വിമാന യാത്ര മുടങ്ങിയവർക്ക് സഹായ ഹസ്തം നീട്ടി ദുബൈ ഇന്ത്യൻ കോൺസുലേറ്റ്
text_fieldsദുബൈ: വ്യോമപാത അടച്ചത് മൂലം യു.എ.ഇയിൽ കുടുങ്ങിയ ഇന്ത്യക്കാർക്ക് സാധ്യമായ എല്ലാ സഹായങ്ങളും ചെയ്യുമെന്ന് ദുബൈ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു. ഇതിനായി വിമാന കമ്പനികൾ, യു.എ.ഇയിലെ പ്രാദേശിക അതോറിറ്റികൾ, കമ്യൂണിറ്റി അംഗങ്ങൾ തുടങ്ങിയവരുമായി ചേർന്ന് പ്രവർത്തിച്ചുവരികയാണെന്ന് ദുബൈ ഇന്ത്യൻ കോൺസുലേറ്റ് എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവെച്ച സന്ദേശത്തിൽ വ്യക്തമാക്കി.
വിമാന സർവിസ് റദ്ദാക്കിയത് മൂലം മൂന്ന് പൂണെ സ്വദേശികൾ ദുബൈയിൽ കുടുങ്ങിക്കിടക്കുകയാണെന്നും ഇവർ അടിയന്തര സഹായം തേടുന്നതായും ചൂണ്ടിക്കാട്ടി മഹാരാഷ്ട്രയിൽ നിന്നുള്ള പാർലമെന്‍റ് അംഗവും നാഷനലിസ്റ്റ് കോൺഗ്രസ് പാർട്ടി നേതാവുമായ സുപ്രിയ സുലെ എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവെച്ച സന്ദേശത്തോട് പ്രതികരിക്കവെയാണ് ദുബൈ കോൺസുലേറ്റ് അധികൃതർ ഇക്കാര്യം വ്യക്തമാക്കിയത്.
ദുബൈയിൽ കുടുങ്ങിയവരെ എത്രയും വേഗത്തിൽ ഇന്ത്യയിലേക്ക് മടക്കിയെത്തിക്കാൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, ദുബൈ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ, വിദേശകാര്യ മന്ത്രാലയം എന്നിവർ ഇടപെടണമെന്നാണ് എക്സിലെ പോസ്റ്റിൽ സുലെ ആവശ്യപ്പെട്ടിരുന്നത്. യു.എ.ഇ വ്യോമപാത അടച്ചതോടെ നിരവധി ഇന്ത്യക്കാർക്ക് യാത്ര ചെയ്യാനായിട്ടില്ല. ഇവർക്ക് മറ്റൊരു ദിവസത്തേക്ക് ടിക്കറ്റ് ബുക്ക് ചെയ്യാനാണ് അധികൃതർ നൽകിയ നിർദേശം. എന്നാൽ, യാത്ര മുടങ്ങി രാജ്യത്ത് കുടുങ്ങിയവർക്ക് ഭക്ഷണവും താമസവും ഉൾപ്പെടെ എല്ലാവിധ സഹായങ്ങളും യു.എ.ഇ അധികൃതർ ഒരുക്കുന്നുണ്ട്.
സംഘർഷ സാഹചര്യത്തിൽ അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് ഇന്ത്യൻ പ്രവാസികളോട് അബൂദബിയിലെ ഇന്ത്യൻ എംബസി കർശന നിർദേശം നൽകിയിരുന്നു. കൂടുതൽ ജാഗ്രത പുലർത്തണമെന്നും യു.എ.ഇ അതോറിറ്റികൾ പുറപ്പെടുവിക്കുന്ന സുരക്ഷ മാർഗ നിർദേശങ്ങൾ പാലിക്കണമെന്നും എംബസി വ്യക്തമാക്കിയിരുന്നു. എംബസിയുടെ പ്രവർത്തനങ്ങൾ സാധാരണ നിലയിലാണെന്നും ആവശ്യമെങ്കിൽ കൂടുതൽ വിവരങ്ങൾ യഥാസമയം പുറത്തുവിടും. വ്യാജ വാർത്തകളിലും കിംവദന്തികളിലും ഇരയാകരുത്.
ശരിയായ വിവരങ്ങൾ എംബസിയുടെ ഔദ്യോഗിക വെബ്സൈറ്റുകളും വാർത്ത വിനിമയ സംവിധാനങ്ങളും ആശ്രയിക്കണമെന്നും എംബസി പ്രവാസി ഇന്ത്യക്കാരോട് അഭ്യർഥിച്ചു. വിമാനങ്ങൾ സർവിസ് റദ്ദാക്കിയതോടെ നിരവധി ഇന്ത്യക്കാർ ദുബൈ വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുന്നതായി ഇന്ത്യൻ ന്യൂസ് ഏജൻസി റിപോർട്ട് ചെയ്തിരുന്നു.
photo: Indian consulate
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

