിൽ ഒപ്പുവെച്ച സമഗ്ര സാമ്പത്തിക സഹകരണ കരാറിന് (സെപ) പിന്നാലെയാണ് കയറ്റുമതി ഇത്രയേറെ കുതിച്ചുയർന്നത്. മലയാളികൾ അടക്കമുള്ള വ്യവസായികൾക്കും വ്യവസായ സ്ഥാപനങ്ങൾക്കും സെപ കരാർ ഏറെ ഉപകാരപ്രദമായി എന്നതിന്റെ തെളിവാണ് ഈ കണക്കുകൾ. ഇന്ത്യക്കു പിന്നാലെ വിവിധ രാജ്യങ്ങളുമായി യു.എ.ഇ സെപ കരാർ ഒപ്പുവെച്ചിട്ടുണ്ട്.2021-22 സാമ്പത്തിക വർഷത്തിൽ 28.04 ശതകോടി ഡോളറിന്റെ കയറ്റുമതിയാണ് ഇന്ത്യയിൽനിന്ന് യു.എ.ഇയിലേക്ക് നടന്നത്. ഇതിനെക്കാൾ 14 ശതമാനം ഇക്കുറി വർധിക്കുമെന്നാണ് കരുതുന്നത്.
2022 ജൂൺ മുതൽ ഈ വർഷം ഫെബ്രുവരി വരെ 23.03 ശതകോടി ഡോളറിന്റെ കയറ്റുമതിയാണ് യു.എ.ഇയിലേക്ക് ഇന്ത്യ നടത്തിയത്. മുൻവർഷങ്ങളെ അപേക്ഷിച്ച് 10.4 ശതമാനം വർധിച്ചു. അതേസമയം, ഇറക്കുമതിയിലും ഈ കാലയളവിൽ വൻ വർധനയുണ്ടായിട്ടുണ്ട്. 12.9 ശതമാനം വർധിച്ച് 38.95 ശതകോടി ഡോളറിലെത്തി. കയറ്റുമതിക്കായി കഴിഞ്ഞ മാസം 6944 ഒറിജിൻ സർട്ടിഫിക്കറ്റാണ് അനുവദിച്ചത്. കഴിഞ്ഞ നവംബറിൽ ഇത് 5754 ആയിരുന്നു. ഇരുരാജ്യങ്ങളിലെയും കസ്റ്റംസ് സംവിധാനവും യോജിച്ച് പ്രവർത്തിക്കുന്നുണ്ട്. ഡേറ്റ വേഗത്തിൽ കൈമാറാൻ കഴിയുന്നതിനാൽ പേപ്പർ നടപടികളും അതിവേഗത്തിലാണ്.
ഇരുരാജ്യങ്ങളും തമ്മിൽ എണ്ണയിതര വ്യാപാര മേഖലയിൽ 10,000 കോടി ഡോളറിന്റെ വ്യാപാരം ലക്ഷ്യമിട്ടാണ് സെപ കരാർ ഒപ്പുവെച്ചത്. ഇതിനു പിന്നാലെ സ്വർണം, കൃഷി, ഇലക്ട്രോണിക്സ് ഉൾപ്പെടെയുള്ളവയുടെ കയറ്റുമതി ഇന്ത്യയിൽനിന്ന് കുതിച്ചുയർന്നിരുന്നു. യു.എ.ഇയിലെ മലയാളികൾ അടക്കമുള്ളവരുടെ സ്ഥാപനങ്ങളിലേക്ക് നാട്ടിൽനിന്ന് നിരവധി ഉൽപന്നങ്ങൾ എത്തുന്നുണ്ട്. കസ്റ്റംസ് തീരുവ ഒഴിവാക്കിയതോടെയാണ് കയറ്റുമതി വർധിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

