ഇന്ത്യൻ പ്രവാസികൾ കൂടുതൽ യു.എ.ഇയിൽ; എണ്ണം 35.5 ലക്ഷം
text_fieldsദുബൈ: ഇന്ത്യയിൽ നിന്ന് ജോലി തേടിപ്പോകുന്ന പ്രവാസികൾ ഏറ്റവും കൂടുതലെത്തുന്നത് യു.എ.ഇയിൽ. കേന്ദ്ര വിദേശകാര്യ സഹമന്ത്രി കിർത്തി വർധൻ സിങ് പാർലമെന്‍റിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഗൾഫ് രാജ്യങ്ങളിൽ ആകെ ജീവിക്കുന്ന പ്രവാസികളുടെ എണ്ണം 90 ലക്ഷം കടന്നിട്ടുണ്ട്. ഇവിടങ്ങളിൽ വ്യത്യസ്തമായ മേഖലകളിൽ ഇന്ത്യക്കാർ ജോലി ചെയ്തുവരുന്നുണ്ട്. സാമ്പത്തികകാര്യം, ആരോഗ്യം, വിവര സാങ്കേതികവിദ്യ, എൻജിനീയറിങ്, ബാങ്കിങ് എന്നിവയിൽ തുടങ്ങി സാധാരണ ബ്ലൂകോളർ തൊഴിൽ മേഖലയായ ശുചീകരണം, വീട്ടുജോലി, ഇലക്ട്രീഷ്യൻസ്, പ്ലംബർമാർ എന്നിങ്ങനെയുള്ള വൈവിധ്യമാർന്ന എല്ലാ രംഗങ്ങളിലും പ്രവാസി സാന്നിധ്യം ശക്തമാണെന്നും മന്ത്രി വ്യക്തമാക്കി. ലോക്സഭയിൽ പാർലമെന്‍റ് അംഗങ്ങളുടെ ചോദ്യത്തിന് മറുപടിയായാണിത് അദ്ദേഹം പങ്കുവെച്ചത്.
ഗൾഫ് മേഖലയിൽ യു.എ.ഇ കഴിഞ്ഞാൽ ഇന്ത്യക്കാരുടെ ജനപ്രിയ രാജ്യം സൗദി അറേബ്യയാണ്. ഇവിടെ 26.4 ലക്ഷം പ്രവാസികളാണ് താമസിക്കുന്നത്. കുവൈത്തിൽ 10 ലക്ഷം ഇന്ത്യക്കാരാണുള്ളത്. മറ്റു രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ എണ്ണം ഇതിന് താഴെയാണ്. ഈ വർഷം ജൂൺ 30 വരെ 1.8 ലക്ഷം പൗരന്മാർക്ക് വിദേശ ജോലിക്കായി ഇന്ത്യ ഇമിഗ്രേഷൻ ക്ലിയറൻസ് നൽകിയിട്ടുണ്ട്. 2023ൽ 3.98 ലക്ഷം പേർക്കാണ് ആകെ ഇമിഗ്രേഷൻ ക്ലിയറൻസ് നൽകിയിരുന്നത്. പത്താം ക്ലാസിൽ താഴെയുള്ള വിദ്യാഭ്യാസ യോഗ്യതയുള്ള ഇന്ത്യക്കാർക്കാണ് സർക്കാറിൽ നിന്നുള്ള ഇമിഗ്രേഷൻ ക്ലിയറൻസ് ആവശ്യമായിട്ടുള്ളത്. നഴ്‌സുമാർ അടക്കമുള്ള ചില തൊഴിലുകൾക്കും വിദേശത്ത് ജോലി ചെയ്യാൻ ക്ലിയറൻസ് ആവശ്യമാണ്.
ലോകത്ത് ഏറ്റവും കൂടുതൽ പ്രവാസികളെ സംഭാവന ചെയ്യുന്ന രാജ്യം ഇന്ത്യയാണ്. 2020 ലെ ഐക്യരാഷ്ട്ര സഭയുടെ കണക്കനുസരിച്ച് 1.8 കോടി ഇന്ത്യക്കാർ ജന്മനാടിന് പുറത്ത് താമസിക്കുന്നുണ്ട്. ചില രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾ ഒരു രാജ്യത്ത് അല്ലെങ്കിൽ ഏതെങ്കിലും പ്രദേശത്ത് കേന്ദ്രീകരിക്കുമ്പോൾ ഇന്ത്യൻ പ്രവാസികൾ എല്ലാ ഭൂഖണ്ഡങ്ങളിലും പ്രദേശങ്ങളിലുമുണ്ടെന്നും യു.എൻ നിരീക്ഷിച്ചിട്ടുണ്ട്.
ഗൾഫിന് പുറമെ, അമേരിക്ക, ആസ്‌ട്രേലിയ, യു.കെ എന്നിങ്ങനെ പടിഞ്ഞാറൻ രാജ്യങ്ങളിലും ഇന്ത്യക്കാർ സജീവമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

