ഫീസിളവ് പ്രഖ്യാപിച്ച് ഇന്ത്യൻ സ്കൂളുകൾ
text_fieldsദുബൈ: കോവിഡ്ബാധയുടെ പശ്ചാത്തലത്തിൽ ഇ-ലേണിങ് നീട്ടിയതോടെ രക്ഷിതാക്കൾക്ക് ആശ്വാസവുമായി ഇന്ത്യൻ സ്കൂളുകൾ. ഫീസുകളിൽ കുറവുവരുത്തിയും ബസ് ഫീസ് ഒഴിവാക്കിയുമാണ് മാനേജ്മെൻറുകൾ രക്ഷിതാക്കൾക്ക് ആശ്വാസം പകർന്നത്. ബസുകൾ ഒാടുന്നില്ലെങ്കിലും ഡ്രൈവർമാർ ഉൾപ്പെടെയുള്ളവർക്ക് ശമ്പളം കൊടുക്കേണ്ട സാഹചര്യമുണ്ട്. എന്നാൽ, രക്ഷിതാക്കൾ അനുഭവിക്കുന്ന സാമ്പത്തിക ബുദ്ധിമുട്ടുകളുടെ പശ്ചാത്തലത്തിലാണ് നഷ്ടങ്ങൾ കണക്കിലെടുക്കാതെ അടുത്ത മാസങ്ങളിൽ ഫീസിളവ് നൽകുന്നതെന്ന് മാനേജ്മെൻറുകൾ അറിയിച്ചു. ഇന്ത്യൻ സ്കൂളുകൾക്കുപുറമെ മറ്റു രാജ്യങ്ങളിലെ സ്കൂളുകളും ഫീസിളവ് പ്രഖ്യാപിച്ചിട്ടുണ്ട്. സ്കൂളുകൾ അടച്ചിടാൻ തീരുമാനിച്ച സമയത്തുതന്നെ ബസ് ഫീസ് ഒഴിവാക്കിയതായി ഹാബിറ്റാറ്റ് സ്കൂൾ ഗ്രൂപ് അറിയിച്ചു. ഇതിനുപുറമെ റിസോഴ്സ് ഫീസും ഒഴിവാക്കിയിട്ടുണ്ട്. കല-കായിക മേഖലകളില പരിപാടികൾ സംഘടിപ്പിക്കുന്നതിന് ഇൗടാക്കിയിരുന്ന ഫീസായിരുന്നു ഇത്. എന്നാൽ, അടുത്ത മാസങ്ങളിൽ ഇത്തരം പരിപാടികൾ സംഘടിപ്പിക്കാൻ സാധ്യതയില്ലാത്തതിനാലാണ് ഫീസുകൾ ഒഴിവാക്കിയത്.
പെയ്സ് എഡ്യുക്കേഷെൻറ കീഴിലുള്ള മുഴുവൻ സ്കൂളുകളിലും അടുത്ത മൂന്നു മാസത്തെ ട്രാൻസ്പോർട്ടേഷൻ ചാർജ് ഒഴിവാക്കാൻ തീരുമാനിച്ചതായി പെയ്സ് മാനേജ്മെൻറ് അറിയിച്ചു. യു.എ.ഇയിലെ ബ്രിട്ടീഷ് സ്കൂളുകളിൽ ഈ ലേണിങ് സമ്പ്രദായം പൂർണാർഥത്തിൽ നടപ്പാക്കുന്നുണ്ട്. 10, 12 ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കായി ബ്രിഡ്ജ് കോഴ്സും നടപ്പിൽവന്നു. മറ്റു ക്ലാസുകളിൽ ഏപ്രിൽ 12 മുതൽ ഇ-ലേണിങ്ങിന് തുടക്കം കുറിക്കുമെന്നും മാനേജ്മെൻറ് അറിയിച്ചു.
ഇ-ലേണിങ് നീട്ടിയ സാഹചര്യത്തിൽ രക്ഷിതാക്കൾക്ക് ഗുണകരമാകുന്ന വിധത്തിൽ ഫീസുകൾ കുറക്കണമെന്ന് അബൂദബി ഡിപാർട്മെൻറ് ഒാഫ് എജുക്കേഷൻ ആൻഡ് നോളജ് അറിയിച്ചു. ഏപ്രിൽ, േമയ്, ജൂൺ മാസങ്ങളിലെ ഫീസ് കുറക്കാനാണ് നിർദേശം നൽകിയത്. അബൂദബി എമിറേറ്റിൽ മാത്രം 400ഒാളം സ്കൂളുകളുണ്ട്. വരാനിരിക്കുന്ന ടേമിലെ ബസ് ഫീസ് മുൻകൂട്ടി കൈപ്പറ്റിയ സ്കൂളുകൾ അത് തിരിച്ചുനൽകണം. കഴിയുന്നവർ ട്യൂഷൻ ഫീസിലും ഇളവ് നൽകണം. ജോലി നഷ്ടപ്പെടുകയോ ശമ്പളം ലഭിക്കാതിരിക്കുകയോ ചെയ്യുന്ന രക്ഷിതാക്കൾക്ക് ആശ്വാസമായി ഫീസ് ഘടനയിൽ മാറ്റം വരുത്തണമെന്നും നിർദേശമുണ്ട്.
അൽ നജ എജുക്കേഷെൻറ കീഴിലുള്ള ഹോറിസോൺ ഇംഗ്ലീഷ് സ്കൂളിലും ഹോറിസോൺ ഇൻറർനാഷനൽ സ്കൂളിലും 20 ശതമാനം ഫീസ് കുറച്ചു.
‘വെല്ലുവിളികളുണ്ട്, സാധ്യതകളും’
ഇ-ലേണിങ് പുതിയൊരു അനുഭവമായിരിക്കും. വിദ്യാർഥികളും അധ്യാപകരും പഠനവുമായി ബന്ധപ്പെട്ട് സാേങ്കതിക വിദ്യകൾ ഉപയോഗിച്ചിട്ടുണ്ടെങ്കിലും ഇത്ര വ്യാപകമായി ഇ-ലേണിങ്ങിലേക്ക് തിരിയുന്നത് ആദ്യമായിട്ടായിരിക്കും. അതുകൊണ്ടുതന്നെ എല്ലാവർക്കും മുന്നിൽ ഇതൊരു വെല്ലുവിളിയായിരിക്കും. ഒപ്പം, ആധുനിക സാേങ്കതികവിദ്യകളുടെ പുതിയ സാധ്യതകളിലേക്കും ഇത് വഴിതുറക്കും. വിഡിയോ കാളിങ് ആപ്ലിക്കേഷനുകളെ മാത്രം ആശ്രയിച്ചാൽ ഇ-ലേണിങ്ങിന് പൂർണതയുണ്ടാവില്ല. മറിച്ച്, കുട്ടികൾക്ക് സ്റ്റഡി മെറ്റീരിയൽസ് ലഭിക്കുന്ന സ്റ്റഡി മാനേജ്മെൻറ് സിസ്റ്റം വികസിപ്പിക്കണം. ഹാബിറ്റാറ്റ് സ്കൂളിൽ ഇത്തരം സംവിധാനങ്ങൾ നേരേത്ത ഒരുക്കിയിരുന്നു.
രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും ഇ-ലേങ്ങേിൽ നേരിട്ട് പരിശീലനം നൽകാൻ സമയം ലഭിക്കില്ല എന്നത് വലിയൊരു വെല്ലുവിളിയാണ്. പഠനത്തിനുപുറമെ, കലാ-കായിക പരിപാടികൾ നടത്താൻ കഴിയാത്തത് വിദ്യാർഥികളുടെ പ്രകടനത്തെ ബാധിക്കും. ടൈം ടേബിളാണ് രക്ഷിതാക്കൾക്ക് വെല്ലുവിളിയൊരുക്കുന്ന മറ്റൊരു ഘടകം. രണ്ടോ മൂന്നോ കുട്ടികൾ പഠിക്കുന്ന വീടുകളിലെ രക്ഷിതാക്കൾ പ്രതിസന്ധിയിലാകും. ഒരേ സമയത്ത് മൂന്നു കുട്ടികൾക്കും മൊബൈൽ ഫോണോ ലാപ്ടോപ്പോ നൽകുക എന്നത് സാധാരണ കുടുംബങ്ങളെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടാവും. അതിനാൽ, സ്കൂളിലെപോലെ സാധാരണ ടൈം ടേബിളിൽ ക്ലാസുകൾ നടത്തുന്നതും ബുദ്ധിമുട്ടാവാൻ സാധ്യതയുണ്ട്.
ഇന്ത്യൻ സ്കൂളുകളിലെ ഇ-ലേണിങ് ഇങ്ങനെ
ഇന്ത്യൻ സ്കൂളുകൾ ഉൾപെട്ട ഏഷ്യൻ കരിക്കുലം സ്കൂളുകളിൽ ഏപ്രിൽ 12 മുതലാണ് പുതിയ അധ്യയന വർഷം തുടങ്ങുന്നത്. നിലവിലെ പ്രഖ്യാപനം അനുസരിച്ച്, ജൂണിൽ അവസാനിക്കുന്ന ആദ്യ ടേം പൂർണമായും ഇ-ലേണിങ് ആയിരിക്കും. അവധിക്കു ശേഷം സെപ്റ്റംബർ മുതൽ തുടങ്ങുന്ന രണ്ടാം ടേമിൽ സ്കൂളുകളിൽതന്നെ ക്ലാസ് നടത്താനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ചില സ്കൂളുകൾ ഇപ്പോൾ തന്നെ ഇ-ലേണിങ് തുടങ്ങിയിട്ടുണ്ട്. എന്നാൽ, ബ്രിട്ടീഷ്, അമേരിക്കൻ, അറബിക് സ്കൂളുകളിൽ ഇനി മൂന്നുമാസം മാത്രമാണ് ക്ലാസുള്ളത്. ജൂണിൽ അവരുടെ അവസാന ടേമും അവസാനിക്കും. അതിനാൽ, ഇൗ സ്കൂളുകൾ ഇൗ അധ്യയന വർഷം പൂർണമായും ഇ-ലേണിങ് ആയിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
