ഇന്ത്യൻ അസോസിയേഷൻ ക്രിസ്മസ് ആഘോഷിച്ചു
text_fieldsഇന്ത്യൻ അസോസിയേഷൻ സംഘടിപ്പിച്ച ക്രിസ്മസ് ആഘോഷത്തിലെ ദൃശ്യം
ഷാർജ: കലാ-സാംസ്കാരിക പരിപാടികളിലൂടെ സാമൂഹിക ബന്ധങ്ങൾ വളർത്തിയെടുക്കുന്നതിന്റെ ഭാഗമായി ഇന്ത്യൻ അസോസിയേഷൻ ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു. ഞായറാഴ്ച ഐ.എ.എസ് കമ്യൂണിറ്റി ഹാളിൽ നടന്ന പൊതുയോഗത്തോടെയും ഉദ്ഘാടനത്തോടെയും ആഘോഷങ്ങൾ ആരംഭിച്ചു. ദുബൈ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ഓഫിസിലെ ഡെപ്യൂട്ടി കോൺസൽ ജനറൽ യതിൻ പട്ടേൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സി.എസ്.ഐ-പാരിഷ് റെവ. സുനിൽരാജ് ഫിലിപ്പ് മുഖ്യാതിഥിയായിരുന്നു.
ക്രിസ്മസ് ട്രീ ഡെക്കറേഷൻ മത്സരം, കേക്ക് ഡെക്കറേഷൻ മത്സരം, വിവിധ ഗ്രൂപ്പുകളുടെയും പള്ളികളുടെയും കരോൾ ഗാന അവതരണം, മറ്റു കലാ സാംസ്കാരിക പരിപാടികൾ എന്നിവ അരങ്ങേറി. ക്രിസ്മസ് ട്രീ ഡെക്കറേഷൻ മത്സരത്തിൽ ‘ടീം ഒണ്ടാറിയോ’ ഒന്നാം സ്ഥാനവും മാസ് - ഷാർജ രണ്ടാം സ്ഥാനവും എമിറേറ്റ്സ് മലയാളി അസോസിയേഷൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഐ.എ.എസ് പ്രസിഡന്റ് നിസാർ തളങ്കര അധ്യക്ഷ പ്രസംഗം നടത്തി. ജനറൽ സെക്രട്ടറി ശ്രീപ്രകാശ് സ്വാഗതവും ട്രഷറർ ഷാജി ജോൺ നന്ദിയും പറഞ്ഞു.

