ഇന്ത്യൻ വിദേശകാര്യമന്ത്രി അബൂദബിയിൽ
text_fieldsവിദേശകാര്യമന്ത്രി എസ്. ജയശങ്കർ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തുന്നു
അബൂദബി: ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ അബൂദബിയിലെത്തി. യു.എ.ഇ വൈസ് പ്രസിഡന്റ് ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. വിവിധ മേഖലകളിൽ സഹകരണം ശക്തമാക്കാൻ ലക്ഷ്യമിട്ടായിരുന്നു ചർച്ചയെന്ന് വിദേശകാര്യമന്ത്രി പറഞ്ഞു.
അബൂദബിയിലെ ഖസർ അൽ വതൻ കൊട്ടാരത്തിലാണ് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ, യു.എ.ഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹിയാനുമായി കൂടിക്കാഴ്ച നടത്തിയത്. സാമ്പത്തികം, പ്രതിരോധം എന്നീ മേഖലകളിൽ ഇന്ത്യയും യു.എ.ഇയും തമ്മിലെ സഹകരണം കൂടുതൽ ശക്തമാക്കുന്നത് സംബന്ധിച്ചായിരുന്നു ചർച്ചയെന്ന് എസ്. ജയശങ്കർ പിന്നീട് എക്സിൽ കുറിച്ചു. ചർച്ചകൾ ഏറെ ക്രിയാത്മകമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
മന്ത്രി പിന്നീട് അബൂദബിയിലെ നിക്ഷേപക സ്ഥാപനമായ മുബാദല ഇൻവെസ്റ്റ്മെന്റ്സ് കമ്പനി സി.ഇ.ഒ ഖൽദൂൻ ഖലീഫ അൽ മുബാറക്കുമായി കൂടിക്കാഴ്ച നടത്തി. ആഗോള സാമ്പത്തിക ചലനങ്ങളെക്കുറിച്ച സംഭാഷണത്തിൽ ഇന്ത്യയുമായുള്ള സഹകരണം കൂടുതൽ ഊർജിതമാക്കേണ്ടതിന്റെ ആവശ്യകത ചർച്ചയായതായി മന്ത്രി പറഞ്ഞു.സാമ്പത്തിക സഹകരണം ശക്തമാക്കേണ്ട മേഖലകൾ അവതരിപ്പിച്ചതിന് എസ്. ജയശങ്കർ സി.ഇ.ഒക്ക് നന്ദി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

