അജ്മാൻ ഫോട്ടോഗ്രാഫി അവാർഡിൽ തിളങ്ങി ഇന്ത്യൻ ഫോട്ടോഗ്രാഫർമാർ
text_fieldsഅജ്മാന്‍: ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ഇന്‍റർനാഷണൽ ഫോട്ടോഗ്രാഫി അവാർഡുമായി സഹകരിച്ച് അജ്മാൻ ഗവൺമെന്‍റ് മീഡിയ ഓഫീസ് സംഘടിപ്പിച്ച അജ്മാൻ ഫോട്ടോഗ്രാഫി അവാർഡിന്‍റെ ആദ്യ പതിപ്പിലെ വിജയികളെ പ്രഖ്യാപിച്ചു. പൊതു വിഭാഗത്തിൽ ഫിലിപ്പീൻസിൽ നിന്നുള്ള ആന്‍റണി ഓസ്റ്റീരിയ ഒന്നാം സ്ഥാനം നേടി.
ഇന്ത്യൻ ഫോട്ടോഗ്രാഫർ വലസി ഷാഹുൽ ഹമീദ് രണ്ടാം സ്ഥാനവും ഇറാഖിൽ നിന്നുള്ള മുഹമ്മദ് ഹസ്സൻ അദേൽ അൽ ജനബി മൂന്നാം സ്ഥാനവും നേടി. ഇന്ത്യയിൽ നിന്നുള്ള ഫോട്ടോഗ്രാഫർമാർ ഫോട്ടോ സ്റ്റോറി വിഭാഗത്തിൽ മികച്ച സമ്മാനങ്ങൾ നേടി. ലാൽ നളത്ത് ഒന്നാം സ്ഥാനവും നീലിമ ആസാദ് രണ്ടാം സ്ഥാനവും അനീഷ് അശോക് മൂന്നാം സ്ഥാനവും നേടി. അജ്മാൻ എമിറേറ്റിന്‍റെ സൗന്ദര്യം ദൃശ്യപരമായി രേഖപ്പെടുത്തുന്നതിനുള്ള മികച്ച സൃഷ്ടിപരമായ സംഭാവനകൾക്കും അംഗീകാരമായി ഓരോ വിഭാഗത്തിലെയും മികച്ച മൂന്ന് വിജയികൾക്ക് ക്യാഷ് പ്രൈസുകൾ ലഭിച്ചു. അജ്മാൻ എമിറേറ്റിലെ ജീവിത വിശദാംശങ്ങളുടെ കലാസൗന്ദര്യം സംയോജിപ്പിച്ച് പ്രാദേശിക പരിസ്ഥിതിയുടെ അതുല്യമായ സ്വഭാവവും സമ്പന്നമായ സാംസ്കാരിക പൈതൃകവും പ്രതിഫലിപ്പിക്കുന്ന നൂതനമായ ദൃശ്യ വിവരണം അവതരിപ്പിക്കാനുള്ള കഴിവാണ് വിജയികളായ കൃതികളെ വ്യത്യസ്തരാക്കുന്നതെന്ന് അവാർഡ് സംഘാടക സമിതി ചെയർമാൻ അഹമ്മദ് അൽ കാബി പറഞ്ഞു.
അവാർഡിന്‍റെ ഉദ്ഘാടന പതിപ്പിനോടനുബന്ധിച്ച് രണ്ട് പരിശീലന വർക്ക്ഷോപ്പുകൾ സംഘടിപ്പിച്ചിരുന്നു. ‘എ ഫോട്ടോഗ്രാഫിക് വാക്ക് ഇൻ അജ്മാൻ’ എന്ന ആദ്യ പരിപാടി അജ്മാൻ യൂത്ത് കൗൺസിലുമായി സഹകരിച്ചാണ് നടത്തിയത്. രണ്ടാമത്തേത് ‘ഡിസ്കവർ അജ്മാൻ’ എന്ന പരിപാടി ദുബൈയിലെ നിക്കോൺ സ്കൂളുമായി സഹകരിച്ചാണ് നടത്തിയത്. ഫോട്ടോഗ്രാഫിയിലെ വളർന്നുവരുന്ന പ്രതിഭകളെ പിന്തുണയ്ക്കുക, ഫോട്ടോഗ്രാഫർമാരെ അവരുടെ കലാപരമായ ദർശനങ്ങൾ പ്രകടിപ്പിക്കാൻ പ്രോത്സാഹിപ്പിക്കുക, ഫോട്ടോഗ്രാഫിയിലൂടെ അജ്മാന്‍റെ ഭൂപ്രദേശങ്ങൾ, വാസ്തുവിദ്യ, സാംസ്കാരിക, പരിസ്ഥിതി സൗന്ദര്യം എന്നിവ പ്രദർശിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടായിരുന്നു അവാർഡ് ഒരുക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

