നാവിക മേഖലയിൽ സഹകരണം ശക്തമാക്കാൻ ഇന്ത്യയും യു.എ.ഇയും
text_fieldsദുബൈ റാശിദ് തുറമുഖത്തെത്തിയ ഇന്ത്യൻ നേവിയുടെ പടക്കപ്പൽ
ദുബൈ: നാവിക മേഖലയിൽ സഹകരണം ശക്തിപ്പെടുത്താൻ യു.എ.ഇയുടെയും ഇന്ത്യയുടെയും നാവിക സേനകൾ തമ്മിൽ ധാരണ. ഇന്ത്യ-യു.എ.ഇ സംയുക്ത നാവികാഭ്യാസത്തിന്റെ ഭാഗമായി ഉന്നത ഉദ്യോഗസ്ഥർ നടത്തിയ കൂടിക്കാഴ്ചയിലാണ് ധാരണയിലെത്തിയത്. നാവികാഭ്യാസത്തിൽ പങ്കെടുക്കുന്നതിന് ഇന്ത്യൻ നേവിയുടെ രണ്ട് പ്രധാന കപ്പലുകൾ ദുബൈയിലെ റാശിദ് തുറമുഖത്തെത്തിയിരുന്നു.
ഐ.എൻ.എസ് വിശാഖപട്ടണം, ഐ.എൻ.എസ് ത്രികാന്ത് എന്നിവയാണ് അഭ്യാസത്തിൽ പങ്കെടുത്തത്. നാവികാഭ്യാസത്തിന്റെ ഭാഗമായി ഇന്ത്യൻ നാവികസേനയുടെ റിയർ അഡ്മിറൽ വിനീത് മക്കർത്തി, യു.എ.ഇ ബ്രിഗേഡിയർ അബ്ദുല്ല ഫർജ് അൽ മഹ്റബിയുമായി കൂടിക്കാഴ്ച നടത്തി.
കടൽ മാർഗമുള്ള കള്ളക്കടത്ത്, മനുഷ്യക്കടത്ത് എന്നിവ തടയാനും സമുദ്ര മേഖലയിലെ ഭീഷണികൾ ഒന്നിച്ചു നേരിടാനും സഹകരിക്കാൻ സേനകൾ ധാരണയിലെത്തി. രക്ഷാപ്രവർത്തനം, മാനുഷിക സഹായം എന്നിവയിലും പരസ്പര സഹകരണം ഉറപ്പാക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി പരസ്പരം ആശയവിനിമയവും മികച്ചതാക്കാൻ സേന മേധാവികൾ നിർദേശിച്ചു.
ഇരുരാജ്യങ്ങളും തമ്മിലെ സമഗ്ര പങ്കാളിത്തത്തിന്റെ അടിസ്ഥാനത്തിൽ പ്രതിരോധ രംഗത്ത് വളർന്നുവരുന്ന സഹകരണത്തിന്റെ തെളിവാണ് നേവി കപ്പലുകളുടെ നാവികാഭ്യാസത്തിലെ പങ്കാളിത്തമെന്ന് യു.എ.ഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു. ഐ.എൻ.എസ് വിശാഖപട്ടണം, ഐ.എൻ.എസ് ത്രികാന്ത് എന്നീ പടക്കപ്പലുകൾ പങ്കെടുത്ത നാവികാഭ്യാസം വെള്ളിയാഴ്ച സമാപിച്ചിട്ടുണ്ട്. ഇരു നാവിക സേനകൾക്കും ഇടയിലെ ബന്ധം ശക്തമാക്കാനും യുദ്ധതന്ത്രങ്ങളുടെയും സാങ്കേതിക മികവുകളുടെയും വിനിമയവും ലക്ഷ്യമിട്ടാണ് സംയുക്ത അഭ്യാസം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

