ബോണി ജൂനിയർ അവാർഡ് പ്രഖ്യാപിച്ചു; ‘ദി സ്പ്ലിറ്റ്’ മികച്ച ചിത്രം
text_fieldsബോണി ജൂനിയർ അവാർഡിന്റെ പ്രഖ്യാപന ചടങ്ങ്
ഉമ്മുൽ ഖുവൈൻ: ഇന്ത്യൻ അസോസിയേഷൻ ഉമ്മുൽ ഖുവൈൻ ആർട്സ് വിങ്ങിന്റെ ആഭിമുഖ്യത്തിൽ ബോണി ജൂനിയർ അവാർഡിനായി നടത്തിയ ഇന്ത്യൻ ഇന്റർനാഷനൽ ഹ്രസ്വചലച്ചിത്ര ഫെസ്റ്റ് (ഇനിം) വിജയികളെ പ്രഖ്യാപിച്ചു.
‘ദി സ്പ്ലിറ്റ്’ ആണ് മികച്ച ചിത്രം. ഡംപ് യാർഡ്, തുണൈ, വസുമതി, ജീവി എന്നീ ഹ്രസ്വചിത്രങ്ങൾ യഥാക്രമം രണ്ട് മുതൽ അഞ്ചു വരെയുള്ള സ്ഥാനങ്ങൾ കരസ്ഥമാക്കി.
മികച്ച സംവിധായകൻ അലൻ ഇഷാൻ (ദി സ്പ്ലിറ്റ്), മികച്ച തിരക്കഥാകൃത്ത് അലൻ ഇഷാൻ (ദി സ്പ്ലിറ്റ്), മികച്ച നടൻ കിഷോർ റോഷിക് (ഓപ്പോണന്റ്), മികച്ച നടി വർഷ സൂസന്ന കുര്യൻ (ദി സ്പ്ലിറ്റ്), മികച്ച എഡിറ്റിങ് അർജുൻ സാൻ (ജീവി), മികച്ച സംഗീതം പ്രണവ് അയ്യങ്കാർ (ലക്ഷ്മി), മികച്ച ഛായാഗ്രഹണം നിബിൻ ജോർജ് (ജീവി), പ്രത്യേക ജൂറി പരാമർശം അമൃത കൃഷ്ണകുമാർ (ഓപ്പോണന്റ്) എന്നിവരാണ് മറ്റു അവാർഡ് ജേതാക്കൾ. ഷോർട്ട് മൂവി അവാർഡിൽ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സമ്മാനത്തുകയുള്ള അവാർഡാണ് ബോണി ജൂനിയർ അവാർഡ്. മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, മറാത്തി, ബംഗാളി, ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകളിൽനിന്നുമുള്ള 114 എൻട്രികളിൽനിന്നും 12 ഷോർട്ട് മൂവികൾ ഗ്രാൻഡ് ജൂറിയുടെ വിലയിരുത്തലിനായി നേരത്തേ തിരഞ്ഞെടുത്തിരുന്നു.
ഇവയിൽ നിന്നാണ് അവാർഡ് ജേതാക്കളെ കണ്ടെത്തിയത്. ഏപ്രിൽ ആറിന് വൈകീട്ട് നടന്ന ഗ്രാൻഡ് അവാർഡ് ചടങ്ങിൽ പ്രശസ്ത സംവിധായകൻ മെക്കാർട്ടിൻ അധ്യക്ഷനായ ജൂറിയാണ് അവാർഡുകൾ പ്രഖ്യാപിച്ചത്. പ്രശസ്ത ചലച്ചിത്ര സംവിധായകരായ എം. പത്മകുമാർ, സോഹൻ സീനുലാൽ, സുഗീത്, പ്രശസ്ത ഡിസൈൻ ആർട്ടിസ്റ്റ് കോളിൻ ലിയോഫിൽ, ഇനിം പ്രാഥമിക ജൂറി ചെയർമാൻ സജാദ് നാട്ടിക, ഇനിം ബോർഡ് ഡയറക്ടർ ബോണി ജെ. സീനിയർ എന്നിവരടങ്ങിയതായിരുന്നു ഇനിം ഫെസ്റ്റ് ഗ്രാൻഡ് ജൂറി.
ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് സജാദ് നാട്ടിക, സെക്രട്ടറി രാജീവ് എസ്, ഇനിയ, എൻ.ടി.വി ചെയർമാൻ മാത്തുക്കുട്ടി കടോൺ, ആർട്സ് വിങ് കോഓഡിനേറ്റർ സി.കെ. നസീർ, ഇനിം ബോർഡ് ഡയറക്ടർ ബോണി ജെ. സീനിയർ, ജൂറി അംഗങ്ങൾ, ഐ.എ.യു മാനേജിങ് കമ്മിറ്റി അംഗങ്ങൾ എന്നിവർ വിജയികൾക്കുള്ള അവാർഡുകൾ വിതരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

