ഇന്ത്യയുടെ കോവിഡ് വാക്സിൻ ദുബൈയിലെത്തി
text_fieldsഇന്ത്യയിൽ നിർമിച്ച ആസ്ട്രെസനക വാക്സിൻ എയർ ഇന്ത്യ വിമാനത്തിൽ ദുബൈയിൽ എത്തിച്ചപ്പോൾ
ദുബൈ: ഇന്ത്യയുടെ കോവിഡ് വാക്സിനുമായി എയർ ഇന്ത്യ വിമാനം ദുബൈയിലെത്തി. ഓക്സ്ഫഡ് യൂനിവേഴ്സിറ്റിയുടെ സഹകരണത്തോടെ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഇന്ത്യയിൽ വികസിപ്പിച്ച ആസ്ട്രെസനക വാക്സിന് ദുബൈ ഹെൽത്ത് അതോറിറ്റി അംഗീകാരം നൽകിയതോടെയാണ് ആദ്യ ബാച്ച് ദുബൈയിൽ എത്തിച്ചത്. രണ്ടര ലക്ഷം ഡോസാണ് ആദ്യ ഘട്ടത്തിൽ എത്തിയത്. ഇതോടെ ദുബൈ അംഗീകാരം നൽകിയ വാക്സിനുകളുടെ എണ്ണം നാലായി. നേരേത്ത, ചൈനയുടെ സിനോഫാം, അമേരിക്കയുടെ ഫൈസർ, റഷ്യയുടെ സ്ഫുട്നിക് എന്നിവക്ക് ദുബൈ അംഗീകാരം നൽകിയിരുന്നു.
അഡിനോവൈറസിൽനിന്നാണ് ആസ്ട്രെസനക വികസിപ്പിച്ചെടുത്തത്. കോവിഡിനെ പ്രതിരോധിക്കാൻ ഫലപ്രദമാണെന്ന വിലയിരുത്തലിെൻറ അടിസ്ഥാനത്തിലാണ് അംഗീകാരം നൽകിയത്. 28 ദിവസത്തെ ഇടവേളയിൽ രണ്ടു വാക്സിൻ എടുക്കണം. എല്ലാ പ്രായക്കാർക്കും ഉപയോഗിക്കാം. 62 മുതൽ 70 ശതമാനം വരെ ഫലപ്രദമാണെന്നാണ് വിദഗ്ധ വിലയിരുത്തൽ. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിെൻറ സഹകരണത്തോടെയാണ് വാക്സിൻ എത്തിച്ചത്.

