ഇന്ത്യൻ അസോസിയേഷൻ ഷാർജ ഓണാഘോഷം ഇന്ന്
text_fieldsഷാർജ: ഇന്ത്യൻ അസോസിയേഷൻ ഷാർജ (ഐ.എ.എസ്) സംഘടിപ്പിക്കുന്ന ഓണാഘോഷം ഇന്ന് ഷാർജ എക്സ്പോ സെന്ററിൽ നടക്കും. പരിപാടികൾക്കായി എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ഭാരവാഹികൾ വാർത്താക്കുറിപ്പിൽ അറിയിച്ചു. ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ വിപുലമായാണ് അരങ്ങേറുക.
ആഘോഷത്തിന്റെ ഭാഗമായി ഇത്തവണ 25000ത്തോളം പേർക്കുള്ള ഓണസദ്യയാണ് ഒരുക്കുന്നത്. രാവിലെ 11 മുതൽ മൂന്നുവരെയാണ് സദ്യയുടെ സമയം. 5000 പേർക്ക് ഒരേസമയം ഭക്ഷണം കഴിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. പാസ് മൂലമാണ് പ്രവേശനം.
ഞായറാഴ്ച രാവിലെ ഒമ്പതിന് ആരംഭിക്കുന്ന ഉദ്ഘാടന ചടങ്ങോടെ ആഘോഷങ്ങൾക്ക് തുടക്കമാകും. ദുബൈ ഇന്ത്യൻ കോൺസൽ ജനറൽ സതീഷ് കുമാർ ശിവൻ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. സംസ്ഥാന വ്യവസായ മന്ത്രി പി.രാജീവ് മുഖ്യാതിഥി ആയിരിക്കും.
ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ജനറൽ സെക്രട്ടറി ശ്രീപ്രകാശ് സ്വാഗതവും ട്രഷറർ ഷാജി ജോൺ നന്ദിയും പറയും.
കേരളത്തിന്റെ സമ്പന്നമായ കലാരൂപങ്ങൾ പ്രദർശിപ്പിച്ചുകൊണ്ടുള്ള വിപുലമായ സാംസ്കാരിക ഘോഷയാത്ര ഓണാഘോഷങ്ങൾക്ക് മാറ്റുകൂട്ടും. ആന, പഞ്ചാരിമേളം, ശിങ്കാരിമേളം, കഥകളി, പുലികളി, തെയ്യം, കളരിപ്പയറ്റ് എന്നിവയുൾപ്പെടെയുള്ള നിരവധി കലാരൂപങ്ങൾ ഘോഷയാത്രയിൽ അണിനിരക്കും.
അൽ ഇബ്തിസാമ സ്പെഷൽ നീഡ് സ്കൂളിലെ കുട്ടികൾ അവതരിപ്പിക്കുന്ന വൈവിധ്യമാർന്ന കലാപരിപാടികളോടെയാകും സാംസ്കാരിക പരിപാടികൾക്ക് തുടക്കമാവുക. ആഘോഷങ്ങളുടെ ഭാഗമായി വിവിധ എമിറേറ്റുകളിലെ അസോസിയേഷനുകളിൽനിന്നുള്ളവർ പങ്കെടുക്കുന്ന പൂക്കള മത്സരവും ഉണ്ടായിരിക്കും.
പ്രശസ്ത ബാൻഡായ പ്രോജക്ട് മലബാറിക്കസ് അവതരിപ്പിക്കുന്ന സംഗീതവിരുന്നും അരങ്ങേറും. വിവിധ സംഘടനകളുടെ നൃത്ത പരിപാടികളും മറ്റു കലാവിരുന്നുകളും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

