ഇന്ത്യ-യു.എ.ഇ ബന്ധം ഏറ്റവും മികച്ചത് -മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ്
text_fieldsസാമൂഹിക വർഷാചരണത്തിന്റെ പ്രചാരണ പരിപാടികളുടെ പോസ്റ്റർ അനാച്ഛാദനം മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് നിർവഹിക്കുന്നു. ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ, ഐ.എസ്.സി ബോർഡ് ചെയർമാൻ എം.എ. യൂസുഫലി തുടങ്ങിയവർ സമീപം
അബൂദബി: ഇന്ത്യയും യു.എ.ഇയും തമ്മിലെ ബന്ധം ഏറ്റവും മികച്ചതാണെന്നും വാണിജ്യ വ്യവസായ രംഗങ്ങളിലുള്ള മികച്ച സൗഹൃദം, ഭാവിതലമുറക്കും കരുത്തേകുന്നതാണെന്നും മുൻരാഷ്ട്രപതി രാംനാഥ് കോവിന്ദ്. യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ പ്രഖ്യാപിച്ച സാമൂഹിക വർഷാചരണ കാമ്പയിന് പിന്തുണയറിയിച്ചുള്ള ഇന്ത്യ സോഷ്യൽ ആൻഡ് കൾച്ചറൽ സെൻറർ അബൂദബിയുടെ പോസ്റ്റർ അനാച്ഛാദനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇയർ ഓഫ് കമ്യൂണിറ്റി പോലുള്ള സംരംഭങ്ങൾ നടപ്പാക്കുന്ന യു.എ.ഇയുടെ നയങ്ങൾ പ്രശംസനീയമെന്ന് മുൻരാഷ്ട്രപതി പറഞ്ഞു. ലോകത്തെ ഏറ്റവും മികച്ച സാമ്പത്തിക ശക്തികളിലൊന്നായി ഇന്ത്യ മാറിയെന്നും രാജ്യത്തിന്റെ വികസനത്തിന് പ്രവാസ സമൂഹം നൽകുന്ന പിന്തുണ എടുത്തുപറയേണ്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി.പ്രവാസികളാണ് ഇന്ത്യയുടെ യഥാർഥ അംബാസഡർമാരെന്നും, സാമൂഹിക സേവനത്തിന് മുൻതൂക്കം നൽകുന്ന ഐ.എസ്.സി ചെയർമാൻ എം.എ. യൂസുഫലിയുടെ പ്രവർത്തനം മാതൃകാപരമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഐ.എസ്.സി ചെയർമാൻ എം.എ. യൂസഫലിയുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. സാമൂഹിക ഉന്നമനത്തിനും സംസ്കാരിക പൈതൃകത്തിനും കരുത്തേകുന്ന യു.എ.ഇയുടെ ഇയർ ഓഫ് കമ്യൂണിറ്റി കാമ്പയിന് കൂടുതൽ പിന്തുണ നൽകുകയാണ് ഇന്ത്യ സോഷ്യൽ ആൻഡ് കൾച്ചറൽ സെൻററെന്നും എം.എ. യൂസുഫലി പറഞ്ഞു. ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ, ഐ.എസ്.സി പ്രസിഡന്റ് ജയ്റാം റായ്, ജനറൽ സെക്രട്ടറി രാജേഷ് ശ്രീധരൻ തുടങ്ങിയവരും ചടങ്ങിന്റെ ഭാഗമായി. വൈവിധ്യമാർന്ന കലാ സാംസ്കാരിക പരിപാടികളും സംഘടിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

