പ്രവാസികളെ ലക്ഷ്യമിട്ട് ഇന്ത്യൻ ആദായനികുതി വകുപ്പ്
text_fieldsദുബൈ: വിദേശത്ത് ആസ്തിയുള്ള ഇന്ത്യക്കാരായ പ്രവാസികളെ ലക്ഷ്യമിട്ട് കേന്ദ്ര ആദായനികുതി വകുപ്പ് (സി.ബി.ഡി.ടി). വിദേശത്ത് വെളിപ്പെടുത്താത്ത ആസ്ഥിതിയുള്ളവരും സാമ്പത്തിക അക്കൗണ്ടുകൾ നിലനിർത്തുന്നവരും ഡിസംബർ 31നകം നികുതി റിട്ടേൺ ഫയൽ ചെയ്യണമെന്ന മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് സി.ബി.ഡി.ടി എസ്.എം.എസ്, ഇമെയിൽ വഴിയാണ് കഴിഞ്ഞ ദിവസങ്ങളിൽ പ്രവാസികൾക്ക് റിട്ടേൺ ഫയൽ ചെയ്യണമെന്ന ഓർമപ്പെടുത്തൽ സന്ദേശം ലഭിച്ചത്.
ഡിസംബർ ഒന്നിനകം നികുതി റിട്ടേൺ ഫയൽ ചെയ്തില്ലെങ്കിൽ കനത്ത പിഴ ഒടുക്കേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്. റിപ്പോർട്ട് ചെയ്യാത്ത ആസ്തികൾക്ക് 10 ലക്ഷം രൂപ പിഴ, 30 ശതമാനം നികുതി, നികുതി കുടിശ്ശികയുടെ 300 ശതമാനം എന്നിവയാണ് ഈടാക്കുക.നികുതിദായകരെ അവരുടെ വിദേശ ആസ്തികളും വരുമാനവും സ്വയം വിലയിരുത്താനും കൃത്യമായി റിപ്പോർട്ട് ചെയ്യാനും പ്രോത്സാഹിപ്പിക്കുന്നതിനായി ആദായനികുതി വകുപ്പ് രൂപകൽപന ചെയ്ത ‘നഡ്ജ്’ സംരംഭത്തിന്റെ രണ്ടാം ഘട്ടത്തിനാണ് സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സ് (സി.ബി.ഡി.ടി) തുടക്കമിട്ടിരിക്കുന്നത്. ‘നഡ്ജ്’ കാമ്പയിനിന്റെ ആദ്യ ഘട്ടം 2024 നവംബർ 17ന് ആരംഭിച്ചിരുന്നു. ആദ്യ ഘട്ട കാമ്പയിൻ വഴി 24,678 നികുതിദായകർ അവരുടെ നികുതി റിട്ടേണുകൾ പുനഃപരിശോധിച്ചുവെന്നാണ് സി.ബി.ഡി.ടി വ്യക്തമായിട്ടുള്ളത്. അതുപ്രകാരം കഴിഞ്ഞ വർഷം വെളിപ്പെടുത്തിയ വിദേശ ആസ്തികൾ 29,208 കോടി രൂപയും വിദേശ സ്രോതസ്സുകളിൽനിന്നുള്ള വരുമാനം 1,089.88 കോടി രൂപയുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

