ദുബൈയിലേക്കൊഴുകി ഇന്ത്യൻ കമ്പനികൾ
text_fieldsദുബൈ: ഇന്ത്യയിൽ നിന്ന് കൂടുതൽ ബിസിനസ് സ്ഥാപനങ്ങൾ ദുബൈയിലേക്ക്. നടപ്പു സാമ്പത്തിക വർഷം ആദ്യ പാദത്തിൽ ദുബൈ ചേംബർ ഓഫ് കൊമേഴ്സിൽ രജിസ്റ്റർ ചെയ്തത് 4543 ഇന്ത്യൻ കമ്പനികൾ. പട്ടികയിൽ പാകിസ്താനാണ് രണ്ടാം സ്ഥാനത്ത്. പാകിസ്താനിൽ 2154 പുതിയ കമ്പനികൾ ദുബൈ ചേംബർ ഓഫ് കൊമേഴ്സിൽ അംഗങ്ങളായി. 1362 കമ്പനികളുമായി ഈജിപ്ഷ്യൻ കമ്പനികളാണ് പട്ടികയിൽ മൂന്നാം സ്ഥാനത്ത്.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ബംഗ്ലാദേശിൽ നിന്ന് ദുബൈയിലെത്തുന്ന കമ്പനികളുടെ എണ്ണത്തിൽ 28.5 ശതമാനത്തിന്‍റെ വളർച്ച രേഖപ്പെടുത്തി. കഴിഞ്ഞ മൂന്നു മാസത്തിനിടെ 817 പുതിയ കമ്പനികളാണ് ചേംബറിൽ അംഗങ്ങളായത്.
അതിനിടെ 678 പുതിയ കമ്പനികളുമായി യു.കെ പട്ടികയിൽ അഞ്ചാം സ്ഥാനത്തെത്തി. 462 കമ്പനികളുമായി സിറിയ ആറാം സ്ഥാനത്തും 350 കമ്പനികളുമായി ജോർഡൻ ഏഴാം സ്ഥാനത്തുമാണ്. ചൈനയിൽ നിന്ന് 347 കമ്പനികളും തുർക്കിയിൽ നിന്ന് 329 കമ്പനികളും ഇറാക്കിൽ നിന്ന് 303 പുതിയ കമ്പനികളും ഈ വർഷം ആദ്യ പാദത്തിൽ ദുബൈയിലെത്തിയതായി ദുബൈ ചേംബർ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.
പുതുതായി രജിസ്റ്റർ ചെയ്ത കമ്പനികളിൽ 36.2 ശതമാനവും മൊത്ത, ചില്ലറ വ്യാപാര മേഖലയാണ്. 35.4 ശതമാനം കമ്പനികൾ റിയൽ എസ്റ്റേറ്റ്, റെന്‍റിങ് ആൻഡ് ബിസിനസ് സർവിസ് മേഖലയിൽ നിന്നാണ്. നിർമാണ മേഖലയിൽ നിന്നാണ് 16.7 ശതമാനം കമ്പനികൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
7.7 ശതമാനം കമ്പനികൾ സോഷ്യൽ ആൻഡ് പേഴ്സണൽ സർവിസസ് മേഖലയിൽ നിന്നും 7.5 ശതമാനം ട്രാൻസ്പോർട്ട്, സ്റ്റേറേജ്, കമ്യൂണിക്കേഷൻസ് മേഖലകളിൽ നിന്നാണ്. ദുബൈ ചേംബേഴ്സിന് കീഴിൽ പ്രവർത്തിക്കുന്ന മൂന്ന് ചേംബറുകളിൽ ഒന്നാണ് ദുബൈ ചേംബർ ഓഫ് കൊമേഴ്സ്. 2024ൽ ദുബൈ ചേംബർ ഓഫ് കൊമേഴ്സ് 70,500 പുതിയ കമ്പനികളാണ് രജിസ്റ്റർ ചെയ്തത്. ആഗോള നിക്ഷേപ ഹബായി ദുബൈയുടെ സ്ഥാനം ഉറപ്പിക്കുന്നതാണ് ഈ കണക്കുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

