ഇന്ത്യന്‍ സ്ഥാനപതി സഞ്ജയ് സുധീര്‍ മടങ്ങുന്നു
text_fieldsസഞ്ജയ് സുധീര്‍
ദുബൈ: യു.എ.ഇയിലെ ഇന്ത്യന്‍ സ്ഥാനപതി സഞ്ജയ് സുധീര്‍ നാലുവര്‍ഷത്തെ ഔദ്യോഗിക സേവന കാലാവധി പൂര്‍ത്തിയാക്കി മടങ്ങുന്നു. ഇന്ത്യ-യു.എ.ഇ ബന്ധത്തിന്റെ ഇഴയടുപ്പം വര്‍ധിപ്പിക്കുന്ന നിരവധി ഇടപെടലുകള്‍ക്ക് പിന്നിലെ പ്രേരകശക്തിയായിരുന്നു. രാഷ്ട്ര നേതാക്കളുടെ ദീര്‍ഘവീക്ഷണവും പുതിയ ഉയരങ്ങള്‍ കീഴടക്കാനുള്ള നിരന്തരമായ ആഗ്രഹവുമാണ് ഇന്ത്യ-യു.എ.ഇ പങ്കാളിത്തത്തിന്റെ അടിത്തറയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഉഭയകക്ഷി ബന്ധത്തിന്റെ നിരവധി മേഖലകളില്‍ നേട്ടങ്ങള്‍ കൈവരിക്കുന്നതിന് ഇത് സഹായകമായി.
2022ല്‍ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ (സെപ) ഒപ്പുവെച്ചതും 2024ല്‍ ഉഭയകക്ഷി നിക്ഷേപ ഉടമ്പടി നിലവില്‍വന്നതും സഞ്ജയ് സുധീര്‍ അംബാസഡറായി ഇരിക്കുമ്പോഴാണ്. ഇത് ഇരു രാജ്യങ്ങളെയും വിശ്വസ്ത സാമ്പത്തിക പങ്കാളികളാക്കി മാറ്റി. വിദ്യാഭ്യാസ-വൈജ്ഞാനിക പങ്കാളിത്തത്തിന്റെ കാര്യത്തില്‍, ഐ.ഐ.ടി ഡല്‍ഹിയുടെ ആദ്യത്തെ വിദേശ കാമ്പസ് അബൂദബിയിലും ഐ.ഐ.എം അഹ്മദാബാദിന്റേത് ദുബൈയിലും ആരംഭിച്ചു. ഒബ്സര്‍വേഴ്സ് റിസര്‍ച്ച് ഫൗണ്ടേഷന് (ഒ.ആര്.എഫ്) എന്ന തിങ്ക് ടാങ്കും ദുബൈയില്‍ ഓഫിസ് തുടങ്ങി. ഡിജിറ്റല്‍ രംഗത്ത്, ഇന്ത്യയുടെ യു.പി.ഐ, യു.എ.ഇയുടെ ആനി പ്ലാറ്റ്ഫോമുമായി സംയോജിപ്പിച്ചു. അതേസമയം, ഇന്ത്യയുടെ റൂപേ മാതൃകയില്‍ യു.എ.ഇ ജയ്വാന് കാര്‍ഡ് പുറത്തിറക്കി. വ്യാപാര അടിസ്ഥാന സൗകര്യ വികസനത്തിനായി, ദുബൈയില്‍ ഭാരത് മാര്ട്ടിന് തറക്കല്ലിട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത അബൂദബിയിലെ ബാപ്സ് ഹിന്ദു മന്ദിര്‍, സ്ഥാനപതി എന്ന നിലയില്‍ അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം മറ്റൊരു നേട്ടംകൂടിയാണ്.
വ്യാപാരം, സംസ്കാരം, ഊർജം തുടങ്ങിയ പരമ്പരാഗത മേഖലകളോടൊപ്പം, നവീകരണം, നൂതന സാങ്കേതികവിദ്യ, ആണവോര്‍ജം, ജീനോം ഗവേഷണം, നിര്‍ണായക ധാതുക്കള്‍, ഗ്രീന്‍ ഹൈഡ്രജന്‍ തുടങ്ങിയ പുതിയ സഹകരണ മേഖലകളും ഇതില്‍ ഉള്‍പ്പെടുന്നു. ഉഭയകക്ഷി ബന്ധത്തിന് നല്കിയ സംഭാവനകള്‍ക്ക് യു.എ.ഇയിലെ ഏറ്റവും ഉയര്‍ന്ന സിവിലിയന്‍ ബഹുമതികളിലൊന്നായ ഫസ്റ്റ് ക്ലാസ് ഓഡര്‍ ഓഫ് സായിദ് -2 സ്ഥാനപതിയെ തേടിയെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

