അപ്പാർട്മെന്റിൽ തീപിടിത്തം; ഷാർജയിൽ ഇന്ത്യക്കാരി മരിച്ചു
text_fieldsഷാർജ: എമിറേറ്റിലെ അൽ മജാസ് 2 പ്രദേശത്തുണ്ടായ തീപിടിത്തത്തിൽ 46കാരിയായ ഇന്ത്യക്കാരി മരിച്ചു. ഇവർ താമസിച്ച അപ്പാർട്മെന്റിൽ വ്യാഴാഴ്ച രാത്രിയാണ് തീപിടിത്തമുണ്ടായത്. മരിച്ച സ്ത്രീയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. താമസസ്ഥലത്ത് സ്ത്രീ പ്രത്യേക ചടങ്ങ് നടത്തുന്നതിനിടെയാണ് തീപിടിത്തമുണ്ടായതെന്നാണ് വിവരമെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് പ്രദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രാത്രി 10.45ഓടെയാണ് തീപിടിത്തമുണ്ടായത്. 11നില കെട്ടിടത്തിന്റെ എട്ടാം നിലയിലായിരുന്നു അപ്പാർട്മെന്റ്.
സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ട ഉടൻ സിവിൽ ഡിഫൻസ്, പൊലീസ്, നാഷനൽ ആംബുലൻസ് എന്നിവയുടെ നേതൃത്വത്തിൽ അതിവേഗം രക്ഷാപ്രവർത്തന സംഘം സ്ഥലത്തെത്തി. അതിവേഗത്തിൽ തീയണക്കാനും മറ്റിടങ്ങളിലേക്ക് പടരുന്നത് ഒഴിവാക്കാനും അധികൃതർക്ക് സാധിച്ചു. അപകടമുണ്ടായനിലയിൽ 12 അപ്പാർട്മെന്റുകൾ ഉണ്ടായിരുന്നെങ്കിലും മറ്റിടങ്ങളിൽ തീപിടിത്തത്തിന്റെ ആഘാതമുണ്ടായിട്ടില്ല. അതേസമയം, സുരക്ഷ കണക്കിലെടുത്ത് എട്ടാംനിലയിലെ മുഴുവൻ താമസക്കാരെയും അധികൃതർ ഒഴിപ്പിച്ചിട്ടുണ്ട്. സുരക്ഷ മുന്നൊരുക്കം പൂർത്തിയായ ശേഷം ഇവിടെ താമസത്തിന് അനുവാദം ലഭിക്കും.സ്ത്രീയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഫോറൻസിക് ലബോറട്ടറിയിലേക്ക് മാറ്റിയിരിക്കുകയാണ്. തീപിടിത്തത്തിന്റെ യഥാർഥ കാരണം കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സുരക്ഷ മാനദണ്ഡങ്ങൾ ലംഘിക്കപ്പെട്ടിട്ടുണ്ടോ എന്നതും അന്വേഷണത്തിന്റെ പരിധിയിൽ വരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

